ബജറ്റ് നോക്കിയാലും ട്രിപ്പ് പൊളിക്കാം, ഇതാ പോക്കറ്റ് കാലിയാക്കാതെ യാത്ര ചെയ്യാന്‍ ടിപ്‌സ്
ബജറ്റ് നോക്കി യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ എന്തിന് ചെറിയ സൗകര്യങ്ങളില്‍ ഒതുങ്ങിക്കൂടണം. ഇതാ ചുരുങ്ങിയ ചെലവില്‍ യാത്ര ചെയ്യാന്‍ നിങ്ങള്‍ക്കായി ചില പ്രായോഗിക മാര്‍ഗങ്ങള്‍.
അമര്‍ അക്ബര്‍ ആന്‍ണി എന്ന സിനിമയിലെ ഒരു രംഗം പറഞ്ഞ് കൊണ്ട് ഈ ടിപ്‌സിലേക്ക് കടക്കാം. ഏറെ ആശയോടെ പട്ടായ ടൂര്‍ പോകാന്‍ പണം കൂട്ടിവയ്ക്കുന്ന ചെറുപ്പക്കാരാണ് പൃഥ്വിരാജും ജയസൂര്യയും ഇന്ദ്രജിത്തും. വളരെ ചുരുങ്ങിയ വരുമാനത്തില്‍ ജീവിക്കുന്ന അവര്‍ക്ക് പക്ഷെ ജീവിതത്തില്‍ മറ്റൊരു നീക്കിയിരിപ്പും ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ ജീവിതത്തിന്റെ ഒരു പ്രത്യേക ഘട്ടത്തില്‍ വരുമ്പോള്‍ അവര്‍ക്ക് ആ പണം മുഴുവനായും എടുത്തു ചെലവാക്കേണ്ടതായും വരുന്നു. മറ്റ് സമ്പാദ്യങ്ങളോ എമര്‍ജന്‍സി ഫണ്ടോ ഇല്ലാത്തത് കൊണ്ടാണ് ഇത്തരമൊരു അവസ്ഥ അവര്‍ക്കുണ്ടായത്.
പലരും പറയുന്ന ഒരു ഡയലോഗ് ഉണ്ട്, 'പണം സമ്പാദിച്ചിട്ട് ടൂര്‍ പോകാം എന്ന് കരുതിയാല്‍ യാത്ര ചെയ്യാനേ കഴിയില്ല' എന്ന്. ഒന്നോര്‍ത്താല്‍ അത് വാസ്തവമാണ്. ടൂര്‍ പോകുക എന്നത് ഒരുപാട്‌നാള്‍ കഴിഞ്ഞ്, റിട്ടയര്‍മെന്റില്‍ മാത്രം ചെയ്യേണ്ട കാര്യമല്ല. എന്നുകരുതി റിട്ടയര്‍മെന്റിലേക്ക് പണം കരുതരുത് എന്നല്ല. റിട്ടയര്‍മെന്റ് ലൈഫിലേക്ക് പണം കരുതുന്നതോടൊപ്പം എമര്‍ജന്‍സി ഫണ്ടും വേണം. ഇവിടെയാണ് അമറും അക്ബറും അന്തോണിയുമെല്ലാം കുടുങ്ങിപ്പോയത്. ജീവിതത്തില്‍ അപ്രതീക്ഷിതമായി വരുന്ന പണച്ചെലവുകളെ നേരിടാന്‍ നിങ്ങള്‍ക്ക് ഒരു എമര്‍ജന്‍സി ഫണ്ട് ഉണ്ടായിരിക്കണം. മൂന്നു മാസത്തെ ശമ്പളം അതില്‍ ഉണ്ടായിരിക്കുകയും വേണം.
യാത്ര ചെയ്യാന്‍ പണം കണ്ടെത്താന്‍ ആഗ്രഹിക്കുന്നവര്‍ അതിനായി മികച്ച നിക്ഷേപമാര്‍ഗങ്ങള്‍ നോക്കണം. ഡിജിറ്റലായി സ്വര്‍ണം വാങ്ങി സൂക്ഷിക്കാം, ചിട്ടി പിടിച്ച് ബാങ്ക് എഫ്ഡിയായി ഇടാം, വിശ്വസ്തരായ ട്രാവല്‍ കമ്പനികളില്‍ മുന്‍കൂട്ടി ബുക്കിംഗും തവണകളായി പേമെന്റും റെഡിയാക്കാം, മികച്ച നേട്ടം നല്‍കുന്ന ഓഹരികളില്‍ നിക്ഷേപിക്കാം എന്നിങ്ങനെ വിവിധ മാര്‍ഗങ്ങള്‍ നോക്കാം. ഇനി പണം സമ്പാദിച്ച് കഴിഞ്ഞാല്‍ അത് പരമാവധി പ്രയോജനപ്പെടുത്തി എങ്ങനെ യാത്രകള്‍ അടിച്ചുപൊളിക്കാമെന്ന് നോക്കാം.
1. ദൂര യാത്രകള്‍ ഒരു വര്‍ഷം മുമ്പേ പ്ലാന്‍ ചെയ്യുക
2. ഫ്‌ളൈറ്റ് ടിക്കറ്റുകള്‍ക്ക് മികച്ച ഏജന്‍സി, വിമാനക്കമ്പനി എന്നിവയുമായി ബന്ധപ്പെട്ട് മുന്‍കൂട്ടി ബുക്ക് ചെയ്യാം.
3. ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യുന്ന യാത്രകള്‍ക്ക് പാക്കേജ് ഓഫര്‍ ഉണ്ടോ എന്നു പരിശോധിക്കാം.
4. ഓഫറുകള്‍ കണ്ടുമാത്രം യാത്രയ്ക്കായി ഒരുങ്ങരുത്. യാത്ര ചെയ്യാനുള്ള സ്ഥലം, താമസം, ഭക്ഷണം, തങ്ങുന്ന ഹോട്ടല്‍ എന്നിവയെക്കുറിച്ചും ബുക്കിംഗ് കമ്പനിയെക്കുറിച്ചും നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണം.
5. എയര്‍ ബിഎന്‍ബ്, അഗോഡ, മേക്ക് മൈ ട്രിപ്പ് തുടങ്ങിയ വെബ്‌സൈറ്റ്/ ആപ്പുകള്‍ വഴി ബുക്ക് ചെയ്താല്‍ ബജറ്റ് ട്രാവലിന് ഏറെ ഉപകാര പ്രദമാണ്.
6. പോകുന്ന ഇടങ്ങളില്‍ ലഭ്യമായ താമസ സൗകര്യങ്ങള്‍ നേരിട്ട് നമ്പര്‍ ശേഖരിച്ച് വിളിച്ച് ഓഫറുകള്‍ക്കായും ആവശ്യപ്പെടാം.
7. പോകുന്ന സ്ഥലത്ത്/ രാജ്യത്ത് ഉറ്റവരോ സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ അവര്‍ വഴി ബുക്കിംഗ് നടത്താം.
8. മുന്‍കൂട്ടി ബുക്ക് ചെയ്യുമ്പോള്‍ പരസ്പരം വിശ്വാസയോഗ്യമായ രേഖകള്‍ കൈമാറാതെ നേരിട്ട് അന്വേഷിക്കാതെ പണം കൈമാറ്റം നടത്തരുത്.
9. പണം അഡ്വാന്‍സ് ആയി നല്‍കുമ്പോള്‍ ഒരു പോര്‍ഷന്‍ മാത്രം എപ്പോഴും നല്‍കുക. നിങ്ങളുടെ അക്കൗണ്ട് വിവരങ്ങള്‍, പാസ്വേര്‍ഡ് എന്നിവ പങ്കുവയ്ക്കരുത്.
10. ഫെസ്റ്റീവ് സീസണില്‍ പണം അധികമായതിനാല്‍ ചില ഇടങ്ങളിലേക്ക് ഓഫ് സീസണില്‍ യാത്ര പ്ലാന്‍ ചെയ്യാം.