സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബിസിനസ് അവസരവുമായി കേരള സ്റ്റാര്‍ട്ടപ് മിഷന്‍

Update: 2019-12-02 08:02 GMT

സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ക്ക് മികച്ച ബിസിനസ് അവസരങ്ങള്‍ ലഭ്യമാക്കിയിരിക്കുകയാണ് കേരള സ്റ്റാര്‍ട്ടപ് മിഷന്‍. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്ക് ആവശ്യമായ സാങ്കേതിക ഉല്‍പന്നങ്ങളും സേവനങ്ങളും വികസിപ്പിച്ചെടുക്കുകയാണ് സ്റ്റാര്‍ട്ടപ്പുകള്‍ ചെയ്യേണ്ടത്. പദ്ധതിയില്‍ പങ്കാളിയാകാന്‍ ആഗ്രഹിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ അതിനായുള്ള താല്‍പര്യപത്രം കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സമര്‍പ്പിക്കേണ്ടതുണ്ട്.

നൂതന സാങ്കേതികവിദ്യകള്‍ അടിസ്ഥാനമാക്കിയുള്ള ഏഴോളം വ്യത്യസ്ത പദ്ധതികള്‍ക്ക് വേണ്ടിയാണ് സ്റ്റാര്‍ട്ടപ്പുകള്‍ ഉല്‍പന്നങ്ങള്‍ വികസിപ്പിച്ചെടുക്കേണ്ടത്. ആരോഗ്യ വകുപ്പിനായുള്ള ആട്ടൊമേറ്റഡ് സെര്‍വിക്കല്‍ കാന്‍സര്‍ സക്രീനിംഗാണ് ഇതിലൊരു പദ്ധതി. കേരള വാട്ടര്‍ അതോറിറ്റിക്കായി എമര്‍ജിംഗ് ടെക്‌നോളജി ഡ്രിവണ്‍ ഡ്രിങ്കിംഗ് വാട്ടര്‍ സപ്ലൈ മോണിറ്ററിംഗ് സിസ്റ്റവും കൂടാതെ കുടിവെള്ള വിതരണത്തിന്റെ പേയ്‌മെന്റിനായുള്ള പൈലറ്റ് ഇ-വാലറ്റ് സിസ്റ്റവുമാണ് വികസിപ്പിക്കേണ്ടത്.

പദ്ധതികള്‍ ബ്ലോക്ക്‌ചെയ്‌നിലും വെര്‍ച്വല്‍ റിയാലിറ്റിയിലും

മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറേറ്റിന് വേണ്ടിയുള്ള ആന്റിബയോഗ്രാം ആപ്പാണ് മറ്റൊരു പദ്ധതി. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന് വേണ്ടി ബ്ലോക്ക്‌ചെയ്ന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു ബില്‍ ഡിസ്‌ക്കൗണ്ടിംഗ് സിസ്റ്റവും വികസിപ്പിക്കേണ്ടതുണ്ട്. രജിസ്‌ട്രേഷന്‍, റവന്യൂ വകുപ്പുകള്‍ക്കായി ബ്ലോക്ക്‌ചെയ്ന്‍ ഉപയോഗിച്ചുള്ള കേരള ലാന്‍ഡ് റെക്കോര്‍ഡ്‌സ് മാനേജ്‌മെന്റ് സിസ്റ്റവും പോലീസ് വകുപ്പിനായി ആഗ്‌മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി എന്നിവ അധിഷ്ഠിതമാക്കിയുള്ള ട്രെയ്‌നിംഗ് ആന്റ് ക്രൈം സീന്‍ ഫോറന്‍സിക് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ സിമുലേഷനുമാണ് വികസിപ്പിച്ചെടുക്കേണ്ടത്.

പദ്ധതികളെക്കുറിച്ച് കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റെജിക് കൗണ്‍സില്‍(കെ-ഡിസ്‌ക്) വിശദമായ പ്രോജക്ട് പ്രൊപ്പോസലുകള്‍ തയ്യാറാക്കിയിട്ടുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ www.startupmission.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News