ഇലക്ട്രിക് കാര്‍ വിപണി; ഇനി ടെസ്‌ലയെ വെല്ലാന്‍ ആര്‍ക്കെങ്കിലും ആകുമോ

ഓരോ നിമിഷവും നേട്ടത്തിലേക്ക് കുതിക്കുന്ന സ്ഥാപനം എന്ന് വേണമെങ്കില്‍ ഇലോണ്‍ മസ്‌കിന്റെ ടെസ്‌ലയെ വിശേഷിപ്പിക്കാം.

ഇലക്ട്രിക് വാഹന വിപണിയില്‍ അതിവേഗം കുതിക്കുകയാണ് ടെസ്ല. 2003 ല്‍ മാര്‍ട്ടിന്‍ എബര്‍ഹാര്‍ഡ്, മാര്‍ക്ക് ടാര്‍പെനിംഗ് എന്നിവരുമായി ചേര്‍ന്നാണ് മസ്‌ക്, ടെസ്‌ല സ്ഥാപിക്കുന്നത്.
മസ്‌ക് 2008ല്‍ ടെസ്‌ലയുടെ സിഇഒ ആയതിന് ശേഷമാണ് കമ്പനി ആദ്യ കാര്‍ അവതരിപ്പിക്കുന്നത്. 2018 വരെയുള്ള 10 വര്‍ഷത്തിനിടെ വെറും 5 ലക്ഷത്തോളം കാറുകള്‍ മാത്രമാണ് ടെസ്‌ല വിറ്റത്. എന്നാല്‍ പിന്നീടങ്ങോട്ടുള്ള മൂന്ന് വര്‍ഷങ്ങള്‍ സാക്ഷ്യം വഹിച്ചത് ടെസ്ലയുടെ അതിശയിപ്പിക്കുന്ന വളര്‍ച്ചയാണ്. 15 ലക്ഷം വാഹനങ്ങളാണ് ഇക്കാലയളവില്‍ കമ്പനി വിറ്റത്. അതില്‍ 8 ലക്ഷം വാഹനങ്ങളും ടെസ്‌ല വിറ്റത് കഴിഞ്ഞ 12 മാസത്തിനിടെ.
വമ്പന്‍ ഓഡറുകളിലൂടെ ഇലക്ട്രിക് വാഹന വിപണിയിലെ ഏറ്റവും വിശ്വസ്തമായ ബ്രാന്‍ഡ് ആയി മാറുകയാണ് ടെസ്‌ല . മറ്റ് വാഹന നിര്‍മാതാക്കളില്‍ നിന്ന് ടെസ്‌ലയെ വേറിട്ട് നിര്‍ത്തുന്ന ഘടകം പലരും ഇലക്ട്രിക് വാഹനങ്ങളെ കുറിച്ച് ചിന്തിക്കാതിരുന്ന കാലത്ത് ഈ മേഖലയിലേക്ക് കാലുകുത്തിയവര്‍ എന്നത് തന്നെയാണ്.
ഹെട്‌സ് ഗ്ലോബല്‍ ഹോള്‍ഡിംഗ്‌സ് ഒരു ലക്ഷം ടെസ്ല കാറുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയതോടെ കഴിഞ്ഞ തിങ്കളാഴ്ച ഇലോണ്‍ മസ്‌കിന്റെ ആസ്തിയില്‍ ഒറ്റയടിക്ക് 2.71 ലക്ഷം കോടിയുടെ വര്‍ധനവാണ് ഉണ്ടായത്. ലോകത്തെ ഏറ്റവും മൂല്യമുള്ള വാഹന നിര്‍മാതാക്കളായും ടെസ്ല മാറി. ആപ്പിള്‍, ആമസോണ്‍, മൈക്രോസോഫ്റ്റ്, ആല്‍ഫബറ്റ് ഇന്‍ക് എന്നിവരുടെ ട്രില്യണ്‍ ഡോളര്‍ കമ്പനിനിരയില്‍ അംഗമാകുന്ന ആദ്യത്തെ കാര്‍ നിര്‍മാതാക്കളാണ് ടെസ്‌ല
നിലവില്‍ നാല് മോഡലുകള്‍ മാത്രമാണ് ടെസ്ല വില്‍ക്കുന്നത്. മോഡല്‍ ത്രീ, മോഡല്‍ എസ്, മോഡല്‍ എക്‌സ്, മോഡല്‍ വൈ എന്നിവയാണവ. ഏറ്റവും അധികം വില്‍പ്പന നേടയത് കോംപാക്ട് സെഡാന്‍ മോഡല്‍ ത്രീ ആണ്. സൈബര്‍ ട്രക്ക്, സെമി ട്രക്ക് എന്നിവയാണ് പുറത്തിറങ്ങാനിരിക്കുന്ന ടെസ്‌ലയുടെ വാഹനങ്ങള്‍.
ലോകത്തെ ഏറ്റവും വലിയ വാഹന വിപണികളില്‍ ഒന്നായ ഇന്ത്യയിലേക്ക് പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ് ടെസ്‌ല. അതിന് മുന്നോടിയായി ജനുവരിയില്‍ ബെംഗളൂരുവില്‍ ടെസ്‌ല ഇന്ത്യ മോട്ടോര്‍സ് ആന്റ് പ്രൈവറ്റ് ലിമിറ്റഡ് ഓഫീസ് തുറന്നിരുന്നു. വാഹനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ഇളവുകള്‍ ആവശ്യപ്പെട്ട ടെസ്‌ല ഇനി ഇന്ത്യയില്‍ നിര്‍മാണ യൂണീറ്റ് ആരംഭിക്കുമോ എന്ന് മാത്രമാണ് അറിയേണ്ടത്.
അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ ആകെ വിപണി വിഹിതത്തിന്റെ 10 ശതമാനത്തോളം ഇന്ത്യയില്‍ നിന്നായിരിക്കും എന്നാണ് മസ്‌കിന്റെ കണക്കുകൂട്ടല്‍. 2030 ഓടെ രണ്ട് കോടി വാഹനങ്ങള്‍ എന്ന ലക്ഷ്യത്തിലേക്ക് എത്താനാണ് ടെസ്‌ലയുടെ ശ്രമം. ഭാവി ഇലട്രിക് വാഹനങ്ങളുടേത് കൂടിയാണെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇനിയുള്ള നാളുകളില്‍ ടെസ്‌ല നടത്തുന്ന മുന്നേറ്റം ഒരുപക്ഷെ അപ്രവചനീയമായിരിക്കും. മറ്റ് വാഹന നിര്‍മാതാക്കള്‍ ടെസ്‌ലക്ക് പിന്നാലെ ഓടിയെത്താന്‍ എത്ര നാളെടുക്കുമെന്ന് കാത്തിരുന്നു കാണാം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it