Begin typing your search above and press return to search.
ക്രിസ്മസ് ദിനത്തില്‍ സെഞ്ചുറിയടിച്ച് വിഴിഞ്ഞം തുറമുഖം! കമ്മിഷനിംഗ് തീരുമാനം ഇനിയുമായില്ല
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ക്രിസ്മസ് സമ്മാനമായി നൂറാമത്തെ വാണിജ്യ കപ്പലെത്തി. മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയുടെ എം.എസ്.സി മിഷേല ( MSC Michela)യെന്ന കപ്പലാണ് കഴിഞ്ഞ ദിവസമെത്തിയത്. മുംബൈ നവശേവ തുറമുഖത്ത് നിന്നെത്തിയ കപ്പല്‍ കണ്ടെയ്‌നറുകള്‍ ഇറക്കിയ ശേഷം ചൈനയിലെ ഷാന്‍ഹായ് തുറമുഖത്തേക്ക് തിരിച്ചു. 300 മീറ്റര്‍ നീളവും 12.5 മീറ്റര്‍ ഡ്രാഫ്റ്റ് ആഴവുമുള്ള കപ്പലാണിത്. ഈ വര്‍ഷം ജൂലൈ 12നാണ് മുന്നൂറ് മീറ്റര്‍ നീളമുള്ള സാന്‍ ഫെര്‍ണാണ്ടോയെന്ന മദര്‍ഷിപ്പ് ആദ്യമായി വിഴിഞ്ഞം തുറമുഖത്തെത്തിയത്. തുടര്‍ന്ന് ലോകത്തിലെ വലിപ്പമേറിയ കപ്പലുകളടക്കം ട്രയല്‍ റണ്ണിന്റെ ഭാഗമായി ഇവിടെത്തി. വിജയകരമായ ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കി ഡിസംബര്‍ മൂന്നിന് വിഴിഞ്ഞം വാണിജ്യ തുറമുഖമായി മാറുകയും ചെയ്തു.
ഉദ്ഘാടനത്തില്‍ തീരുമാനം ആയില്ല
അതേസമയം, വാണിജ്യ പ്രവര്‍ത്തനം തുടങ്ങി മൂന്നാഴ്ചകള്‍ പിന്നിട്ടിട്ടും തുറമുഖത്തിന്റെ ഔദ്യോഗിക കമ്മിഷനിംഗ് സംബന്ധിച്ച തീരുമാനം ആയിട്ടില്ല. ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാനാണ് ആലോചിക്കുന്നത്. എന്നാല്‍ ഇതുവരെയും തുറമുഖ അധികൃതരോ സംസ്ഥാന സര്‍ക്കാരോ ഇതിനായി പ്രധാനമന്ത്രിയെ ഔദ്യോഗികമായി ക്ഷണിച്ചതായി അറിവില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ വയബിലിറ്റി ഗ്യാപ് ഫണ്ടുമായി (വി.ജി.എഫ്) ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കവും ഉദ്ഘാടനം വൈകാന്‍ ഇടയാക്കുന്നുവെന്നാണ് വിവരം.
524.85 കോടി കൂടി സംസ്ഥാനം ചെലവിടും
അതിനിടെ വിഴിഞ്ഞം തുറമുഖത്തിന്റെ വൈദ്യുതീകരണം, പുലിമുട്ട് നിര്‍മാണം എന്നിവക്കായി 524.85 കോടി രൂപ ചെലവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇതിന് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിന് (വിസില്‍) സര്‍ക്കാര്‍ അനുമതി നല്‍കി. വലിയ പദ്ധതികളുടെ മൂലധനച്ചെലവിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 795.24 കോടി രൂപയുടെ കാപെക്‌സ് ഫണ്ടില്‍ നിന്നാണ് സംസ്ഥാന സര്‍ക്കാര്‍ തുക നല്‍കുന്നത്.
Next Story
Videos