കോവിഡ് കെടുതി നീളും; കര്‍ശന നടപടി തുടരണം: ലോകാരോഗ്യ സംഘടന

കോവിഡ് 19 വ്യാപനവും അതിന്റെ കെടുതികളും ദീര്‍ഘകാലം നിലനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. അങ്ങേയറ്റം അപകടകരമായ വൈറസിനെ തുരത്താനുള്ള ആദ്യ ഘട്ടത്തില്‍ മാത്രമാണ് ഭൂരിഭാഗം രാഷ്ട്രങ്ങളും ഇപ്പോഴുള്ളതെന്ന് ഡബ്‌ളിയു എച്ച് ഒ മേധാവി ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

ആഫ്രിക്ക, കിഴക്കന്‍ യൂറോപ്പ്, മധ്യ അമേരിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ കോവിഡ് -19 കേസുകളുടെ വര്‍ദ്ധനവ് ആശങ്ക ജനിപ്പിക്കുന്നതായി ഡോ. ഗെബ്രിയേസസ് അഭിപ്രായപ്പെട്ടു. ലോക്ക്ഡൗണുകള്‍ പിന്‍വലിക്കുന്നത് അണുബാധ പുനരുജ്ജീവിപ്പിക്കാന്‍ കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. വീട്ടിലിരിക്കലും മറ്റ് ശാരീരിക അകലം പാലിക്കല്‍ നടപടികളും പല രാജ്യങ്ങളിലും രോഗം പകരുന്നത് വിജയകരമായി തടഞ്ഞു. പക്ഷേ, ഈ വൈറസ് വളരെക്കാലം നമ്മോടൊപ്പമുണ്ടാകും. വൈറസ് പ്രതിരോധിക്കാന്‍ നമുക്ക് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. ഇതിനിടെ ഒരു തെറ്റും ഉണ്ടായിക്കൂടാ -ഡോ. ഗെബ്രിയേസസ് ചൂണ്ടിക്കാട്ടി.

അമേരിക്കയിലും ആഫ്രിക്കയിലും വൈറസ് ബാധ കുതിച്ചുയരുന്ന പ്രവണതയാണ് ഇപ്പോഴും. പശ്ചിമ യൂറോപ്പില്‍ മാത്രമാണ് രോഗവ്യാപനം കുറയുന്നത്. എണ്ണം കുറവാണെങ്കിലും മദ്ധ്യ അമേരിക്കയിലെയും തെക്കേ അമേരിക്കയിലെയും ആഫ്രിക്കയിലെയും കിഴക്കന്‍ യൂറോപ്പിലെയും പ്രവണതകള്‍ ആശങ്കാജനകമായി തുടരുന്നു. ആദ്യ ഘട്ടത്തില്‍ പകര്‍ച്ചവ്യാധി വന്ന് അതിനെ പിടിച്ചു കെട്ടിയ രാജ്യങ്ങളില്‍ പുതിയ കേസുകള്‍ ഉണ്ടാവുകയും വൈറസ് തിരിച്ചു വരവ് നടത്തുകയും ചെയ്തു. അതുകൊണ്ട് ഒരു പിഴവും വന്നുകൂടാ - ഡബ്‌ളിയു എച്ച് ഒ മേധാവി പറഞ്ഞു.പല രാജ്യങ്ങളിലും ഈ രോഗം ആരംഭ ഘട്ടത്തിലാണ്. പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ആഗോള ജനത ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

പല സര്‍ക്കാരുകളും ഏജന്‍സിയുടെ പ്രവര്‍ത്തനത്തെ പ്രശംസിച്ചിട്ടുണ്ടെങ്കിലും, പ്രതിസന്ധിയെത്തുടര്‍ന്ന് രാജിവയ്ക്കാനുള്ള ചില ആവശ്യമുയര്‍ന്നതിനെപ്പറ്റി ഡോ. ടെഡ്രോസ് പ്രതികരിച്ചതിങ്ങനെ: ജീവനുകള്‍ രക്ഷിക്കാന്‍ രാവും പകലും ജോലിചെയ്യും.ലോകാരോഗ്യ സംഘടനയ്ക്ക് ധനസഹായം നിറുത്തിയ നടപടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ പുനരാരംഭിക്കുന്നതിന് പൊതുജനങ്ങളും സര്‍ക്കാരുകളും തമ്മില്‍ ഒരു പുതിയ സാമൂഹിക കരാര്‍ ഉണ്ടാകണമെന്ന് അദ്ദേഹത്തോടൊപ്പം സംസാരിച്ച എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മൈക്ക് റയാന്‍ അഭിപ്രായപ്പെട്ടു. പൂജ്യം അപകടസാധ്യതയൊന്നുമില്ലെന്ന് ആളുകള്‍ അംഗീകരിക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. ജീവിതം പെട്ടെന്നുതന്നെ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നത് തികച്ചും യാഥാര്‍ഥ്യത്തിന് നിരക്കാത്തതാണെന്ന് യുകെ സര്‍ക്കാരിന്റെ മുഖ്യ മെഡിക്കല്‍ ഉപദേഷ്ടാവ് പ്രൊഫ. ക്രിസ് വിറ്റി പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it