കോവിഡ്: 80,000 കോടി രൂപ കേരള സമ്പദ്വ്യവസ്ഥയ്ക്കു നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്

പ്രവാസി വരുമാനം 20 ശതമാനമെങ്കിലും കുറയും

Over one-third of Indian households may run out of resources in another week: CMIE Survey
-Ad-

കോവിഡ് 19 മൂലം കേരളത്തിലെ സമ്പദ്വ്യവസ്ഥയ്ക്കുണ്ടാകുന്ന നഷ്ടം ഏകദേശം 80,000 കോടി രൂപയെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ്. മാര്‍ച്ച് 25 നും മെയ് 3 നും ഇടയിലായി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. മേഖലകള്‍ തിരിച്ചുള്ള ആഘാതം വിലയിരുത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു.

മാര്‍ച്ച് പകുതി മുതല്‍ സംസ്ഥാനത്ത് സാമ്പത്തിക പ്രവര്‍ത്തനം കുറഞ്ഞു. 10 ദിവസം പൂര്‍ണമായും നിശ്ചലമായി.ഈ സാഹചര്യത്തില്‍ ആ മാസം ഉല്‍പാദന നഷ്ടം മൂലം 29,000 കോടി രൂപയുടെ കുറവ് മൂല്യവര്‍ദ്ധനവിലുണ്ടായതായാണ് കണക്കാക്കുന്നത്.2020-21 ന്റെ ആദ്യ പാദത്തിലെ ആദ്യ മാസമായ ഏപ്രിലില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളാകെ തകരാറിലായിരുന്നു.ഈ സ്ഥിതി ഭാഗികമായി മെയ് മാസത്തിലും തുടര്‍ന്നുള്ള മാസങ്ങളിലും തുടരും. ഇതെല്ലാം ചേരുമ്പോള്‍ പാദവര്‍ഷത്തെ ഏകദേശ നഷ്ടം 80,000 രൂപയാകും.2020-21 ലെ സാധാരണ ഉല്‍പാദന നിലവാരം 2019-20 നെ അപേക്ഷിച്ച് 5 ശതമാനം കൂടുതലായിരിക്കുമെന്ന മുന്‍ അനുമാനത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ള കണക്കാണിത്.

ദിവസ വേതനക്കാരായ സ്വയം തൊഴില്‍ ചെയ്യുന്നവരും, കാഷ്വല്‍ തൊഴിലാളികളുും പഠന കാലയളവില്‍ നേരിട്ട വേതന നഷ്ടം 14,000 –  15,000 കോടി രൂപ വരും. കടകള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ അടഞ്ഞുകിടന്നതിനാല്‍ ഉല്‍പ്പാദന മേഖലയില്‍ വന്ന മൊത്തം മൂല്യശോഷണം 17,000 കോടി രൂപയാണ്. തോട്ടവിളകള്‍ ഉള്‍പ്പെടെ കാര്‍ഷിക മേഖലയിലെ നഷ്ടം 1,570.75 കോടി രൂപ. വേതന ഇനത്തില്‍ കാര്‍ഷിക തൊഴിലാളികള്‍ക്ക് ഉണ്ടായ നഷ്ടം ഏകദേശം 200.30 കോടി രൂപയുമാണ്.

-Ad-

മത്സ്യബന്ധന മേഖലയിലെ മൊത്തം നഷ്ടം 1,371 കോടി രൂപയായിരിക്കുമെന്നു കണക്കാക്കുന്നു.ഈ മേഖലയ്ക്ക് സമഗ്രമായ ഒരു സാമ്പത്തിക പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കേണ്ടതുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. 45,000 കോടി വാര്‍ഷിക വരുമാനം ലഭിക്കേണ്ടിയിരുന്ന കേരള ടൂറിസത്തിന് 2020-21 ല്‍ 20,000 കോടി രൂപ നഷ്ടമാകുമെന്ന് പഠനം കണ്ടെത്തി. ഐടി മേഖലയില്‍ 2020-21 ന്റെ ആദ്യ മൂന്ന് പാദങ്ങളില്‍ വരുമാനത്തില്‍ ആകെ ഇടിവ് 4,500 കോടി രൂപയായി കണക്കാക്കപ്പെടുന്നു.സേവന, ഗതാഗതം, ഹോട്ടലുകള്‍, ക്ലീനിംഗ്, സുരക്ഷാ മേഖലകളില്‍ കണക്കാക്കുന്നത് 26,236 നേരിട്ടുള്ള തൊഴില്‍ നഷ്ടവും 80,000 പരോക്ഷ തൊഴില്‍ നഷ്ടവുമാണ്.2020 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ പ്രവാസികളില്‍ നിന്നുള്ള വരുമാനത്തില്‍ സംസ്ഥാനത്തിനുണ്ടായ ആകെ നഷ്ടം 2,399.97 കോടി രൂപയാണ്.

അഭൂതപൂര്‍വമാണ് സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.എല്ലാ  പ്രദേശങ്ങളെയും മേഖലകളെയും തളര്‍ച്ച ബാധിച്ചു. ‘പ്രതിസന്ധി അവസാനിച്ചതിനുശേഷം ഉല്‍പാദനം പുനരാരംഭിക്കാന്‍ എടുക്കുന്ന കാലയളവിനെ സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നു. മുമ്പത്തെ ഉല്‍പാദന നില കൈവരിക്കാന്‍ എത്ര സമയമെടുക്കുമെന്ന കാര്യം വ്യക്തമല്ല. ഉല്‍പാദനം പുനരാരംഭിക്കുന്നത് ദേശീയ അന്തര്‍ദ്ദേശീയ ഡിമാന്‍ഡും വിതരണ ശൃംഖലകളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലാണിത്.’

പകര്‍ച്ചവ്യാധിയില്‍ നിന്ന് സംസ്ഥാനം പാഠം പഠിക്കുകയും ഭക്ഷണത്തിനായി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.തരിശുനിലങ്ങള്‍ സംസ്ഥാനത്തുടനീളം കണ്ടെത്തി നെല്‍കൃഷി വര്‍ദ്ധിപ്പിക്കണം.
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 25,000 ഹെക്ടര്‍ നെല്‍കൃഷിയെങ്കിലും കൂടുതലായി തുടങ്ങണം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പച്ചക്കറി ഉല്‍പാദനം സംസ്ഥാനത്ത് ഗണ്യമായി വര്‍ദ്ധിച്ച് ഉല്‍പാദനം ഇരട്ടിയായിട്ടുണ്ട്. ഈ പ്രവണതയ്ക്കു വേരം കൂട്ടണം. ഗ്രാമീണ, നഗര പ്രദേശങ്ങളില്‍ ലഭ്യമായ എല്ലാ സ്ഥലങ്ങളും ഇതിനായി വിനിയോഗിക്കണം – റിപ്പോര്‍ട്ടില്‍ പറയുന്നു.

മുട്ട, മാംസം തുടങ്ങിയവയില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് മൃഗസംരക്ഷണം ശക്തിപ്പെടുത്തണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. മുട്ട വിതരണത്തിനായി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് പ്രതിദിനം 25 ലക്ഷം മുട്ടകളെന്ന നിലവാരത്തിലേക്കു കുറയ്ക്കണം.ഇതിന് സംസ്ഥാനത്ത് പ്രതിദിനം 75 ലക്ഷം മുട്ടയെങ്കിലും ഉത്പാദിപ്പിക്കേണ്ടതുണ്ട്.അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ‘കേരള ചിക്കന്‍’ പദ്ധതി വിപുലീകരിക്കണം. കന്നുകാലിക്കൃഷി കൂടുതല്‍ പ്രോത്സാഹിപ്പിക്കണം.

കേരളത്തിലേക്കുള്ള പ്രവാസി വരുമാനത്തില്‍ ഈ വര്‍ഷം 20 ശതമാനത്തിന്റെ കുറവുണ്ടാകുമെന്ന സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തലും പുറ്തതുവന്നിട്ടുണ്ട്. പ്രതിസന്ധി വര്‍ധിച്ചാല്‍ 1.25 ലക്ഷം കുടുംബങ്ങളെ ഇത് നേരിട്ട് ബാധിക്കുമെന്നാണ് സൂചന. രാജ്യത്തെ പ്രവാസി പണത്തിന്റെ 19 ശതമാനമാണ് കേരളത്തിലേക്ക് എത്തുന്നത്. പ്രവാസി നിക്ഷേപമായും സ്വകാര്യ കൈമാറ്റത്തിലൂടെയും കഴിഞ്ഞ വര്‍ഷം എത്തിയത് 2,40,000 കോടി രൂപയാണ്. ഈ വര്‍ഷം 2,60,000 കോടിയാണ് ലക്ഷ്യമിട്ടത്. എന്നാല്‍ കോവിഡിന് മുമ്പുതന്നെ തിരിച്ചടി തുടങ്ങിയിരുന്നു. ഒരു ലക്ഷം പ്രവാസികള്‍ തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങുമെന്നാണ് പ്രാഥമിക കണക്ക്.

2018-19 കാലത്ത് കേരളത്തിലേക്കുള്ള പ്രവാസി വരുമാനം 2,42,535 കോടിയായിരുന്നു. 2017-18 കാലത്ത് 2,11,784 കോടിയും 2016-17 കാലത്ത് 2,38,085 കോടിയും 2015 -16 കാലത്ത് 1,85,161 കോടിയുമായിരുന്നു പ്രവാസി വരുമാനം. സൗദി അറേബ്യയില്‍ നിന്ന് 39 ശതമാനവും യുഎഇയില്‍ നിന്ന് 23 ശതമാനവും ഒമാനില്‍ നിന്ന് ഒന്‍പത് ശതമാനവും കുവൈറ്റില്‍ നിന്ന് ആറ് ശതമാനവും ബഹ്‌റിനില്‍ നിന്ന് നാല് ശതമാനവും ഖത്തറില്‍ നിന്ന് ഒന്‍പത് ശതമാനവുമാണ് പ്രവാസി വരുമാനം എത്തുന്നത്.

കേരള കുടിയേറ്റ സര്‍വ്വെ 2018 പ്രകാരം പ്രവാസികളുടെ എണ്ണം 21 ലക്ഷമാണ്. ഇതില്‍ 89 ശതമാനം പേരും ഗള്‍ഫ് രാജ്യങ്ങില്‍ നിന്നുള്ളവരാണ്. കോവിഡ് പ്രതിസന്ധിയില്‍ മടങ്ങി വരാന്‍ രജിസ്റ്റര്‍ ചെയ്തത് 4,42,000 പേരാണ്. ആകെ പ്രവാസികളുടെ ഇരുപത് ശതമാനം നാട്ടിലേക്ക് മടങ്ങിയാല്‍ കേരള സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിയും. വ്യവസായം, റിയല്‍ എസ്റ്റേറ്റ്, സമ്പാദ്യം, നിക്ഷേപം എന്നിവയിലുണ്ടാകുന്ന മാന്ദ്യവും തിരിച്ചടിയാകും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here