വന്‍ കോര്‍പ്പറേറ്റുകളുടെ വായ്പകളും അപകട മേഖലയിലേക്ക്
കോവിഡ് -19 ലോക്ക്ഡൗണ്‍ മൂലം ഇന്ത്യയിലെ വന്‍ കോര്‍പ്പറേറ്റുകളും ദുര്‍വഹ കട ബാധ്യതയുടെ കുരുക്കിലേക്കു നീങ്ങുമെന്ന ആശങ്ക ശക്തമാകുന്നു. വലിയ കമ്പനികള്‍ എടുത്തിട്ടുള്ള 15 ട്രില്യണ്‍ രൂപ വായ്പയുടെ പകുതിയിലധികം അപകടമേഖലയിലാകാനുള്ള സാധ്യത ചൂണ്ടിക്കാട്ടുന്ന മാധ്യമ സര്‍വേ റിപ്പോര്‍ട്ട് പുറത്തുവന്നു.
റിപ്പോര്‍ട്ടിലെ വിശകലന പ്രകാരം ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള 201 സാമ്പത്തികേതര വിഭാഗ കമ്പനികളുടെ ധനസ്ഥിതിയില്‍ കനത്ത ശോഷണമാണ് 2020-21 ന്റെ ആദ്യ പകുതിയില്‍ വരാന്‍ പോകുന്നത്. മോറട്ടോറിയത്തിന്റെ കാലാവധി കഴിഞ്ഞാലും വായ്പാ തിരിച്ചടവ് ഇതു മൂലം മുടങ്ങിയേക്കും. എന്‍ടിപിസി, പവര്‍ഗ്രിഡ്, ടാറ്റ സ്റ്റീല്‍, അദാനി പവര്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, യുപിഎല്‍, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയുമുണ്ട് വരുന്ന പാദങ്ങളില്‍ ഇപ്രകാരം സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ സാധ്യതയുള്ള വമ്പന്മാരുടെ പട്ടികയില്‍.
2019 സെപ്റ്റംബര്‍ 30 അവസാനത്തെ കണക്കനുസരിച്ച് 14.9 ട്രില്യണ്‍ രൂപയാണ് ഈ 201 കമ്പനികളും ചേര്‍ന്ന് കടം എടുത്തിരുന്നത്.മുന്‍ സാമ്പത്തിക വര്‍ഷത്തെ അടിസ്ഥാനപ്പെടുത്തി 4.1 ശതമാനം ആയിരുന്നു വര്‍ദ്ധന. 787 കമ്പനികളുടെ മൊത്തം വായ്പ 2019 സെപ്റ്റംബര്‍ അവസാനം 24.2 ട്രില്യണ്‍ രൂപയായിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ ഒമ്പത് മാസങ്ങളില്‍ (2019 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍) 1.48 ട്രില്യണ്‍ രൂപയാണ് ഈ കമ്പനികള്‍ ആകെ പലിശയിനത്തില്‍ ചെലവഴിച്ചത്.
വായ്പയെടുക്കുന്നവരുടെ പലിശയ്ക്ക് മൂന്ന് മാസത്തെ മൊറട്ടോറിയം ആര്‍ബിഐ അനുവദിച്ചതോടെ അടുത്ത മൂന്ന് മാസക്കാലത്തേക്ക് 35,000 കോടി രൂപയുടെ പലിശ അടയ്ക്കാതിരിക്കാന്‍ ഈ കമ്പനികള്‍ക്കു സാധ്യമാകും. അടച്ചുപൂട്ടല്‍ മൂലം വരുമാനത്തിലും ലാഭത്തിലും ഇടിവുണ്ടാകവേ പലിശ മൊറട്ടോറിയം സാമ്പത്തിക ആശ്വാസം നല്‍കും. പലിശ അടയ്ക്കുന്ന തുക ഈ കമ്പനികളുടെ മൊത്തം വില്‍പ്പനയുടെ 9 ശതമാനത്തിന് തുല്യമാണ്. അസംസ്‌കൃത വസ്തുക്കള്‍ക്കാണ് കമ്പനികളുടെ വരുമാനത്തില്‍ ഏറ്റവും വലിയ ഭാഗം വകയിരുത്തുന്നത്.രണ്ടാമതു നില്‍ക്കുന്നു പലിശ. ജീവനക്കാര്‍ക്കു നല്‍കുന്ന മൊത്തം വേതനത്തേക്കാള്‍ മുന്നില്‍.
ലോക്ക്ഡൗണ്‍ മൂലം വരുമാനം ഇടിഞ്ഞതിനാല്‍ എയര്‍ലൈന്‍സ്, ഹോട്ടല്‍, ടൂറിസം, മാള്‍, സംഘടിത റീട്ടെയില്‍, മള്‍ട്ടിപ്ലക്സ്, റെസ്റ്റോറന്റ് തുടങ്ങിയ മേഖലകളിലെ 120 കോര്‍പ്പറേറ്റുകളുടെ റേറ്റിംഗ് ക്രിസില്‍ അവലോകനം ചെയ്തപ്പോള്‍ 81 എണ്ണത്തിന്റെ ലെവല്‍ താഴേക്കു പോയി. 39 കമ്പനികളുടെ റേറ്റിംഗ് ആണ് നിലനിര്‍ത്തിയത്.
ഇന്ത്യ എനര്‍ജി എക്‌സ്‌ചേഞ്ചില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം ലോക്ക്ഡൗണിനുശേഷം വ്യവസായങ്ങളില്‍ നിന്നും വിതരണ ശൃംഖലകളില്‍ നിന്നുമുള്ള വൈദ്യുതി ആവശ്യകത 40 ശതമാനം കുറഞ്ഞത് കോര്‍പ്പറേറ്റ് ലോകം നേരിടുന്ന ദുരവസ്ഥ പ്രതിഫലിപ്പിക്കുന്നു. ഇതോടെ വൈദ്യുതി യൂണിറ്റിന് വില 3 രൂപയില്‍ നിന്ന് 2 രൂപയായി കുറഞ്ഞു. ഇത് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ വൈദ്യുതി കമ്പനികളുടെ വരുമാനത്തെയും പ്രതികൂലമായി ബാധിക്കും. അടച്ചുപൂട്ടലിനുശേഷം ആഗോള ഡിമാന്‍ഡില്‍ ഇടിവുണ്ടായതിനാല്‍ ലോഹ, ഖനന കമ്പനികള്‍ ലോഹ, അയിര് വില കുത്തനെ കുറയ്ക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്.
വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ആഗോളതലത്തില്‍ ഏകദേശം 3 ബില്ല്യണ്‍ പേര്‍ ഏതെങ്കിലും തരത്തിലുള്ള ലോക്ക്ഡൗണിലാണ്. അതായത് ലോകജനസംഖ്യയുടെ 40 ശതമാനം പേര്‍ നിഷ്‌ക്രിയരായിരിക്കവേ കുത്തനെയുള്ള ഇടിവാണ് ആഗോള സാമ്പത്തിക പ്രവര്‍ത്തനങ്ങളിലുണ്ടാകുന്നത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline