2024 ഇടക്കാല ബജറ്റ്: വൈദ്യുത വാഹനം വാങ്ങാന്‍ നില്‍ക്കുന്നവര്‍ക്ക് തിരിച്ചടി

വൈദ്യുത വാഹനം വാങ്ങാന്‍ നില്‍ക്കുന്നവര്‍ക്ക് 2024ലെ ഇടക്കാല ബജറ്റ് തിരിച്ചടിയാകും. 2024 സാമ്പത്തിക വര്‍ഷത്തേക്ക് ബജറ്റില്‍ വൈദ്യുത വാഹനങ്ങള്‍ക്കായി 5,172 കോടി രൂപയായിരുന്നു ബജറ്റ് എസ്റ്റിമേറ്റ്. എന്നാല്‍ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ഇത് 4,807 കോടി രൂപയായി കുറഞ്ഞു. മാത്രമല്ല 2024-25 സാമ്പത്തിക വര്‍ഷത്തേക്ക് ഇത് വീണ്ടും 2,671 കോടി രൂപയായി കുറച്ചു. വൈദ്യുത വാഹനം വാങ്ങാന്‍ ഇനി ചെലവേറുന്നതോടെ സാധാരണ ജനങ്ങള്‍ക്ക് താങ്ങാനാവുന്ന വിലയില്‍ വൈദ്യുത വാഹനം വാങ്ങുന്ന കാര്യം ഇനി തുലാസിലാകും.

അതേസമയം ഉല്‍പ്പാദനം വര്‍ധിപ്പിച്ചും ചാര്‍ജ്ജുചെയ്യുന്ന അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിച്ചും വൈദ്യുത വാഹന ഇക്കോസിസ്റ്റം വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. കൂടാതെ പേയ്മെന്റ് സെക്യൂരിറ്റി സംവിധാനങ്ങളിലൂടെ വൈദ്യുത ബസുകള്‍ കൂടുതലായി സ്വീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

സൗരോര്‍ജ പദ്ധതി

2070ഓടെ നെറ്റ് സീറോ എമിഷന്‍ എന്ന ഇന്ത്യയുടെ ലക്ഷ്യം നിറവേറ്റുന്നതിന് സഹായകമാകുന്ന ചില തീരുമാനങ്ങളും 2024ലെ ഇടക്കാല ബജറ്റില്‍ ഉണ്ടായിരുന്നു. രാജ്യത്തെ ഒരു കോടി ഭവനങ്ങളില്‍ കൂടി സൗരോര്‍ജ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഇതുവഴി പ്രതിമാസം 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഇതുവഴി സാധാരണക്കാരുടെ കുടുംബത്തിന് പ്രതിവര്‍ഷം 15,000-18,000 രൂപ വരെ ലാഭിക്കാനാകുമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

സൗരോര്‍ജത്തിന് (ഗ്രിഡ്) 2024 സാമ്പത്തിക വര്‍ഷത്തില്‍ 4,970 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 2025 സാമ്പത്തിക വര്‍ഷത്തിലേക്ക് ഇത് 8,500 കോടി രൂപയായും ഉയര്‍ത്തിയിച്ചുണ്ട്. ദേശീയ ഹരിത ഹൈഡ്രജന്‍ മിഷനായി 2024 സാമ്പത്തിക വര്‍ഷത്തില്‍ 297 കോടി രൂപയും 2025 സാമ്പത്തിക വര്‍ഷത്തിലേക്ക് 600 കോടി രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്.

ഹരിതോര്‍ജത്തിലേക്ക്

ഒരു ജിഗാവാട്ടിന്റെ പ്രാരംഭ ശേഷിക്കായി ഓഫ്ഷോര്‍ വിന്‍ഡ് എനര്‍ജി സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് നല്‍കും. 2030ഓടെ കല്‍ക്കരി ഗ്യാസിഫിക്കേഷനും 100 മെട്രിക് ടണ്‍ ദ്രവീകരണ ശേഷിയും സ്ഥാപിക്കും. പ്രകൃതിവാതകം, മെഥനോള്‍, അമോണിയ എന്നിവയുടെ ഇറക്കുമതി കുറയ്ക്കാനും ഇത് സഹായിക്കും.

ഗതാഗതത്തിനായി കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസില്‍ (സി.എന്‍.ജി) കംപ്രസ്ഡ് ബയോഗ്യാസ് (സി.ബി.ജി), ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് (പി.എന്‍.ജി) ഘട്ടം ഘട്ടമായി മിശ്രിതമാക്കുന്നത് നിര്‍ബന്ധമാക്കും.ബയോ-മാനുഫാക്ചറിംഗ്, ബയോ ഫൗണ്ടറി എന്നിവയ്ക്കായി പുതിയ പദ്ധതി ആരംഭിക്കും. ഇത് ബയോഡീഗ്രേഡബിള്‍ പോളിമറുകള്‍, ബയോ-പ്ലാസ്റ്റിക്, ബയോ-ഫാര്‍മസ്യൂട്ടിക്കല്‍സ്, ബയോ-അഗ്രി-ഇന്‍പുട്ടുകള്‍ തുടങ്ങിയ പരിസ്ഥിതി സൗഹൃദ ബദലുകള്‍ ഉറപ്പാക്കും.


Related Articles

Next Story

Videos

Share it