എസ്ബിഐയും രംഗത്ത്, റഷ്യയുമായി അടുത്തയാഴ്ച മുതല്‍ രൂപയില്‍ കച്ചവടം?
അടുത്ത അഴ്ച മുതല്‍ റഷ്യയുമായുള്ള വ്യപാര ഇടപാടുകള്‍ രൂപയില്‍ നടത്താനായേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രഖ്യാപനം എത്തി അഞ്ച് മാസം കഴിഞ്ഞിട്ടും രൂപയില്‍ ഇടപാട് നടത്താന്‍ സാധിച്ചിട്ടില്ല. രൂപ ഇടപാടുകള്‍ക്കായി റഷ്യയില്‍ നിന്നുള്ള അന്വേഷണങ്ങള്‍ കൂടുന്ന സാഹചര്യത്തിലാണ് നടപടികള്‍ വേഗത്തിലാക്കാനുള്ള തീരുമാനം. വിവിധ മേഖലകളില്‍ ഏര്‍പ്പെടുത്തിയ ഉപരോധം റഷ്യന്‍ വ്യാപാരത്തെ ബാധിച്ചിരുന്നു.
സമാനമായ ഉപരോധം നേരിടുന്ന ഇറാനും രൂപ ഇടപാട് ഗുണം ചെയ്‌തേക്കും. പ്രാദേശിക കറന്‍സികളില്‍ ഇടപാട് നടത്തുന്നത് സംബന്ധിച്ച് 30-35 രാജ്യങ്ങള്‍ വിശദാംശങ്ങള്‍ തേടിയെന്ന് കഴിഞ്ഞ ആഴ്ച ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏഷ്യ, സ്‌കാന്‍ഡനേവിയ, ആഫ്രിക്ക തുടങ്ങിയ മേഖലകളില്‍ നിന്നുള്ള രാജ്യങ്ങളില്‍ നിന്നാണ് അന്വേഷണം. ഡോളര്‍ ക്ഷാമം നേരിടുന്ന ചെറിയ രാജ്യങ്ങളാണ് പ്രാദേശിക കറന്‍സിയില്‍ വ്യാപാരം നടത്താന്‍ മുന്നോട്ട് വരുന്നത്.
ചെറിയ രാജ്യങ്ങളുമായുള്ള ഇടപാടുകള്‍ക്ക് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയും രംഗത്തെത്തിയിട്ടുണ്ട്. ഉപരോധമുള്ള രാജ്യങ്ങളുമായുള്ള ഇടപാട് വിദേശ വിപണിയിലെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയില്‍ വലിയ ബാങ്കുകള്‍ വിട്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മൗറീഷ്യസ്, ശ്രീലങ്ക എന്നീ രാജ്യങ്ങളുമായാണ് എസ്ബിഐ ഇടപാട് നടത്തുക. എസ്ബിഐ മൗറീഷ്യസ്, പീപ്പിള്‍സ് ബാങ്ക് ഓഫ് ശ്രീലങ്ക എന്നിവര്‍ എസ്ബിഐയില്‍ വോസ്‌ട്രോ അക്കൗണ്ടുകള്‍ ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് സിലോണ്‍ (ചെന്നൈ) എന്നിവയാണ് ശ്രീലങ്കന്‍ ബാങ്കുകള്‍ വോസ്‌ട്രോ അക്കൗണ്ടുകള്‍ തുടങ്ങിയ മറ്റ് സ്ഥാപനങ്ങള്‍. ചെറിയ രാജ്യങ്ങളുടെ വിഭാഗത്തില്‍ ശ്രീലങ്ക, മൗറീഷ്യസ് രാജ്യങ്ങളിലെ ബാങ്കുകള്‍ക്ക് മാത്രമാണ് വോസ്‌ട്രോ അക്കൗണ്ട് തുടങ്ങാന്‍ ആര്‍ബിഐ ഇതുവരെ അനുമതി നല്‍കിയിരിക്കുന്നത്. രൂപ ഇടപാടുകള്‍ക്കായി 5 മാസത്തിനിടെ 18 വോസ്‌ട്രോ അക്കൗണ്ടുകളാണ് അനുവദിച്ചത് അതില്‍ 12 എണ്ണവും റഷ്യന്‍ ഇടപാടുകള്‍ക്കായാണ്.