സംസ്ഥാനങ്ങളുടെ സാമ്പത്തിക ഭദ്രത താളം തെറ്റുന്നെന്ന് ആർബിഐ
ചെലവുകൾ ക്രമാതീതമായി വർധിക്കുകയും വരുമാനം കുറയുകയും ചെയ്യുക വഴി സംസ്ഥാനങ്ങളുടെ സാമ്പത്തിക നില സമ്മർദ്ദത്തിലായിരിക്കുകയാണെന് ന് റിസർവ് ബാങ്ക് പഠന റിപ്പോർട്ട്.
2017-18 സാമ്പത്തിക വർഷത്തിൽ ബഡ്ജറ്റിൽ കണക്കാക്കിയതിനേക്കാൾ കൂടുതലായിരുന്നു ധനക്കമ്മി. ഇതിന് പ്രധാനകാരണം സംസ്ഥാനങ്ങളുടെ സ്വന്തം നികുതി വരുമാനത്തിലുള്ള കുറവും വർധിച്ച ചെലവുകളുമാണെന്ന് ആർബിഐ ചൂണ്ടിക്കാണിക്കുന്നു.
ജീവനക്കാരുടെ ശമ്പള വർധനവും, ഉയർന്ന പലിശയും, കാർഷിക വായ്പാ എഴുതിതള്ളലും മൂലം അടുത്ത സാമ്പത്തിക വർഷം ധനക്കമ്മി ഉയരാൻ സാധ്യതയുണ്ട്. നിശ്ചയിച്ച പരിധിക്കുമുകളിൽ ധനക്കമ്മി ഉയർന്നാൽ, കടം വാങ്ങാൻ സംസ്ഥാനം നിർബന്ധിതമാകുകയും അത് വായ്പാ ചെലവ് ഉയർത്തുകയും ചെയ്യും.
സംസ്ഥാനങ്ങളുടെ പൊതു വിപണിയിൽ നിന്നുള്ള കടമെടുപ്പ് കൂടി. ഇത് മൂലം വായ്പാ ചെലവുകൾ ഗണ്യമായി വർധിക്കുകയും ചെയ്തു.
കേരളത്തിലെ സാഹചര്യം
കേരളമുൾപ്പെടെ ഏഴ് സംസ്ഥാനങ്ങൾ സ്വന്തം നിലയിൽ പലതവണയായി വേതന വർധനവ് നടപ്പാക്കിയിട്ടുണ്ട്. ഇത് സാമ്പത്തിക സന്തുലനത്തിന് ഇളക്കം തട്ടാൻ ഒരു കാരണമാണെന്ന് ആർബിഐ പറയുന്നു.
പതിനൊന്ന് സംസ്ഥാനങ്ങൾ വാങ്ങുന്നതിനേക്കാൾ താഴ്ന്ന വിലയിലാണ് റേഷൻ ധാന്യങ്ങൾ വിതരണം ചെയ്യുന്നത്. ഇതിൽ കേരളം, തമിഴ്‌നാട്, കർണാടകം എന്നിവ അന്ത്യോദയ, മുൻഗണനാ വിഭാഗങ്ങളിൽപ്പെട്ടവർക്ക് സൗജന്യമായി റേഷൻ നൽകുന്നുണ്ട്.
ഇങ്ങനെ നൽകുന്ന സബ്‌സിഡി സ്വാഭാവികമായും സർക്കാരിന്റെ ചെലവ് കൂട്ടും. സബ്‌സിഡി ഇനത്തിൽ ഏകദേശം 500 കോടി രൂപയോളം അധിക ചെലവാണ് കേരളം വഹിക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ജിഎസ്ടിയിൽ നിന്നുള്ള വരുമാനത്തിന് സ്ഥിരത കൈവരുന്നത് വരെ, വരുമാന മാർഗ്ഗങ്ങൾ ഊർജിതപ്പെടുത്തുകയാണ് ധനക്കമ്മി പരിധി നിലനിർത്താൻ സംസ്ഥാനത്തിന് മുൻപിലുള്ള പോംവഴിയെന്നാണ് ആർബിഐ പറയുന്നത്.
നികുതി നിർവഹണം കൂടുതൽ കാര്യക്ഷമമാക്കുകയും ചെലവുകൾ കർശനമായി നിരീക്ഷിക്കുകയും ചെയ്യുന്നത് വരുമാനത്തിലുള്ള കുറവുകൾ നികത്താൻ സംസ്ഥാനങ്ങൾക്ക് സഹായകരമാകും.