സ്വർണ വില 50, 000 കടക്കുമോ?

By ഹരീഷ് വി

കഴിഞ്ഞ ഏതാനും മാസങ്ങളായി കോവിഡ് 19 എന്ന മഹാമാരി ആഗോള സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുകയും ഓഹരി വിപണി അടക്കമുള്ള മിക്ക നിക്ഷേപ മാര്‍ഗങ്ങളിലും കനത്ത വില്‍പ്പന സമ്മര്‍ദ്ദമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ പ്രതികൂല സാഹര്യത്തിലും സ്വര്‍ണവിലകൡ ഒട്ടും ഇടിവ് രേഖപ്പെടുത്തിയിട്ടില്ല എന്നു മാത്രമല്ല തുടര്‍ച്ചയായി നേട്ടത്തിന്റെ പാതയിലുമായിരുന്നു.

സ്വര്‍ണത്തിന്റെ ഏറ്റവും വലിയ ലണ്ടന്‍ റെഡി വിപണിയില്‍ കഴിഞ്ഞ ജനുവരി മുതല്‍ മാത്രം ഏകദേശം 14 ശതമാനത്തോളം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. 2016 മുതലുള്ള നേട്ടമാകട്ടെ 64 ശതമാനത്തിനു മുകളിലും. ഇതേ സമയം ഇന്ത്യന്‍ വിപണിയില്‍ ഈ വര്‍ഷം ആദ്യം മുതല്‍ 19 ശതമാനത്തോളവും. 2016 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ 84 ശതമാനവും സ്വര്‍ണ വിലകള്‍ മുന്നേറിയിട്ടുണ്ട്.

ആഭ്യന്തര സ്വര്‍ണ വിലകളിലെ ഈ പ്രകടനം യഥാര്‍ത്ഥത്തില്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. 2002 ല്‍ 10 ഗ്രാമിന് 630 രൂപയില്‍ നിന്നിരുന്ന സ്വര്‍ണ വിലകള്‍ ഇപ്പോള്‍ 10 ഗ്രാമിന് 47000 രൂപയ്ക്കടുത്താണ് അവധി വിപണിയില്‍ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ 20 വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ 2013, 2014, 2015 വര്‍ഷങ്ങൡ മാത്രമാണ് സ്വര്‍ണ വിലകളില്‍ ചെറിയ തോതിലെങ്കിലും ഇടിവ് ദൃശ്യമായിരുന്നത്. ബാക്കി എല്ലാ വര്‍ഷവും ആദായകരം തന്നെയായിരുന്നു.

എന്തുകൊണ്ട് സ്വര്‍ണവില ഉയരത്തില്‍?

നിക്ഷേപകര്‍ സ്വര്‍ണത്തെ ഒരു സുരക്ഷിത ആസ്തിയായി കാണുന്നതാണ് സ്വര്‍ണ വിലകളില്‍ വര്‍ധനയുണ്ടാകാനുള്ള പ്രധാന കാരണം. 2018 ന്റെ മധ്യത്തോടു കൂടി ആരംഭിച്ച യുഎസ്- ചൈന വ്യാപാര സംഘര്‍ഷങ്ങള്‍ ആഗോള സാമ്പത്തികാവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും തന്മൂലം നിക്ഷേപകര്‍ സ്വര്‍ണത്തെ ഒരു സുരക്ഷിത ആസ്തിയായി പരിഗണിക്കുകയും ചെയ്തു. ഇപ്പോള്‍ ഇതാ കൊറോണ വൈറസ് ബാധ മൂലം മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് ലോകം കടക്കുമെന്ന ഭയാശങ്കകള്‍ നഷ്ട സാധ്യത കുറവുള്ള നിക്ഷേപങ്ങളില്‍ നിന്നും പണം പിന്‍വലിച്ച് താരതമ്യേന നഷ്ട സാധ്യത കുറഞ്ഞ സ്വര്‍ണം വാങ്ങിക്കൂട്ടാന്‍ ആളുകളെ പ്രേരിപ്പിച്ചു.

അതുപോലെ പല ബാങ്കുകളുടേയും കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്കുകള്‍ കുറയ്ക്കുകയും കൂടുതല്‍ പണം വിപണിയിലേക്കൊഴുക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്തത് സ്വര്‍ണ വിലകള്‍ക്ക് അനുകൂലമായി മാറിയിട്ടുണ്ട്.
ബാങ്കുകള്‍ പലിശ നിരക്കുകള്‍ കുറയ്ക്കുമ്പോള്‍ സാങ്കേതികമായി പലിശ ലഭ്യമല്ലാത്ത സ്വര്‍ണംപോലുള്ള ആസ്തികളിലേക്ക് നിക്ഷേപകര്‍ ആകര്‍ഷിക്കപ്പെടുകയും തന്മൂലം വിലവര്‍ധനവുണ്ടാവുകയും വിപണിയില്‍ സ്വാഭാവികമാണ്.

യുഎസ് ഡോളറില്‍ കാര്യമായ വര്‍ധനവില്ലാത്തതും ഐഎംഎഫ് പോലുള്ള ഏജന്‍സികള്‍ ആഗോള സാമ്പത്തിക മാന്ദ്യത്തെ കുറിച്ച് സൂചിപ്പിച്ചതും സ്വര്‍ണത്തിന് അനുകൂലമായി. പല രാജ്യങ്ങളുടേയും കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും നിക്ഷേപകരെ സ്വര്‍ണം വിറ്റുമാറുന്നതില്‍നിന്നും പിന്‍വലിക്കുന്നു.

ഇന്ത്യന്‍ വിപണിയെ നയിക്കുന്നത്

വിദേശ വിപണിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ സ്വര്‍ണ വിലകളുടെ പ്രകടനം എന്നും ഒരുപടി മുന്നില്‍ തന്നെയായിരുന്നു. ഇന്ത്യയില്‍ സ്വര്‍ണത്തിനുള്ള 12.5 ശതമാനം ഇറക്കുമതി ചുങ്കം ആഭ്യന്തര വിലകള്‍ ഉയര്‍ന്നു നില്‍ക്കുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ ഇന്ത്യന്‍ രൂപയുടെ മൂല്യ ശോഷണവും അഭ്യന്തര വിലകളെകാര്യമായി സ്വാധീനിക്കുന്നു.
ആവശ്യമുള്ള സ്വര്‍ണത്തിന്റെ ഏറിയ പങ്കും ഇറക്കുമതി ചെയ്യുന്നതിനാല്‍ രൂപയുടെ മൂല്യ ശോഷണം സ്വര്‍ണത്തിന്റെ ഇറക്കുമതി വിലകളില്‍ വന്‍ വര്‍ധനവുണ്ടാക്കിയിട്ടുണ്ട്. 2010 മുതല്‍ ഇന്ത്യന്‍ രൂപയ്ക്ക് ഏകദേശം 70 ശതമാനം ഇടിവ് സംഭവിച്ചിട്ടുണ്ട് എന്നുള്ളത് ആഭ്യന്തര സ്വര്‍ണ വിലകള്‍ കയറി നില്‍ക്കുന്നതിന് എത്രത്തോളം സഹായിച്ചിട്ടുണ്ട് എന്നുള്ളത് മനസിലാക്കാന്‍ സാധിക്കും.

എന്നാല്‍ ഉയര്‍ന്ന് നില്‍ക്കുന്ന വിലകള്‍ സ്വര്‍ണത്തിന്റെ ഫിസിക്കല്‍ ആവശ്യകത കുറയുന്നതിനും പകരം, സ്വര്‍ണത്തിന്റെ ഡിജിറ്റല്‍ നിക്ഷേപങ്ങളില്‍ വര്‍ധനവുണ്ടാകുന്നതിനും കാരണമായിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകൾ പ്രകാരം ഇന്ത്യ, ചൈന തുടങ്ങിയ പ്രധാന വിപണികളില്‍ ആഭരണാവശ്യങ്ങള്‍ക്കുള്ള സ്വര്‍ണ ഉപഭോഗത്തില്‍ കുറവു വരികയും പകരം എക്‌സ്‌ചേഞ്ച് ട്രേഡഡ്ഫണ്ട്(ഇടിഎഫ്) പോലുള്ള നിക്ഷേപമാര്‍ഗങ്ങളില്‍ വന്‍ തോതില്‍ വര്‍ധനവുണ്ടായതായും കാണുന്നു.

സ്വര്‍ണ നിക്ഷേപം എങ്ങനെ വേണം?

സ്വര്‍ണാഭരണങ്ങളോട് ഇന്ത്യക്കാര്‍ക്ക് എന്നും വര്‍ധിച്ച സ്വീകാര്യതയാണുള്ളത്. അതുകൊണ്ടു തന്നെ വിശേഷാവസരങ്ങളില്‍ സ്വര്‍ണം സമ്മാനിക്കുന്നത് ഇന്ത്യയില്‍ പതിവാണ്. കാലക്രമേണ ഇത്തരം ആഭരണങ്ങളും മറ്റും ഒരു നിക്ഷേപമായി മാറ്റപ്പെടുകയാണ് പതിവ്. അല്ലാതെ സ്വര്‍ണത്തിന്റെ വില വര്‍ധനവ് മുന്നില്‍ കണ്ട് സ്വര്‍ണം വാങ്ങിക്കുന്ന പതിവ് നമുക്ക് കുറവാണ്.
എന്നാല്‍ ആഭരണ രൂപത്തില്‍ സ്വര്‍ണം വാങ്ങിക്കുമ്പോള്‍ പണിക്കൂലി, പണിക്കുറവ് തുടങ്ങിയ അധിക ചെലവുകളുണ്ടാകും.നേരേമറിച്ച് സ്വര്‍ണ ഇടിഎഫുകള്‍, ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ സോവറിന്‍ ഗോള്‍ഡ് ബോണ്ട് തുടങ്ങിയ ഡിജിറ്റല്‍ രൂപത്തിലുള്ള നിക്ഷേപങ്ങളിലൂടെ സ്വര്‍ണത്തിലുണ്ടാകുന്ന മൂല്യവര്‍ധന പൂര്‍ണമായും നേടിയെടുക്കാനും അധിക ചെലവുകള്‍ കുറയ്ക്കാനും സാധിക്കും. സൂക്ഷിപ്പ് ചെലവുകള്‍ കുറവാണ് എന്നതും ഇത്തരം നിക്ഷേപകര്‍ക്ക് അനുകൂലഘടകമാണ്.

ആകര്‍ഷകം സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍

ഡിജിറ്റല്‍ സ്വര്‍ണ നിക്ഷേപ മാര്‍ഗങ്ങൡ ഇപ്പോള്‍ ഏറ്റവും പ്രധാനം ഇന്ത്യന്‍ ഗവണ്‍മെന്റിനു വേണ്ടി റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളാണ്. 2015 മുതല്‍ എല്ലാവര്‍ഷവും പല ഘട്ടങ്ങളായി ഇ ബോണ്ടുകളില്‍ നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്.

ഒരു ഗ്രാം മുതല്‍ നിക്ഷേപം തുടങ്ങാം എന്നതിനു പുറമെ ഇതിന്റെ ഏറ്റവും വലിയ ആകര്‍ഷകത്വം വര്‍ഷത്തില്‍ 2.5 ശതമാനം പലിശ ലഭ്യമാണ് എന്നതാണ്. നിക്ഷേപ സമയത്തെ സ്വര്‍ണ വിലകളെ അടിസ്ഥാനമാക്കിയാണ് പലിശ ലഭ്യമാക്കുന്നത്. ഇതൊരു ദീര്‍ഘകാല നിക്ഷേപ മാര്‍ഗമാണെങ്കിലും നിക്ഷേപങ്ങള്‍ ഡി-മാറ്റ് രൂപത്തിലായതിനാല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലൂടെയുള്ള വാങ്ങലും വില്‍പ്പനയും സാധ്യമാണ്. ഈ ബോണ്ട് 2015 ല്‍ ആദ്യമായി വിതരണം നടത്തിയത് ഗ്രാമിന് രൂപ 2684 എന്ന നിരക്കിലായിരുന്നു. എന്നാല്‍ ഈ അടുത്ത് വിതരണം ചെയ്ത ബോണ്ടുകളുടെ വില ഗ്രാമിന് 4590 രൂപ എന്ന നിരക്കിലാണ് എന്നത് സ്വര്‍ണ വിലകളിലുണ്ടായ വന്‍ വര്‍ധനയെ എടുത്തു കാട്ടാന്‍ ഉതകുന്നതാണ്.

ആഭരണത്തിലല്ലാതെ ഫിസിക്കല്‍ രൂപത്തില്‍ സ്വര്‍ണം വാങ്ങേണ്ടവര്‍ക്ക് കോയിന്‍ രൂപത്തിലും ബാര്‍ രൂപത്തിലും സ്വര്‍ണം വിപണിയില്‍ ലഭ്യമാണ്. ഭാവിയില്‍ ഫിസിക്കല്‍ സ്വര്‍ണം ആവശ്യമുള്ളവര്‍ക്ക് ഇത്തരത്തിലുള്ള നിക്ഷേപം അനുയോജ്യമായേക്കാം.

സ്വര്‍ണം നേട്ടം തുടരുമോ?

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും മിക്ക നിക്ഷേപകര്‍ക്കും അറിയേണ്ടത് സ്വര്‍ണം ഇനിയും നേട്ടം കൈവരിക്കുമോ എന്നതാണ്. എന്നാല്‍ ഇപ്പോഴത്തെ സാഹര്യത്തില്‍ സ്വര്‍ണത്തിനു പകരമായി മറ്റൊരു സുരക്ഷിത ആസ്തി ലഭ്യമല്ലാത്തതിനാല്‍ വിലകളില്‍ കാര്യമായ തിരുത്തലുകള്‍ ഉണ്ടാവാനുള്ള സാധ്യതകള്‍ വളരെ കുറവാണ്. കോവിഡിനു മുന്നില്‍ പകച്ചു നില്‍ക്കുന്ന ആഗോള സമ്പദ് വ്യവസ്ഥ, അതുപോലെ നേരത്തെ പരിഹരിക്കപ്പെട്ടു എന്നു കരുതിയിരുന്ന യു.എസ് -ചൈന വ്യാപാര സംഘര്‍ഷങ്ങള്‍ വീണ്ടും ഉടലെടുക്കുന്നത് തുടങ്ങിയവ നിക്ഷേപകരെ താരതമ്യേന നഷ്ട സാധ്യത കുറഞ്ഞ സ്വര്‍ണം പോലുള്ള ആസ്തികളില്‍ തുടര്‍ന്നും നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചേക്കാം.

പല രാജ്യങ്ങളുടേയും കേന്ദ്ര ബാങ്കുകള്‍ സ്വീകരിക്കുന്ന പലിശ കുറയ്ക്കല്‍, സാമ്പത്തിക ഉദാരവത്കരണം തുടങ്ങിയ നടപടികളും ദീര്‍ഘകാലത്തില്‍ സ്വര്‍ണത്തിന് അനുകൂലമാണ്. അതുപോലെ ഓഹരി, കറന്‍സി തുടങ്ങിയ വിപണികളിലുള്ള ചാഞ്ചാട്ടങ്ങളും ബാങ്ക് ഓഫ് അമേരിക്ക, സിറ്റി ബാങ്ക് തുടങ്ങിയ പ്രമുഖ നിക്ഷേപ സ്ഥാപനങ്ങള്‍ ഈ വര്‍ഷവും വരും വര്‍ഷങ്ങളിലും വിലകളില്‍ വന്‍ വര്‍ധനവ് പ്രവചിച്ചിരിക്കുന്നതും നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആകര്‍ഷിക്കാന്‍ ഇടയുണ്ട്. ഇത്തരം സാഹചര്യം പരിഗണിക്കുമ്പോള്‍ ആഭ്യന്തര സ്വര്‍ണ വിലകള്‍ പത്തു ഗ്രാമിന് 50000 രൂപ വരേയോ ഒരു പക്ഷേ 62500 രൂപ വരെയോ എത്താനുള്ള സാധ്യതകളും തള്ളിക്കളയാവാകില്ല.

അതേ സമയം ഇന്ത്യന്‍ വിലകള്‍ ഇപ്പോള്‍ റിക്കാര്‍ഡ് നിലവാരത്തില്‍ ആയതിനാലും വ്യാപാരത്തോത് വളരെകുറവയാതിനാലും വിലകളില്‍ ലാഭമെടുപ്പിനുള്ള സാധ്യതകളും കാണുന്നുണ്ട്. ഇന്ത്യന്‍ രൂപയ്ക്കുണ്ടാകുന്ന മൂല്യവര്‍ധനയും വിദേശ വിപണിയിലെ വില്‍പ്പന സമ്മര്‍ദ്ദവും വിലകളെ താഴോട്ട് നയിച്ചേക്കാം. എന്നിരുന്നാലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണ വിലകള്‍ കാര്യമായിതന്നെ നേട്ടം കൈവരിക്കാനുള്ള സാധ്യതകളാണ് ഇപ്പോഴുള്ളത്.

(ലേഖകൻ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് കമ്മോഡിറ്റി റിസർച് ഹെഡ് ആണ്. )

Related Articles
Next Story
Videos
Share it