അമേരിക്കയുടെ കൈക്കൂലി അന്വേഷണ റിപ്പോര്‍ട്ട് തെറ്റാണെന്ന് അദാനി
അമേരിക്കന്‍ ഷോര്‍ട്ട്സെല്ലറായ ഹിന്‍ഡെന്‍ബെര്‍ഗ് ഏല്‍പ്പിച്ച പ്രഹരത്തില്‍ നിന്ന് കരകയറുന്ന അദാനി ഗ്രൂപ്പിന് വീണ്ടും തിരിച്ചടിയായി അമേരിക്കന്‍ അന്വേഷണ ഏജന്‍സി എത്തിയിരുന്നു. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി വിവിധ കരാറുകള്‍ സ്വന്തമാക്കാന്‍ കൈക്കൂലി കൊടുത്തിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള അന്വേഷണത്തിനാണ് അമേരിക്ക അടുത്തിടെ തുടക്കമിട്ടത്. എന്നാല്‍ ഈ അന്വേഷണവുമായി ബന്ധപ്പെട്ട് അദാനി കമ്പനികള്‍ക്ക് യു.എസ് നീതിന്യായ വകുപ്പില്‍ നിന്ന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് എക്‌സ്‌ചേഞ്ച് ഫയലിംഗുകളില്‍ അദാനി ഗ്രൂപ്പ് അറിയിച്ചു.
മാത്രമല്ല ഇത്തരം ആരോപണങ്ങള്‍ തെറ്റാണെന്നും അവ നിഷേധിക്കുന്നുവെന്നും അദാനി കമ്പനികളായ അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍, അദാനി എന്റര്‍പ്രൈസസ്, എ.സി.സി, അംബുജ സിമന്റ്സ്, അദാനി പവര്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി വില്‍മര്‍, ന്യൂഡല്‍ഹി ടെലിവിഷന്‍, അദാനി എനര്‍ജി സൊല്യൂഷന്‍സ് എന്നീ കമ്പനികള്‍ പ്രത്യേക ഫയലിംഗില്‍ പറഞ്ഞു.
ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കി
ന്യൂയോര്‍ക്കിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റിലുള്ള യു.എസ് അറ്റോര്‍ണിയുടെ ഓഫീസും വാഷിംഗ്ടണിലെ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഫ്രോഡ് യൂണിറ്റുമാണ് ഗ്രൂപ്പിനെതിരെ നിലവില്‍ അന്വേഷണം നടത്തുന്നത്. ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കി അദാനി ഊര്‍ജ പദ്ധതികള്‍ക്കുള്ള കരാര്‍ നേടിയോ എന്നാണ് അന്വേഷിക്കുന്നത്. ഇന്ത്യയിലെ റിന്യൂവബിള്‍ എനര്‍ജി കമ്പനിയായ അസ്യൂര്‍ പവര്‍ ഗ്ലോബലിനെതിരെയും അന്വേഷണമുണ്ടെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇന്ത്യയിലെയും വിദേശത്തെയും നിയമങ്ങള്‍ പൂര്‍ണമായി പാലിച്ചാണ് പ്രവര്‍ത്തനമെന്നും കമ്പനിക്കോ ചെയര്‍മാനോ എതിരെ അന്വേഷണം നടക്കുന്നതായി അറിയില്ലെന്നും അദാനി ഗ്രൂപ്പ് അന്നേ വ്യക്തമാക്കിയിരുന്നു. അദാനി ഗ്രൂപ്പിന് ഇന്ത്യക്ക് പുറമേ വിദേശ രാജ്യങ്ങളിലും സാന്നിദ്ധ്യമുണ്ട്. വിവിധ പദ്ധതികള്‍ക്കായി അമേരിക്കന്‍ നിക്ഷേപകരില്‍ നിന്നും അമേരിക്കന്‍ വിപണിയില്‍ നിന്നും അദാനി ഗ്രൂപ്പ് നിക്ഷേപം ആകര്‍ഷിച്ചിട്ടുണ്ട്. അമേരിക്കന്‍ നിക്ഷേപം സ്വീകരിച്ചിട്ടുള്ള കമ്പനി അമേരിക്കയ്ക്ക് പുറത്ത് നിയമവിരുദ്ധമായ ഇടപാടുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കാന്‍ യു.എസ് നിയമം അനുവദിക്കുന്നുണ്ട്.