ബൈജൂസ് വളര്‍ന്നത് മൂന്നിരട്ടി, പ്രയോജനമായത് ലോക്ഡൗണ്‍ കാലത്ത് സൗജന്യമാക്കിയത്
കോവിഡ് 19 പ്രതിസന്ധിയില്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ മൂന്നിരട്ടി വര്‍ദ്ധനയുമായി ബൈജൂസ്. സ്‌കൂളുകള്‍ അടയ്ക്കുകയും ഇനിയെന്ന് തുറക്കുമെന്നുള്ള ആശങ്ക നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വീട്ടിലിരുന്ന് പഠിക്കാന്‍ സഹായിക്കുന്ന ബൈജൂസ് ആപ്പിന് ഡിമാന്റേറുകയാണ്. ഈ അവസരം ഉപയോഗപ്പെടുത്തി വളരാനായി 400 മില്യണ്‍ ഡോളര്‍ ഫണ്ട് ലഭിക്കുന്നതിനുള്ള ചര്‍ച്ചകളിലാണ് കമ്പനിയെന്ന് ടെക്ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോക്ഡൗണ്‍ സമയത്ത് ബൈജൂസ് തങ്ങളുടെ കണ്ടന്റുകള്‍ സൗജന്യമായി വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കി. ഇതോടെ ബൈജൂസ് ഉപയോക്താക്കളുടെ എണ്ണത്തില്‍ മൂന്ന് മടങ്ങോളം വര്‍ദ്ധനയുണ്ടായി. മാര്‍ച്ചില്‍ മാത്രം ആറ് ദശലക്ഷം പുതിയ വിദ്യാര്‍ത്ഥികള്‍ ഈ പ്ലാറ്റ്‌ഫോമില്‍ ചേര്‍ന്നു. ഇതോടെ ബൈജൂസിന്റെ വെബ്‌സൈറ്റിലെ ട്രാഫിക് 150 ശതമാനമാണ് കൂടിയത്.
ബൈജൂസിന്റെ സ്ഥാപകനായ ബൈജു രവീന്ദ്രന്‍ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്മാരില്‍ ഒരാളാണ്. ഫോര്‍ബ്‌സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2019ല്‍ ഇദ്ദേഹത്തിന്റെ ആസ്തി 1.7 ബില്യണ്‍ ഡോളറായിരുന്നു. ഫേസ്ബുക്കിന്റെ നിക്ഷേപം ഉള്‍പ്പടെ കമ്പനിക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞിരുന്നു.
10 ബില്യണ്‍ ഡോളറിന്റെ വാല്യുവേഷനാണ് കമ്പനി ഇപ്പോള്‍ ലക്ഷ്യം വെക്കുന്നത്. പുതിയ ഫണ്ട് ലഭിച്ചാല്‍ ഇപ്പോഴത്തെ വാല്യുവേഷനില്‍ 20 ശതമാനം വര്‍ദ്ധനയുണ്ടായേക്കും. എങ്കില്‍ പേടിഎം കഴിഞ്ഞാല്‍ ഏറ്റവും വാല്യുവേഷനുള്ള രാജ്യത്തെ രണ്ടാമത്തെ സ്റ്റാര്‍ട്ടപ്പായി മാറും.
എന്നാല്‍ ചില വെല്ലുവിളികളും ബൈജൂസിനെ കാത്തിരിക്കുന്നുണ്ട്. ആപ്പിനെക്കുറിച്ച് ഈയിടെ ഉയര്‍ന്നുവരുന്ന ചില വിവാദങ്ങളാണ് അതിലൊന്ന്. പലരും ആപ്പിനെതിരെ സോഷ്യല്‍ മീഡിയയില്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. മാത്രമല്ല ലോക്ഡൗണ്‍ സമയത്ത് വന്ന പുതിയ ഉപയോക്താക്കള്‍ ഇത് കഴിഞ്ഞാലും നിലനില്‍ക്കുമോ എന്നതും ചോദ്യചിഹ്നമായി നില്‍ക്കുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline