പുനരുദ്ധരിക്കുക അല്ലെങ്കിൽ അടച്ചുപൂട്ടുക: ബിഎസ്എൻഎല്ലിനോട് കേന്ദ്രം

പൊതുമേഖലാ ടെലകോം കമ്പനിയായ ബിഎസ്എൻഎല്ലിനെ പുരുദ്ധരിക്കാനുള്ള വഴികൾ എത്രയും പെട്ടെന്ന് കണ്ടെത്തി നടപ്പിലാക്കണമെന്ന് ടെലകോം സെക്രട്ടറി അരുണ സുന്ദരരാജൻ.

നഷ്ടത്തിന് മുകളിൽ നഷ്ടം കുമിഞ്ഞുകൂടുന്നതാണ് കമ്പനിയ്ക്ക് ഇത്തരമൊരു നിർദേശം നല്കാൻ കേന്ദ്രത്തെ പ്രേരിപ്പിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സാധ്യമായ എല്ലാ വഴികളും തേടണം; പുനരുദ്ധാരണ നടപടികൾ, അല്ലെങ്കിൽ ഓഹരിവിറ്റഴിക്കൽ, അതുമല്ലെങ്കിൽ അടച്ചുപൂട്ടൽ എന്നതാണ് കേന്ദ്രത്തിന്റെ നിലപാട്.

2017-18 സാമ്പത്തിക വർഷം അവസാനത്തിൽ 31,287 കോടി രൂപയിലെത്തി നിൽക്കുകയാണ് ബിഎസ്എൻഎല്ലിന്റെ കടം. കമ്പനിയുടെ സാമ്പത്തിക ആരോഗ്യനിലയെ സംബന്ധിച്ച പ്രസന്റേഷൻ ടെലകോം സെക്രട്ടറിയ്ക്ക് മുന്നിൽ അവതരിപ്പിച്ചത് ബിഎസ്എൻഎൽ അനുപം ശ്രീവാസ്തവയാണ്.

റിലയൻസ് ജിയോയുടെ വരവ് കമ്പനിയുടെ ബിസിനസിനെ എങ്ങിനെ ബാധിച്ചു എന്നതും അദ്ദേഹം വിവരിച്ചു. പൊതുമേഖല കമ്പനികളുടെ മൊത്തം നഷ്ടത്തിൽ 25 ശതമാനവും ബിഎസ്എൻഎലിന്റെ സംഭാവനയാണ്.

എന്നാൽ മത്സരത്തിന് പുറമേ, കമ്പനിയെ പ്രതിസന്ധിയിലാക്കുന്ന മറ്റൊരു കാര്യം വലിയൊരു വിഭാഗം ജീവനക്കാരും പ്രായമേറിയവരാണ് എന്നതാണ്. വിആർഎസ് വഴിയോ റിട്ടയർമെന്റ് പ്രായം 60-ൽ നിന്ന് 58 ആയി കുറച്ചോ ഇതിന് പരിഹാരം കാണണമെന്നാണ് കമ്പനി ഉദ്ദേശിക്കുന്നത്.

പെൻഷൻ പ്രായം കുറച്ചാൽ 3,000 കോടി രൂപയെങ്കിലും ലാഭിക്കാമെന്ന് കമ്പനി കണക്കുകൂട്ടുന്നു. 15,000 കോടി രൂപ വിലയുള്ള ഭൂമിയും കെട്ടിടങ്ങളും ബിഎസ്എൻഎല്ലിനുണ്ട്. ഇതിനെ മോണെറ്റൈസ് ചെയ്യാനും ആലോചനയുണ്ട്.

Related Articles
Next Story
Videos
Share it