Top

ലോകത്തിലെ മൊത്തം പരസ്യചെലവിന്റെ പകുതിയും സ്വന്തമാക്കുന്നത് ഈ മൂന്ന് ടെക് ഭീമന്മാര്‍!

പരസ്യവിപണിയുടെ തലവര മാറ്റിക്കുറിക്കുകയാണ് ടെക് ഭീമന്‍മാരായ ഗൂഗിളും ഫേസ്ബുക്കും ആമസോണും. കോവിഡ് മഹാമാരി ലോകക്രമത്തെ മാറ്റി മറിച്ചതോടെ പരസ്യവരുമാനത്തിന്റെ കാര്യത്തില്‍ ഗൂഗിളും ഫേസ്ബുക്കും ആമസോണും രണ്ടു വര്‍ഷത്തിനപ്പുറത്തേക്ക് ടൈം ട്രാവല്‍ പോലൊരു കുതിപ്പ് നടത്തിയിരിക്കുകയാണ്. ലോകമെങ്ങുമുള്ള ചെറുതും വലുതുമായ കമ്പനികള്‍ പരസ്യത്തിനായി ചെലവഴിക്കുന്ന തുകയുടെ പകുതിയിലേറെയും പോകുന്നത് ഇപ്പോള്‍ ഈ മൂന്നു വമ്പന്‍മാരിലേക്കാണെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. യു എസില്‍ ചരിത്രത്തിലാദ്യമായി പരസ്യമേഖലയില്‍ ഒട്ടാകെ ചെലവഴിക്കപ്പെട്ട തുകയില്‍ ഭൂരിഭാഗവും ഗൂഗിളും ഫേസ്ബുക്കും ആമസോണുമാണ് സ്വന്തമാക്കിയത്.

കോവിഡ് പ്രതിസന്ധിയുടെ ഘട്ടത്തല്‍ ആളുകളുടെ ഉപഭോഗ-വ്യയ ശീലങ്ങളില്‍ വന്ന മാറ്റങ്ങളെ തങ്ങള്‍ക്കനുകൂലമായി പരിവര്‍ത്തിപ്പിക്കാന്‍ ഈ വമ്പന്‍ ടെക്‌നോളജി പ്ലാറ്റ്‌ഫോമുകള്‍ക്ക് സാധിച്ചതാണ് ഈ മാറ്റത്തിന് കാരണം. കോവിഡ് കാലത്ത് അധികസമയവും വീടുകളില്‍ ചെലവഴിക്കേണ്ടി വന്ന ജനങ്ങളുടെ പ്രധാന ആശയവിനിമയോപാധികളായി ഇന്റര്‍നെറ്റും കംപ്യൂട്ടര്‍-മൊബൈല്‍ ഫോണ്‍ സ്്ക്രീനുകളും മാറിയത് ടെക്‌നോളജി മേഖലക്ക് അനുഗ്രഹമായി മാറുകയായിരുന്നു. ഡാറ്റാ സയന്‍സിന്റെ അപാരമായ സാധ്യതകള്‍ പരസ്യത്തിനായി എങ്ങനെയെല്ലാം ഉപയോഗപ്പെടുത്താമെന്ന് ടെക് ഭീമന്‍മാര്‍ കാണിച്ചു തന്നു. വാങ്ങാനും വില്‍ക്കാനും പരസ്യം നല്‍കുന്നവരെ സഹായിക്കാന്‍ ഗൂഗിളിന് നിരവധി ടൂളുകളുണ്ട്. ഗൂഗിള്‍ ഉപയോഗിക്കുന്നവരുടെ ബ്രൗസിംഗ് ആക്ടിവിറ്റിയുടെ അടിസ്ഥാനത്തില്‍ ഉപയോക്താക്കളെ പലതരം ഗ്രൂപ്പുകളായി തിരിച്ച് അനുയോജ്യമായ ഗ്രൂപ്പുകളില്‍ പരസ്യം നല്‍കാന്‍ ഗൂഗിളിന്റെ സാങ്കേതിക വിദ്യ പരസ്യദാതാക്കളെ സഹായിച്ചു. ഡാറ്റാ വിപ്ലവത്തിന്റെ കാലത്ത് ഉപഭോക്താക്കളുടെ ശീലങ്ങള്‍ അറിഞ്ഞ്, വരുമാനം തിരിച്ചുപിടിക്കാന്‍ കഴിയുന്ന വിധത്തില്‍ പരസ്യങ്ങള്‍ നല്‍കാന്‍ ടെക്‌നോളജി കമ്പനികള്‍ വലുതും ചെറുമായ ബ്രാന്‍ഡുകള്‍ക്ക് തുണയായി നിന്നു.

ടെലിവിഷന്‍, ന്യൂസ്‌പേപ്പറുകള്‍, ബില്‍ബോര്‍ഡുകള്‍ എന്നിവക്ക് ലഭിച്ചിരുന്ന പരസ്യവരുമാനത്തില്‍ കുത്തനെയുള്ള ഇടിവാണുണ്ടായത്. പ്രധാനപ്പെട്ട കമ്പനികളെല്ലാം പരസ്യത്തിനായി വകയിരുത്തിയ പണത്തിന്റെ വലിയ പങ്കും പോയത് ഡിജിറ്റല്‍ പ്ലാറ്റ്്‌ഫോമുകളിലേക്കാണ്. ടി വി പരസ്യങ്ങള്‍ക്കും പത്രപരസ്യങ്ങള്‍ക്കും ബില്‍ബോര്‍ഡ് പരസ്യങ്ങള്‍ക്കും മറ്റുമായി മാറ്റിവെച്ച പണം ഓണ്‍ലൈന്‍ മേഖലയിലേക്ക് ഒഴുകിയെത്തി. ഡിജിറ്റല്‍ മീഡിയയെ പരസ്യത്തിനായി ആശ്രയിച്ചവര്‍ തന്നെ ഗൂഗിള്‍, ഫേസ്ബുക്ക്, ആമസോണ്‍ എന്നീ മൂന്നു വമ്പന്‍മാരിലാണ് ആകൃഷ്ടരായത്. യു എസ് ഡിജിറ്റല്‍ പരസ്യവിപണിയുടെ 90 ശതമാനവും പോയ വര്‍ഷം ഈ മൂന്നു കമ്പനികളുടെ കൈയ്യിലായിരുന്നു.

ഫേസ്ബുക്കിന് 10 ദശലക്ഷം പരസ്യദാതാക്കളാണ് കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ ഉള്ളത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പോലും കുറഞ്ഞ നിരക്കില്‍ ഫേസ്ബുക്കിലൂടെ പരസ്യം ചെയ്യാന്‍ കഴിയുന്നു. പുതിയ ബിസിനസ് ആപ്ലിക്കേഷനുകളുടെ ഒരു പ്രവാഹം തന്നെ പോയ വര്‍ഷം ഉണ്ടായി. കഴിഞ്ഞ ജൂലൈയില്‍ അഞ്ച് ലക്ഷം വരെയായി അത് കുതിച്ചുയര്‍ന്നതായി യു എസ് സെന്‍സസ് ഡാറ്റ വ്യക്തമാക്കുന്നു. കോവിഡിന് മുമ്പ് റീട്ടെയില്‍ പര്‍ച്ചേസിംഗിന്റെ 10 ശതമാനമാണ് ഓണ്‍ലൈനായി നടന്നിരുന്നതെങ്കില്‍ 2020ന്റെ പകുതിയോടെ അത് 16 ശതമാനമായി ഉയര്‍ന്നു.

ഓണ്‍ലൈന്‍ പരസ്യങ്ങളിലൂടെ കോവിഡ് പ്രതിസന്ധിയെ മുറിച്ചുകടക്കാന്‍ നിരവധി കമ്പനികള്‍ക്കായി. ടോയ്‌ലറ്റ് സ്േ്രപ കമ്പനിയായ പൂ- പോറിയുടെ അനുഭവം ഒരുദാഹരണമാണ്. കോവിഡ് വരുന്ന സമയത്ത് ദശലക്ഷക്കണക്കിന് ഡോളറിന്റെ ഉല്‍പന്നങ്ങള്‍ അവര്‍ വിതരണത്തിന് തയ്യാറാക്കിയിരുന്നു. പ്രതിസന്ധി രൂക്ഷമായതോടെ ഉല്‍പന്നങ്ങള്‍ കെട്ടിക്കിടക്കാന്‍ തുടങ്ങി. ഇതോടെ ഷോപ്പുകളിലൂടെയുള്ള വില്‍പനക്ക് പകരം ഇ കോമേഴ്‌സ് സൈറ്റുകളിലേക്ക് വിപണി മാറ്റാന്‍ അവര്‍ തയ്യാറായി. അത്ഭുതകരമായിരുന്നു പ്രതികരണം. 'ഇതാണ് ഇനി ഞങ്ങളുടെ ഭാവി. ഇവിടെ നിന്ന് മാറിപ്പോകുന്ന പ്രശ്‌നമില്ല'- പോട്ട് പോറിയുടെ സ്ഥാപകന്‍ സൂസി ബാറ്റിസ് പറയുന്നു.

ചിക്കാഗോ ആസ്ഥാനമായ മോണ്ടാലസ് കമ്പനി ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റിനും ടോക്യോ സമ്മര്‍ ഒളിമ്പിക്‌സിനുമടക്കം പരസ്യത്തിനായി വന്‍തുക മാറ്റിവെച്ചിരുന്നു. പരിപാടികള്‍ നടക്കില്ലെന്ന് ഉറപ്പായതോടെ ഈ തുക ഡിജിറ്റല്‍ പരസ്യങ്ങള്‍ക്കായി ചെലവിട്ടു. ഗൂഗിളിലും ഫേസ്ബുക്കിലും കൂടുതലായി പരസ്യങ്ങള്‍ നല്‍കിയതിന് പ്രയോജനമുണ്ടായി. ടി വി പരസ്യങ്ങളുമായി അപേക്ഷിച്ച് 25 ശതമാനം അധികവരുമാനം ഡിജിറ്റല്‍ പരസ്യങ്ങള്‍ നല്‍കിയതിന്റെ ഫലമായി കമ്പനിക്കുണ്ടായി. ഏത് തരം ഉപഭോക്താക്കളിലേക്കാണ് പരസ്യം എത്തിക്കേണ്ടത് എന്ന് ചൂണ്ടിക്കാണിച്ചു തരാന്‍ ഗൂഗിളും ഫേസ്ബുക്കും സഹായിച്ചതാണ് ഇതിന് കാരണമായി കമ്പനി പറയുന്നത്. സി എന്‍ എന്‍ പോലുള്ള ഒരു ടെലിവിഷന്‍ കമ്പനിക്ക് ഇത്തരമൊരു സേവനം നല്‍കാന്‍ കഴിയില്ലെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ കമ്പനി നല്‍കുന്ന ഡിജിറ്റല്‍ പരസ്യങ്ങളുടെ 70 ശതമാനവും ലഭിക്കുന്നത് ഗൂഗിളിനും ഫേസ്ബുക്കിനുമാണ്.

സാധാരണ ടിവി ബ്രോഡ്കാസ്റ്റിംഗ് നടത്താറുള്ള ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍ വരെ ടിവി ചാനലുകള്‍ക്ക് പകരം ആമസോണില്‍ സ്ട്രീം ചെയ്യാന്‍ സംഘാടകര്‍ മുന്നോട്ടുവരുന്ന സ്ഥിതിവിശേഷമാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്. കോവിഡ് 19 പരസ്യവിപണിയില്‍ കൊണ്ടുവന്ന ഈ മാറ്റങ്ങള്‍ രോഗ പ്രതിസന്ധി ഒഴിയുമ്പോഴും അതേ പടി തുടരുകയാണ്. ഉപഭോക്താക്കളുടെ ശീലങ്ങളെ കോവിഡ് മാറ്റി മറിച്ചതിനാല്‍ ഭാവിയിലും ഈ പ്രവണതകള്‍ തുടരുമെന്ന് തന്നെയാണ് പരസ്യമേഖലയിലെ വിദഗ്ധരുടെ പ്രവചനം. എങ്കിലും കോവിഡ് വാക്‌സിന്റെ വരവോടെ വിപണി വീണ്ടും സജീവമായിരിക്കുന്നതിനാല്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് കീഴ്‌പ്പെട്ട മറ്റ് വിനിമയ മാധ്യമങ്ങള്‍ക്കും അഹര്‍ഹമായ പങ്ക് ലഭിച്ചു തുടങ്ങിയിട്ടുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it