അദാനി ഓഹരികള്‍ താഴേക്ക്; മൂലധന ചെലവുകള്‍ കുറയ്ക്കുന്നു

അദാനി ഓഹരികളുടെ തകര്‍ച്ച തുടര്‍കഥയാവുകയുമാണ്. ഗ്രൂപ്പിലെ ചില കമ്പനികള്‍ മെച്ചപ്പെട്ട ഡിസംബര്‍ പാദ സാമ്പത്തിക ഫലം പുറത്തുവിട്ടെങ്കിലും ഓഹരികളിലെ തകര്‍ച്ച പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞില്ല. അദാനി ഗ്രൂപ്പിനെതിരെ അക്കൗണ്ടിംഗ് തട്ടിപ്പും, ഓഹരിയില്‍ സ്റ്റോക്ക് കൃത്രിമത്വവും കാട്ടിയെന്ന ആരോപണവുമായി ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നത് ജനുവരി അവസാനമാണ്.

അടുത്ത സാമ്പത്തിക വര്‍ഷം 40 ശതമാനം വരുമാന വളര്‍ച്ച ലക്ഷ്യമിട്ട അദാനി ഗ്രൂപ്പ് അത് 15-20 ശതമാനമായി ചുരുക്കി. മൂലധന ചെലവുകള്‍ വെട്ടിച്ചുരുക്കാന്‍ അദാനി തീരുമാനിച്ചതായുള്ള ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തിങ്കളാഴ്ച്ച അദാനി എന്റര്‍പ്രൈസസ് ഓഹരികള്‍ 8.35 % ഇടിഞ്ഞു (1693 രൂപ). അദാനി പോര്‍ട്‌സ് 7 % കുറഞ്ഞ് 545.95 കോടി രൂപയായി. 6 അദാനി കമ്പനികള്‍ ഇന്ന് ലോവര്‍ സര്‍ക്യൂട്ടിലാണ്.

സെബി (SEBI) അദാനി കമ്പനികളുടെ ഓഹരി ഇടപാടുകള്‍ അന്വേഷിക്കുന്നതും ഗ്രൂപ്പിലെ നാലു കമ്പനികളുടെ റേറ്റിംഗ് മൂഡീസ് (moody's) താഴ്ത്തിയതും വില ഇടിയാന്‍ കാരണമായി. ഒരാഴ്ച മുന്‍പ് അദാനി ചില കമ്പനികളുടെ ഓഹരികള്‍ പണയത്തില്‍ നിന്ന് വിടുവിച്ചിരുന്നു. ഇതിന് 8800 കോടിയില്‍പരം രൂപ വേണ്ടി വന്നു. ഓഹരി വില ഇടിഞ്ഞതിനെ തുടര്‍ന്ന് വായ്പാ ദാതാക്കള്‍ കൂടുതല്‍ ഈട് ആവശ്യപ്പെടാണ് വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കാരണമെന്നാണ് വിവരം.

ഈ തുക ചില ഹെഡ്ജ് ഫണ്ടുകളില്‍ നിന്ന് വായ്പയെടുത്തതാണെന്ന് റിപ്പോര്‍ട്ടുണ്ട്. ദുരിത ഘട്ടങ്ങളില്‍ വായ്പ നല്‍കി സഹായിക്കുന്ന ഈ ഹെഡ്ജ് ഫണ്ടുകളുടെ ഉപാധികള്‍ കര്‍ക്കശമാണ്. കൂടുതല്‍ വായ്പകള്‍ക്കായി ഹെഡ്ജ് ഫണ്ടുകളെയാണ് ഗ്രൂപ്പ് വീണ്ടും ആശ്രയിക്കുന്നത്.

ഫ്രാന്‍സിലെ ടോട്ടല്‍ ഗ്രൂപ്പ് അദാനി ഗ്രൂപ്പിലെ 400 കോടി ഡോളറിന്റെ നിക്ഷേപ തീരുമാനം മരവിപ്പിച്ചത് പുതിയ ഊര്‍ജ ബിസിനസിനു തിരിച്ചടിയായി. ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പാദനത്തിന് 5000 കോടി ഡോളറിന്റെ പദ്ധതിയില്‍ 25 ശതമാനം ഓഹരിയും വായ്പയില്‍ 50 ശതമാനത്തിനു ഗാരന്റിയും അവര്‍ ഏറ്റിരുന്നു. ടോട്ടല്‍ പിന്മാറുന്നതാേടെ പദ്ധതി പ്രതിസന്ധിയിലാവും. അദാനി ഗ്രൂപ്പിന്റെ എസിസി-അംബുജ ഏറ്റെടുക്കലിനു വായ്പ നല്‍കിയ ബാര്‍ക്ലേയ്‌സ് (barclays) വായ്പ തിരിച്ചു പിടിക്കുമെന്നു റിപ്പോര്‍ട്ടുണ്ട്. 525 കോടി ഡോളര്‍ വായ്പയില്‍ 75 കോടി ബാര്‍ക്ലേയ്‌സിന്റേതാണ്.

അദാനിയുടെ മൂന്നു കമ്പനികളുടെ കുറേ ഓഹരികള്‍ കൂടി എസ്ബിഐ ക്യാപ്‌സ് ട്രസ്റ്റില്‍ ഈടായി നല്‍കിയതായി വാര്‍ത്ത ഉണ്ട്. ഓസ്‌ട്രേലിയയിലെ കാര്‍മൈക്കിള്‍ കല്‍ക്കരി പദ്ധതിക്ക് എസ്ബിഐ മുമ്പു നല്‍കിയ 30 കോടി ഡോളര്‍ വായ്പയ്ക്കാണ് ഈ അധിക ഈട് എന്നു കരുതപ്പെടുന്നു. 25,000 കോടി രൂപയോളം എസ്ബിഐ അദാനി ഗ്രൂപ്പിനു വായ്പ നല്‍കിയിട്ടുണ്ട്. മൂലധന നിക്ഷേപങ്ങള്‍ മൂന്ന് മാസത്തേക്ക് മാറ്റിവെച്ചാല്‍ 3 ശതകോടി ഡോളര്‍ ലാഭിക്കാന്‍ അദാനി ഗ്രൂപ്പിന് കഴിയും. നിലവിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തരണം ചെയ്യാനും മൂലധന ചെലവ് വെട്ടിക്കുറക്കുന്നത് സഹായിക്കും.

Related Articles
Next Story
Videos
Share it