രേഖകള്‍ സമര്‍പ്പിച്ചു, ഇന്ത്യയിലെ ഏറ്റവും വലിയ വൈന്‍ നിര്‍മാതാക്കളും ലിസ്റ്റിംഗിന്
രാജ്യത്തെ ഏറ്റവും വലിയ വൈന്‍ നിര്‍മാതാക്കളായ സുല വൈന്‍യാര്‍ഡ്സും (Sula Vineyards IPO) ഓഹരി വിപണിയില്‍ ലിസ്റ്റിംഗിനൊരുങ്ങുന്നു. ഇതിനുമുന്നോടിയായി മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിക്ക് മുമ്പാകെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് സമര്‍പ്പിച്ചു. എന്നിരുന്നാലും നാസിക് ആസ്ഥാനമായുള്ള സുല വൈന്‍യാര്‍ഡ്സിന്റെ ഐപിഒയുടെ വലുപ്പം കമ്പനി വ്യക്തമാക്കിയിട്ടില്ല. RASA, Dindori, The Source, Satori, Madera, Dia തുടങ്ങിയ വൈന്‍ ബ്രാന്‍ഡുകളില്‍ പ്രശസ്തമായ സുല 13 വ്യത്യസ്ത ബ്രാന്‍ഡുകളിലായി 56 വ്യത്യസ്ത ലേബല്‍ വീഞ്ഞുകളാണ് ഉല്‍പ്പാദിപ്പിക്കുന്നത്. വൈന്‍ നിര്‍മാതാക്കള്‍ക്ക് മഹാരാഷ്ട്രയിലും കര്‍ണാടകയിലുമായി ആറ് ഉല്‍പ്പാദന കേന്ദ്രങ്ങളാണുള്ളത്.
സെബിയില്‍ (SEBI) സമര്‍പ്പിച്ച ഡിആര്‍എച്ച്പി പ്രകാരം 2011-2021 വരെയുള്ള സാമ്പത്തിക വര്‍ഷ കാലയളവില്‍ കമ്പനി 13.7 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനത്തിന്റെ അടിസ്ഥാനത്തില്‍, മുന്തിരി വൈന്‍ വിഭാഗത്തില്‍ 2009 സാമ്പത്തിക വര്‍ഷത്തിലെ 33 ശതമാനത്തില്‍നിന്ന് 2021 സാമ്പത്തിക വര്‍ഷത്തില്‍ 52.6 ശതമാനം വരെ വിപണി വിഹിതം കമ്പനി നേടിയിട്ടുണ്ട്.
ഒരു ഇക്വിറ്റി ഷെയറിന് രണ്ട് രൂപ മുഖവിലയുള്ള ഐപിഒ (IPO) പൂര്‍ണമായിരിക്കും ഓഫര്‍ ഫോര്‍ സെയ്‌ലായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. 25,546,186 ഓഹരികളായിരിക്കും സെക്കന്‍ഡറി ഓഹരി വില്‍പ്പനയിലൂടെ കൈമാറുക. കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍, സിഎല്‍എസ്എ, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് എന്നിവ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാരും കെഫിന്‍ ടെക്‌നോളജീസ് ഓഫറിന്റെ രജിസ്ട്രാറുമാണ്. ഇക്വിറ്റി ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.