ഈയാഴ്ച പ്രാരംഭ ഓഹരി വില്‍പനയ്‌ക്കൊരുങ്ങുന്നത് (Initial Public Offer/IPO ) ഏഴു കമ്പനികൾ. മൂന്ന് പ്രധാന കമ്പനികളും നാല് ചെറുകിട-ഇടത്തരം കമ്പനികളും(S.M.E) ഇതില്‍ ഉള്‍പ്പെടുന്നു.
ധനസമാഹരണത്തിന്റെ ഭാഗമായി ഒരു കമ്പനിയുടെ ഓഹരികള്‍ ആദ്യമായി പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനെയാണ് ഇനിഷ്യല്‍ പബ്ലിക് ഓഫര്‍ അഥവാ ഐ.പി.ഒ എന്നു പറയുന്നത്. കമ്പനികളെ സംബന്ധിച്ച് അതിന്റെ വളര്‍ച്ചയ്ക്കും വിപുലീകരണത്തിനും ഐ.പി.ഒകള്‍ സഹായിക്കും. ഈ ആഴ്ച എത്തുന്ന ഐ. പി. ഒകള്‍ നോക്കാം.
ഈ വര്‍ഷം നിക്ഷേപകര്‍ കാത്തിരുന്ന ഐ.പി.ഒകളില്‍ ഒന്നാണ് ഐഡിയ ഫോര്‍ജിന്റേത്. ഐ.പി.ഒയുടെ ആദ്യ ദിനമായ ഇന്ന് തന്നെ ഓഹരി പൂര്‍ണമായും വിറ്റഴിഞ്ഞു. ജൂണ്‍ 29നാണ് ഓഫര്‍ അവസാനിക്കുന്നത്. 240 കോടി രൂപയുടെ പുതു ഓഹരികളും ഓഹരി ഉടമകളുടെ കൈവശമുള്ള 48.6ലക്ഷം ഓഹരികളുമാണ് വിറ്റഴിക്കുന്നത്. 638-672 രൂപയാണ് ഓഹരി വില നിശ്ചയിച്ചിരിക്കുന്നത്. ഐ.പി.ഒ വഴി 567 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഗ്രേമാര്‍ക്കറ്റില്‍ 450 രൂപ പ്രീമിയത്തിലാണ് ഓഹരികള്‍ വിറ്റഴിഞ്ഞത്. ലിസ്റ്റിംഗ് പ്രൈസ് 1,122 രൂപയാകുമെന്നാണ് കരുതുന്നത്. നിരീക്ഷണം, മാപ്പിംഗ്, സര്‍വേ എന്നിവയ്ക്കുള്ള ആപ്ലിക്കേഷനുകള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ഐഡിയ ഫോര്‍ജ്. ജെ.എം.ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഐ.ഐ.എഫ്.എല്‍ എന്നിവരാണ് ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍. ലിങ്ക് ഇന്‍ടൈം ഇന്ത്യയാണ് ഇഷ്യുവിന്റെ രജിസ്ട്രാര്‍.
സൈന്റ് ഡി.എല്‍.എം (Cyient DLM)
സൈന്റിന്റെ ഉപകമ്പനിയായ സൈന്റ് ഡി.എല്‍.എമ്മിന്റെ ഐ.പി.ഒ ജൂണ്‍ 27 ന് ആരംഭിച്ച് 30 ന് അവസാനിക്കും. ആങ്കര്‍ ഇന്‍വെസ്റ്റര്‍മാര്‍ക്കുള്ള സബ്‌സ്‌ക്രിപ്ഷന്‍ ഇന്നു തുടങ്ങി. 592 കോടി രൂപയുടെ പുതു ഓഹരികളാണ് കമ്പനി പുറത്തിറിക്കുന്നത്. 250 രൂപ മുതല്‍ 265 രൂപ വരെയാണ് ഓഹരി വില നിശ്ചയിച്ചിരിക്കുന്നത്. ആക്‌സിസ് ക്യാപിറ്റല്‍, ജെ.എം ഫിനാന്‍ഷ്യല്‍ എന്നിവരാണ് ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍. കെഫിന്‍ ടെക്‌നോളജീസാണ് കമ്പനിയുടെ രജിസ്ട്രാര്‍. സുരക്ഷിത-നിര്‍ണായക മേഖലകളിലുള്ള ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് സൈന്റ് ഡി.എല്‍.എം.
പി.കെ. എച്ച് വെഞ്ച്വേഴ്‌സ് (PKH Ventures)
കണ്‍സ്ട്രക്ഷന്‍, ഹോസ്പിറ്റാലിറ്റി, മാനേജ്‌മെന്റ് സേവനങ്ങളില്‍ സാന്നിധ്യമുള്ള കമ്പനിയാണ് പി.കെ.എച്ച് വെഞ്ച്വേഴ്‌സ്. ജൂണ്‍ 30 ന് ആരംഭിക്കുന്ന ഐ.പി.ഒ ജൂലൈ നാലിന് അവസാനിക്കും. പ്രൈസ് ബാന്‍ഡ് ഉടന്‍ പ്രഖ്യാപിക്കും. 1.82 കോടി രൂപയുടെ പുതു ഇക്വിറ്റി ഓഹരികളും ഓഹരി ഉടമകളുടെ കൈവശമുള്ള 7.37 ലക്ഷം രൂപയുടെ ഓഹരികളുമാണ് ഐ.പി.ഒയില്‍ വിറ്റഴിക്കുക. പ്രമോട്ടറായ പ്രവിന്‍ കുമാര്‍ അഗര്‍വാളിന്റെ കൈവശമുള്ള ഓഹരികളാണ് വിറ്റഴിക്കുന്നത്. ഐ.ഡി.ബി.ഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് ആണ് ബുക്ക് റിണ്ണിംഗ് ലീഡ് മാനേജര്‍മാര്‍. ലിങ്ക് ഇന്‍ടൈം ഇന്ത്യയാണ് രജിസ്ട്രാര്‍. ഐ.പി.ഒ വഴി 380 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
എസ്.എം.ഇ ഐ.പി.ഒ
നാല് കമ്പനികളാണ് എസ്.എം.ഇ മേഖലയില്‍ നിന്ന് ഐ.പി.ഒയ്ക്ക് എത്തുന്നത്. 107 കോടി രൂപയാണ് നാല് കമ്പനികളും ചേര്‍ന്ന് വിപണിയില്‍ നിന്ന് സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്.
പെന്റഗണ്‍ റബര്‍ (Pentagon Rubber)
റബര്‍ കണ്‍വെയര്‍ ബെല്‍റ്റുകള്‍, ട്രാന്‍സ്മിഷന്‍ ബെല്‍റ്റുകള്‍ തുടങ്ങിയ വിവിധ തരം ബെല്‍റ്റുകള്‍ നിര്‍മിക്കുന്ന കമ്പനിയാണ് പെന്റഗണ്‍. ജൂണ്‍ 26 ന് ആരംഭിക്കുന്ന ഓഫര്‍ ജൂണ്‍ 30 ന് അവസാനിക്കും. 10 രൂപ മുഖ വിലയുള്ള 23.1 ലക്ഷം ഇക്വിറ്റി ഓഹരികളാണ് കമ്പനി പുറത്തിറക്കുന്നത്. 65-70 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഐ.പി.ഒയിലൂടെ 16 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഗ്ലോബല്‍ പെറ്റ് ഇന്‍ഡസ്ട്രീസ് (Global Pet Industries)
പെറ്റ്(പ്ലാസ്റ്റിക് ) സെട്രെച്ച് ബ്ലോ മോള്‍ഡിംഗ് മെഷീനുകള്‍ നിര്‍മിച്ച് കയറ്റുമതി ചെയ്യുന്ന കമ്പനിയാണ് ഗ്ലോബല്‍ പെറ്റ് ഇന്‍ഡസ്ട്രീസ്. ജൂണ്‍ 29 ന് ഐ.പി.ഒ ആരംഭിക്കും. 49 രൂപയാണ് ഓഹരി വില. 27 ലക്ഷം പുതു ഓഹികള്‍ വഴി 13 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യം.
തൃതിയ ടെക് (Tridhya Tech)
സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ് കമ്പനിയായ തൃതിയ ടെകിന്റെ ഐ.പി.ഒ ജൂണ്‍ 30 ന് തുടങ്ങി ജൂലൈ അഞ്ചിന് അവസാനിക്കും. 35-42 രൂപയാണ് ഓഹരി വില നിശ്ചയിച്ചിരിക്കുന്നത്. 26.4 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യം.
സിനോപ്റ്റിക്‌സ് ടെക് (Synoptics Technologies)
ഐ.ടി സര്‍വീസസസ് കമ്പനിയായ സിനോപ്റ്റിക്‌സിന്റെ ഐ.പി.ഒയും ജൂണ്‍ 30 മുതല്‍ ജൂലൈ അഞ്ച് വരെയാണ്. 237 രൂപയാണ് ഓഹരി വില നിശ്ചയിച്ചിരിക്കുന്നത്. ഐ.പി.ഒ വഴി 54 കോടി രൂപ സമാഹരിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നു.