ഉയര്‍ന്ന വിലയില്‍ ലാഭമെടുപ്പ് ശക്തമായതോടെ ഓഹരി വിപണി ഇന്ന് നഷ്ടത്തിന് വഴി മാറി. ഇന്നലത്തെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ പ്രതീക്ഷയോടെ വ്യാപാരം ആരംഭിച്ച സെന്‍സെക്സിനും നിഫ്റ്റിക്കും സമ്മര്‍ദ്ദം അതിജീവിക്കാനായില്ല. വ്യാപാര തുടക്കത്തില്‍ തന്നെ ഇരു സൂചികകളും നഷ്ടത്തിലേക്ക് വീണു.
ആഗോള വിപണികളിലെ പോസിറ്റീവ് സൂചനകളും സ്വര്‍ണത്തിന്റെ റെക്കോഡ് ഉയരവും വിപണിയില്‍ ഉത്സാഹം പടര്‍ത്തിയെങ്കിലും ദിവസം മുഴുവന്‍ നഷ്ടത്തില്‍ തന്നെയായിരുന്നു. വ്യാപാരാന്ത്യത്തില്‍ സെന്‍സെക്സ് 71.77 പോയിന്റ്( 0.09 ശതമാനം), ഇടിഞ്ഞ് 82,890.94ലും നിഫ്റ്റി 32.40 പോയിന്റ് (0.13 ശതമാനം) 25,356.50ലുമാണ്.
സൂചികകളുടെ പ്രകടനം ഇങ്ങനെ
നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.66 ശതമാനം ഉയര്‍ന്നപ്പോള്‍ സ്‌കോള്‍ ക്യാപ് സൂചിക 0.78 ശതമാനമാണ് നേട്ടം കൊയ്തത്. സൂചികകളില്‍ ഏറ്റവും കൂടുതല്‍ നേട്ടം കണ്ടെത്തിയത് നിഫ്റ്റി റിയാലിറ്റി ആണ്, 1.73 ശതമാനം. നിഫ്റ്റി മീഡിയ 1.68 ശതമാനം ഉയര്‍ന്നപ്പോള്‍ പൊതുമേഖല ബാങ്കുകള്‍ 1.23 ശതമാനവും നേട്ടം കൊയ്തു. ക്രൂഡോയില്‍ വില കഴിഞ്ഞ ദിവസങ്ങളിലെ ഇടിവില്‍ നിന്ന് കരകയറുന്നുവെന്ന സൂചനകള്‍ ഓയില്‍ ആന്‍ഡ് സൂചികയെ പിന്നോട്ടടിച്ചു, 0.67 ശതമാനമാണ് ഇടിഞ്ഞത്. ഹെല്‍ത്ത്‌കെയര്‍ (-0.17), എഫ്.എം.സി.ജി സൂചികയും നഷ്ടത്തിലാണ് വാരാന്ത്യ വ്യാപാരം അവസാനിപ്പിച്ചത്.
നേട്ടം കൊയ്ത് ഒ.എഫ്.എസ്.എസും ഐ.ഡി.ബി.ഐയും
ഇന്ന് നേട്ടം കൊയ്തവരില്‍ മുന്നിലുള്ളത് ഒറാക്കിള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സോഫ്റ്റ്‌വെയറാണ്. മാതൃകമ്പനിയായ യു.എസിലെ ഒറാക്കിള്‍ കോര്‍പറേഷന് കഴിഞ്ഞ പാദത്തില്‍ 7 ശതമാനം വളര്‍ച്ച നേടാന്‍ സാധിച്ചത് ഇന്ത്യന്‍ കമ്പനിയുടെ ഓഹരിയെയും സ്വാധീനിച്ചു. അടുത്ത ത്രൈമാസത്തില്‍ ഒ.എഫ്.എസ്.എസ് വരുമാനവും ഉയരുമെന്ന പ്രതീക്ഷകളാണ് വിപണിയില്‍ ഈ ഓഹരിക്ക് തുണയായത്. 5.70 ശതമാനം ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്കിംഗ് ഓഹരികളില്‍ മിക്കതും പച്ചതൊട്ടപ്പോള്‍ കൂടുതല്‍ നേട്ടം കൊയ്തത് ഐ.ഡി.ബി.ഐ ബാങ്കും ബന്ധന്‍ ബാങ്കുമാണ്.
ഇന്ന് നഷ്ടകണക്കില്‍ പേരു ചേര്‍ത്തവരില്‍ മുമ്പന്മാര്‍ പതഞ്ജലി ഫുഡ്‌സ് ആണ്. 3.75 ശതമാനം ഇടിവോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരുഘട്ടത്തില്‍ 4.2 ശതമാനം വരെ ഓഹരികള്‍ താഴ്ന്നിരുന്നു. 2,223.4 കോടി രൂപയുടെ 1.2 കോടി ഓഹരികള്‍ ബ്ലോക്ക് ഡീലിലുടെ കൈമാറ്റം ചെയ്യപ്പെട്ടിരുന്നു. ഇതാണ് ഓഹരിയില്‍ ഇടിവിന് കാരണമായത്. ആരാണ് ഓഹരികള്‍ വിറ്റതെന്നോ വാങ്ങിയതെന്നോ വ്യക്തമല്ല.
ഓണ്‍ലൈന്‍ ഫുഡ് സൊമാറ്റോ ഓഹരികള്‍ക്കും വെള്ളിയാഴ്ച്ച അത്ര നല്ല ദിവസമായിരുന്നില്ല. 3.66 ശതമാനം ഇടിഞ്ഞാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരുഘട്ടത്തില്‍ സൊമാറ്റോ അവരുടെ ഉയര്‍ന്ന ഉയര്‍ന്ന വിലയില്‍ എത്തിയ ശേഷമാണ് ഇടിവ് നേരിട്ടത്.
അദാനി കമ്പനികളില്‍ രണ്ട് ഓഹരികള്‍ ഇന്ന് വലിയ നഷ്ടത്തിലാണ് അവസാനിച്ചത്. അദാനി പവര്‍ 2.61 ശതമാനവും അദാനി എനര്‍ജി സൊലൂഷന്‍സ് 2.55 ശതമാനവും താഴ്ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. അദാനി പവറുമായുള്ള കരാര്‍ പുനപരിശോധിക്കുമെന്ന ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ പ്രഖ്യാപനവും നിക്ഷേപകരെ സ്വാധീനിച്ചു. 2017 മുതല്‍ ബംഗ്ലാദേശിന് അദാനി പവര്‍ വൈദ്യുതി വില്‍ക്കുന്നുണ്ട്.
കിറ്റെക്‌സിനും കല്യാണിനും ഹാപ്പി ഓണം
കേരള ഓഹരികളില്‍ ഇന്ന് ശ്രദ്ധേയ പ്രകടനവുമായി തിളങ്ങിയത് കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ആണ്. അപ്പര്‍സര്‍ക്യൂട്ടിലെത്തിയ ഓഹരികള്‍ അഞ്ച് ശതമാനം നേട്ടമാണ് വാരാന്ത്യ ദിനത്തില്‍ സ്വന്തമാക്കിയത്. ബംഗ്ലാദേശിലേക്ക് മുമ്പ് പോയിരുന്ന ഓര്‍ഡറുകള്‍ രാഷ്ട്രീയ സാഹചര്യം മാറിയതോടെ ഇന്ത്യന്‍ കമ്പനികളിലേക്ക് വരുന്നതാണ് കിറ്റെക്‌സിന് ഗുണമായത്. പുതുവര്‍ഷ ഓര്‍ഡറുകള്‍ക്കായി വിദേശ കമ്പനികള്‍ ഇന്ത്യയെ കൂടുതലായി ആശ്രയിക്കുന്നത് ടെക്‌സ്റ്റൈല്‍ ഓഹരികളിലേക്ക് നിക്ഷേപകരുടെ ശ്രദ്ധ പതിയാന്‍ കാരണമാകുന്നുണ്ട്.
കല്യാണ്‍ ജുവലേഴ്‌സ് ഓഹരികള്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഉയര്‍ച്ചയിലാണ്. ഇന്ന് 4.45 ശതമാനം ഉയര്‍ന്നാണ് ക്ലോസ് ചെയ്തത്. ഇന്ന് ഒരുഘട്ടത്തില്‍ ഓഹരിവില സര്‍വകാല റെക്കോഡില്‍ എത്തിയിരുന്നു. ആഗോള രംഗത്തെ വര്‍ധനയുടെ ചുവടുപിടിച്ച് ഇന്ത്യയില്‍ സ്വര്‍ണവില ഉയര്‍ന്നതും കല്യാണിന് ഗുണംചെയ്തു.
സ്വര്‍ണവിലയിലെ കുതിപ്പ് നോണ്‍ ഫിനാന്‍സ് ബാങ്കിംഗ് ഓഹരികളെ മുന്നോട്ടു നയിച്ചു. മണപ്പുറം ഫിനാന്‍സ് 2.90 ശതമാനം ഉയര്‍ന്നപ്പോള്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ നേട്ടം 1.47 ശതമാനമാണ്. മുത്തൂറ്റ് ക്യാപിറ്റല്‍, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ്, മുത്തൂറ്റ് മൈക്രോഫിന്‍ ഓഹരികളും നേട്ടംകൊയ്തു. ബി.പി.എല്‍ എ.വി.ടി നാച്യുറല്‍ പ്രൊഡക്ട്‌സ്, ആസ്പിന്‍വാള്‍ ആന്‍ഡ് കമ്പനി, പോപ്പീസ് കെയര്‍ ഓഹരികളും താഴ്ന്നാണ് ക്ലോസ് ചെയ്തത്.