അദാനി ഗ്രൂപ്പ്: നിയമ ലംഘനങ്ങള്‍ കണ്ടെത്താനായില്ലെന്ന് മൗറീഷ്യസ്

അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട കമ്പനികളില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്താനായില്ലെന്ന് മൗറീഷ്യസ് സർക്കാർ. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലുള്ള 38 കമ്പനികളിലും 11 ഫണ്ടുകളിലും മൗറീഷ്യസ് പ്രാഥമിക അന്വേഷണം നടത്തി. മൗറീഷ്യസ് ഫിനാന്‍ഷ്യല്‍ സര്‍വീസെസ് കമ്മീഷന്‍ മേധാവി ധനേശ്വര്‍നാഥ് ഠാക്കൂര്‍ ഒരു മാധ്യമത്തോട് ഇക്കാര്യം അറിയിച്ചത്.

അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട കമ്പനികളുടെ വിവരങ്ങള്‍ മൗറീഷ്യസിനോട് സെബി (SEBI) ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം പ്രാഥമിക റിപ്പോര്‍ട്ട് ഇന്ത്യയ്ക്ക് കൈമാറിയിട്ടില്ല. അദാനി വിഷയത്തില്‍ ധനമന്ത്രാലയവും സെബിയും സുപ്രീംകോടതിക്ക് വിശദീകരണം നല്‍കേണ്ടത് ഇന്നാണ്. ഫെബ്രുവരി 15ന് സെബി ബോര്‍ഡുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍ കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

അദാനി കമ്പനികള്‍ക്ക് ഇന്നും തിരിച്ചടി

നിലവില്‍ അദാനി ഗ്രൂപ്പിന് കീഴിലുള്ള എല്ലാ കമ്പനികളുടെയും ഓഹരികള്‍ നഷ്ടത്തിലാണ്. അദാനി ഗ്രീന്‍, അദാനി ട്രാന്‍സ്മിഷന്‍, അദാനി ടോട്ടല്‍ ഗ്യാസ്, എന്‍ഡിടിവി തുടങ്ങിയവയുടെ ഓഹരികള്‍ ലോവര്‍ സര്‍ക്കീട്ടിലാണ് (lower circuit). ഗ്രൂപ്പിലെ നാലു കമ്പനികളുടെ റേറ്റിംഗ് മൂഡീസ് താഴ്ത്തിയത് ഓഹരി വില ഇടിയാന്‍ കാരണമായി. അദാനി ഗ്രൂപ്പിന്റെ കടപ്പത്രങ്ങളുടെ വിലയും താഴോട്ടാണ്.

അദാനി ചെലവ് ചുരുക്കേണ്ടി വരും

അദാനിയുടെ മൂന്നു കമ്പനികളുടെ കുറേ ഓഹരികള്‍ കൂടി എസ്ബിഐ ക്യാപ്‌സ് ട്രസ്റ്റില്‍ ഈടായി നല്‍കിയതായി വാര്‍ത്ത ഉണ്ട്. ഓസ്‌ട്രേലിയയിലെ കാര്‍മൈക്കിള്‍ കല്‍ക്കരി പദ്ധതിക്ക് എസ്ബിഐ മുമ്പു നല്‍കിയ 30 കോടി ഡോളര്‍ വായ്പയ്ക്കാണ് ഈ അധിക ഈട് എന്നു കരുതപ്പെടുന്നു. ഒരാഴ്ച മുന്‍പ് അദാനി ചില കമ്പനികളുടെ ഓഹരികള്‍ പണയത്തില്‍ നിന്ന് വിടുവിച്ചിരുന്നു. ഇതിന് 8800 കോടിയില്‍പരം രൂപ വേണ്ടി വന്നു. ഈ തുക ചില ഹെഡ്ജ് ഫണ്ടുകളില്‍ നിന്ന് വായ്പയെടുത്തതാണെന്ന് റിപ്പോര്‍ട്ടുണ്ട്.

അദാനി ഗ്രൂപ്പിന്റെ എസിസി-അംബുജ ഏറ്റെടുക്കലിനു വായ്പ നല്‍കിയ ബാര്‍ക്ലേയ്‌സ് വായ്പ തിരിച്ചു പിടിക്കുമെന്നു റിപ്പോര്‍ട്ടുണ്ട്. 525 കോടി ഡോളര്‍ വായ്പയില്‍ 75 കോടി ബാര്‍ക്ലേയ്‌സിന്റേതാണ്. അദാനി ഗ്രൂപ്പിലെ നിക്ഷേപ തീരുമാനം ടോട്ടല്‍ ഗ്രൂപ്പ് മരവിപ്പിച്ചതും ഓഹരി വിപണിയിലെ തിരിച്ചടികളും വികസന ലക്ഷ്യങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ കമ്പനിയെ പ്രേരിപ്പിക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it