ചെമ്മീന്‍ ബിസിനസില്‍ മാന്ദ്യം, റെഡി ടു ഈറ്റ് ഭക്ഷണത്തില്‍ പ്രതീക്ഷ, ഓഹരി വാങ്ങാമോ?

ആന്ധ്രപ്രദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചെമ്മീന്‍ സംസ്‌കരണ, കയറ്റുമതി സ്ഥാപനമാണ് അപെക്‌സ് ഫ്രോസണ്‍ ഫുഡ്‌സ്. വരുമാനവും ചെമ്മീന്‍ വില്‍പ്പനയും കുറഞ്ഞുവെങ്കിലും മാന്ദ്യം മാറുമെന്ന് പ്രതീക്ഷയുണ്ട്. കൂടാതെ റെഡി ടു ഈറ്റ് ബിസിനസ് വിപുലീകരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

1. 2023-24 ഡിസംബര്‍ പാദത്തില്‍ വരുമാനം 34 ശതമാനം കുറഞ്ഞ് 148 കോടി രൂപയായി. നികുതിക്കും പലിശക്കും മുന്‍പുള്ള ലാഭം 33 ശതമാനം ഇടിഞ്ഞ് 8 കോടി രൂപയായി. വിദേശ വിപണികളില്‍ സൂപ്പര്‍ മാര്‍ക്കറ്റ് കച്ചവടം കുറഞ്ഞതാണ് വില്‍പ്പനയില്‍ 34 ശതമാനം ഇടിവ് ഉണ്ടാകാന്‍ കാരണം. ഇന്‍വെന്ററി അധികം ഉള്ളത് കൊണ്ടാണ് അമേരിക്കന്‍ വിപണിയില്‍ വില്‍പ്പന കുറഞ്ഞത്. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ വിപണിയില്‍ 55 ശതമാനം വില്‍പ്പന വര്‍ധിച്ചു. ഡിസംബര്‍ പാദത്തില്‍ 2,117 മെട്രിക് ടണ്‍ ചെമ്മീന്‍ കയറ്റുമതി ചെയ്തു (മുന്‍ വര്‍ഷം 2,869 മെട്രിക്ക് ടണ്‍).

2.യൂറോപ്യന്‍ യൂണിയന്‍ വിപണിയില്‍ റെഡി ടു കുക്ക് (പാചകം ചെയ്യാന്‍ തയ്യാറായിട്ടുള്ള) ഭക്ഷണങ്ങളാണ് വില്‍ക്കുന്നത്. റെഡി ടു ഈറ്റ് (ഉടന്‍ കഴിക്കാവുന്ന) ഭക്ഷണങ്ങള്‍ വിപണനം നടത്താനുള്ള അനുമതി ലഭിച്ചിട്ടില്ല. ഉടന്‍ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റെഡി ടു ഈറ്റ് വിപണിയില്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ എത്തിക്കാനായി ഉത്പാദന ശേഷി 10,000 ടണ്ണായി ഉയര്‍ത്തിയിട്ടുണ്ട്.

3.അമേരിക്കന്‍ വിപണിയില്‍ ലോജിസ്റ്റിക്‌സ്, മാര്‍ക്കറ്റിംഗ് എന്നിവയ്ക്ക് വേണ്ടി ഉപകമ്പനി സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

4.ചെങ്കടിലില്‍ അടുത്ത കാലത്ത് ഉണ്ടായ തടസങ്ങള്‍ കാരണം കടത്തുകൂലിയില്‍ 20 മുതല്‍ 30 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. കമ്പനിയുടെ പ്രവര്‍ത്തന ഫലത്തെ ഇത് ബാധിച്ചിട്ടുണ്ട്. മാര്‍ജിന്‍ കുറയാനും കാരണമാകും. ഇത് കൂടാതെ അമേരിക്കന്‍ വിപണിയിലെ മാന്ദ്യം കാരണം കിലോയ്ക്ക് ശരാശരി ലഭിച്ചത് 663 രൂപയായിരുന്നു, മുന്‍ വര്‍ഷം ലഭിച്ചത് 748 രൂപ.

5. ചൈനയില്‍ ചെമ്മീന്‍ ഉത്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് കുറഞ്ഞു എങ്കിലും വസന്തോത്സവം ആരംഭിക്കുന്നതോടെ വിപണി തിരുച്ചുകയറും. 2024-25ല്‍ പൊതുവെ അമേരിക്കന്‍, യൂറോപ്യന്‍ വിപണികളില്‍ സ്ഥിതി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -ശേഖരിക്കുക (Accumulate)

ലക്ഷ്യ വില 255 രൂപ

നിലവില്‍ 220 രൂപ

Stock Recommendation by Geojit Financial Services.

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

Related Articles
Next Story
Videos
Share it