Begin typing your search above and press return to search.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും കെ.എസ്.ഇയും 10% കുതിച്ചു; വിപണിക്ക് ചാഞ്ചാട്ടം, നിക്ഷേപക സമ്പത്ത് പുത്തന്‍ നാഴികക്കല്ലില്‍
ആഗോളതലത്തില്‍ നിന്നുള്ള സമ്മിശ്രക്കാറ്റും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം സംബന്ധിച്ച ആശങ്കകളും ഇന്ത്യന്‍ ഓഹരി സൂചികകളെ ഇന്ന് ആലസ്യത്തിലേക്ക് തള്ളി. സെന്‍സെക്‌സ് 52.63 പോയിന്റ് (-0.07%) താഴ്ന്ന് 73,953.31ല്‍ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ നിഫ്റ്റിയുള്ളത് 27.05 പോയിന്റ് (+0.12%) മാത്രം നേട്ടവുമായി 22,529.05ല്‍.
രാജ്യത്തെ റിയല്‍ എസ്‌റ്റേറ്റ് മേഖലയെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ ചൈന പ്രഖ്യാപിച്ച രക്ഷാപ്പാക്കേജിന്റെയും വിതരണശൃംഖലയിലെ തടസ്സങ്ങള്‍മൂലം വില കുതിക്കുന്നതിന്റെയും പശ്ചാത്തലത്തില്‍ ലോഹക്കമ്പനികളുടെ ഓഹരികള്‍ കാഴ്ചവച്ച (Metal Stocks) മുന്നേറ്റമാണ് ഇന്ന് സൂചികകളെ കനത്ത നഷ്ടത്തിലേക്ക് വീഴാതെ പിടിച്ചുനിറുത്തിയത്.
ദീര്‍ഘകാലത്തേക്ക് മികച്ച ഡിമാന്‍ഡ് നിലനില്‍ക്കുമെന്ന വിലയിരുത്തലുകളും മെറ്റല്‍ ഓഹരികള്‍ക്ക് നേട്ടമായി. സ്വകാര്യബാങ്കുകളും ഐ.ടി ഓഹരികളും നേരിട്ട വില്‍പനസമ്മര്‍ദ്ദം സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് സൂചികകളെ പിടിച്ചുനിറുത്തിയതും മെറ്റല്‍ ഓഹരികളുടെ നേട്ടമാണ്.
അമേരിക്കയുടെ പലിശനയത്തിന്റെ ദിശ സംബന്ധിച്ച അവ്യക്തത ഓഹരി വിപണികളെ അലോസരപ്പെടുത്തുന്നുണ്ട്. ഇന്ത്യയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വിദേശ ധനകാര്യസ്ഥാപനങ്ങളും ജാഗ്രതയും അകലവും പാലിക്കുകയാണ്.
ഇന്ത്യന്‍ ഓഹരി വിപണിയുടെ ചാഞ്ചാട്ടത്തെ സൂചിപ്പിക്കുന്ന ഇന്ത്യന്‍ വോളറ്റൈലിറ്റി ഇന്‍ഡെക്‌സ് അഥവാ ഇന്ത്യ വിക്‌സ് സൂചിക ഇന്ന് 6 ശതമാനം ഉയര്‍ന്ന് 21.81ലെത്തി. രണ്ടുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയരമാണിത്. ഇന്ത്യന്‍ ഓഹരി വിപണിയില്‍ ആശങ്ക ശക്തമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്ക്.
വിപണിയുടെ ട്രെന്‍ഡ്
വേദാന്തയും ടാറ്റാ സ്റ്റീലും അടക്കമുള്ള മെറ്റല്‍ ഓഹരികളുടെ മികച്ച പ്രകടനത്തിന്റെ കരുത്തില്‍ വിശാലവിപണിയില്‍ ഇന്ന് നിഫ്റ്റി മെറ്റല്‍ സൂചിക 3.88 ശതമാനം കുതിച്ചുയര്‍ന്നു.
നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചികയും 1.51 ശതമാനം നേട്ടമുണ്ടാക്കി. നിഫ്റ്റി സ്വകാര്യബാങ്ക് സൂചിക 0.59 ശതമാനവും ഐ.ടി 0.18 ശതമാനവും നഷ്ടം നേരിട്ടു. ബാങ്ക് നിഫ്റ്റി 0.31 ശതമാനം താഴ്ന്നു. നിഫ്റ്റി മിഡ്ക്യാപ്പ് 0.38 ശതമാനം ഉയര്‍ന്നെങ്കിലും സ്‌മോള്‍ക്യാപ്പ് സൂചിക 0.41 ശതമാനം നഷ്ടത്തിലാണുള്ളത്.
നിഫ്റ്റി50ല്‍ ഇന്ന് 23 ഓഹരികള്‍ നേട്ടത്തിലും 27 എണ്ണം നഷ്ടത്തിലുമായിരുന്നു. മെറ്റല്‍ ഓഹരിയായ ഹിന്‍ഡാല്‍കോയാണ് 4.79 ശതമാനം ഉയര്‍ന്ന് നേട്ടത്തില്‍ ഒന്നാമതുള്ളത്. 4.49 ശതമാനം ഉയര്‍ന്ന് കോള്‍ ഇന്ത്യ രണ്ടാമതും ടാറ്റാ സ്റ്റീല്‍ (+3.63%), ജെ.എസ്.ഡബ്ല്യു സ്റ്റീല്‍ (+3.53%), അദാനി പോര്‍ട്‌സ് (+3.16%) എന്നിവ യഥാക്രമം മൂന്നുമുതല്‍ 5 വരെ സ്ഥാനങ്ങളിലുമാണ്. നെസ്‌ലെയാണ് 1.61 ശതമാനം താഴ്ന്ന് നഷ്ടത്തില്‍ ഒന്നാമതുള്ളത്.
5 ലക്ഷം കോടി തിളക്കത്തില്‍ ബി.എസ്.ഇ കമ്പനികള്‍
ബി.എസ്.ഇയില്‍ ഇന്ന് 4,087 ഓഹരികള്‍ വ്യാപാരം ചെയ്യപ്പെട്ടതില്‍ 1,619 ഓഹരികളെ പച്ചതൊട്ടുള്ളൂ. 2,316 ഓഹരികള്‍ നഷ്ടം കുറിച്ചു. 152 ഓഹരികളുടെ വില മാറിയില്ല.
296 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരവും 33 എണ്ണം താഴ്ചയും കണ്ടു. 8 ഓഹരികള്‍ അപ്പര്‍-സര്‍ക്യൂട്ടിലും നാലെണ്ണം ലോവര്‍-സര്‍ക്യൂട്ടിലും വ്യാപാരം ചെയ്യപ്പെട്ടു.
ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യം ഇന്ന് ചരിത്രത്തില്‍ ആദ്യമായി 5 ലക്ഷം കോടി ഡോളര്‍ അഥവാ 5 ട്രില്യണ്‍ ഡോളറെന്ന നാഴികക്കല്ല് പിന്നിട്ടു. ഇന്ത്യന്‍ റുപ്പിയില്‍ പറഞ്ഞാല്‍, ഇന്ന് 2.27 ലക്ഷം കോടി രൂപ വര്‍ധിച്ച് മൂല്യം 414.62 ലക്ഷം കോടി രൂപയെന്ന പുതിയ ഉയരത്തിലെത്തി. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക (Click here).
ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയവര്‍
4 ശതമാനം വരെ നേട്ടമുണ്ടാക്കി ടാറ്റാ സ്റ്റീല്‍, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, പവര്‍ഗ്രിഡ് എന്നിവയാണ് സെന്‍സെക്‌സില്‍ ഇന്ന് കൂടുതല്‍ മികവ് പുലര്‍ത്തിയ മുന്‍നിര ഓഹരികള്‍. എന്‍.ടി.പി.സി., എസ്.ബി.ഐ (Click here), ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവയും നേട്ടമുണ്ടാക്കി.
റെയില്‍ വികാസ് നിഗം (RVNL) ഇന്ന് 13.28 ശതമാനം കുതിച്ച് നിഫ്റ്റി 200ല്‍ നേട്ടത്തില്‍ ഒന്നാമതെത്തി. മികച്ച മാര്‍ച്ചുപാദ പ്രവര്‍ത്തനഫലങ്ങള്‍, ലാഭവിഹിത പ്രഖ്യാപനം, പുതിയ ഓര്‍ഡറുകളും വികസന പദ്ധതികളും എന്നിവയുടെ കരുത്തില്‍ പൊതുമേഖലാ റെയില്‍വേ ഓഹരികള്‍ മികച്ച നേട്ടമാണുണ്ടാക്കുന്നത്. ഐ.ആര്‍.എഫ്.സി അടക്കമുള്ള ഓഹരികളും ഇന്ന് മിന്നിച്ചു (Click here).
എസ്.ജെ.വി.എന്‍ 10.17 ശതമാനം ഉയര്‍ന്ന് നിഫ്റ്റി 200ലെ നേട്ടത്തില്‍ രണ്ടാമതാണ്. മാര്‍ച്ചുപാദ പ്രവര്‍ത്തനഫലം ഉഷാറാക്കിയ ബാല്‍കൃഷ്ണ ഇന്‍ഡസ്ട്രീസിന്റെ ഓഹരി ഇന്നും 9.27 ശതമാനം കയറി. രാജ്യത്ത് വൈദ്യുതിക്ക് ഡിമാന്‍ഡേറുന്ന പശ്ചാത്തലത്തില്‍ അദാനി പവര്‍ ഓഹരി ഇന്ന് 7.61 ശതമാനം ഉയര്‍ന്നു. ഏഴ് ശതമാനം ഉയര്‍ന്ന് വേദാന്തയും നിഫ്റ്റി 200ലെ നേട്ടത്തില്‍ ടോപ് 5ല്‍ ഇടംപിടിച്ചു.
ടാറ്റാ സ്റ്റീല്‍ ഓഹരി ഇന്ന് ഒരുവേള 4 ശതമാനത്തോളം കുതിച്ച് 175 രൂപയെന്ന റെക്കോഡ് ഭേദിച്ചു. കമ്പനിയുടെ വിപണിമൂല്യം രണ്ടുലക്ഷം കോടി രൂപയെന്ന നാഴികക്കല്ലും പിന്നിട്ടിട്ടുണ്ട്. ബ്രിട്ടനിലെ പോര്‍ട്ട് ടാല്‍ബോട്ട് (Port Talbot) പദ്ധതിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനായി ബ്രിട്ടീഷ് കമ്പനിയായ നാഷണല്‍ ഗ്രിഡുമായി ധാരണയിലെത്തിയതും ടാറ്റാ സ്റ്റീല്‍ ഓഹരിക്ക് ഇന്ന് ഗുണം ചെയ്തു.
ഇന്ന് കൂടുതല്‍ നിരാശപ്പെടുത്തിയവര്‍
മാരുതി സുസുക്കി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയാണ് സെന്‍സെക്‌സില്‍ കൂടുതല്‍ നഷ്ടം നേരിട്ട പ്രമുഖര്‍. നെസ്‌ലെ ഇന്ത്യ, അള്‍ട്രടെക് സിമന്റ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയും തളര്‍ന്നു.
മോശം മാര്‍ച്ചുപാദ ഫലത്തെ തുടര്‍ന്ന് ഡെല്‍ഹിവെറി നേരിടുന്ന നഷ്ടം ഇന്ന് കൂടുതല്‍ കനത്തു. ശനിയാഴ്ചത്തെ പ്രത്യേക വ്യാപാരത്തില്‍ 5 ശതമാനം ഇടിഞ്ഞ ഓഹരി ഇന്ന് 10.31 ശതമാനം കൂപ്പുകുത്തി. നിഫ്റ്റി 200ല്‍ നഷ്ടത്തില്‍ ഒന്നാമതും ഡെല്‍ഹിവെറിയാണ്. രണ്ടാമത് ആസ്ട്രലാണ്.
മോശം മാര്‍ച്ചുപാദ ഫലവും എബിറ്റ്ഡ ഇടിഞ്ഞതും ആസ്ട്രലിനെയും വലച്ചു; ഓഹരി ഇന്ന് 5.23 ശതമാനം താഴ്ന്നു. പോളിസിബസാര്‍, ട്യൂബ് ഇന്ത്യ, കമിന്‍സ് ഇന്ത്യ എന്നിവയാണ് 3-5 ശതമാനം താഴ്ന്ന് നഷ്ടത്തില്‍ തൊട്ടുപിന്നാലെയുള്ളത്.
ഉഷാറാക്കി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും കെ.എസ്.ഇയും
പ്രതിരോധ മേഖലയിലെ ഓഹരികള്‍ കഴിഞ്ഞ ഏതാനും നാളുകളായി കാഴ്ചവയ്ക്കുന്ന മുന്നേറ്റം ഇന്നും ദൃശ്യമായി. പുതിയ ഓര്‍ഡറുകളും കേന്ദ്രത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വന്നാല്‍ കൂടുതല്‍ ഓര്‍ഡറുകള്‍ ഉണ്ടാകുമെന്ന വിലയിരുത്തലുകളും പൊതുമേഖലാ പ്രതിരോധ കമ്പനികളുടെ ഓഹരികള്‍ക്ക് ഊര്‍ജമാകുന്നുണ്ട്.
കൊച്ചി ആസ്ഥാനമായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഓഹരി ഇന്ന് 10.30 ശതമാനം ഉയര്‍ന്ന് 1,636 രൂപയിലെത്തി. കമ്പനിയുടെ വിപണിമൂല്യം 40,000 കോടി രൂപയിലേക്ക് അടുക്കുകയാണ്.
മികച്ച മാര്‍ച്ചുപാദ പ്രവര്‍ത്തനഫലത്തിന്റെ കരുത്തില്‍ കെ.എസ്.ഇ ഇന്ന് 10 ശതമാനം കുതിച്ചുയര്‍ന്നു (Click here).
ഇന്നലെ മികച്ച പ്രവര്‍ത്തനഫലം പുറത്തുവിട്ട കിറ്റെക്‌സിന്റെ ഓഹരി ഇന്ന് 7 ശതമാനം വരെ കുതിച്ചെങ്കിലും വ്യാപാരാന്ത്യത്തില്‍ നേട്ടം 3 ശതമാനമാണ് (Click here). സ്‌കൂബിഡേ ഓഹരി ഇന്ന് 6.16 ശതമാനം കയറി.
ആസ്റ്റര്‍ (+3.31%), സി.എം.ആര്‍.എല്‍ (+3.78%), ധനലക്ഷ്മി ബാങ്ക് (+3.56%), സ്‌റ്റെല്‍ ഹോള്‍ഡിംഗ്‌സ് (+2.49%), വി-ഗാര്‍ഡ് (+1.91%) എന്നിവയും ഇന്ന് മികവ് പുലര്‍ത്തി.
വണ്ടര്‍ല 2.68 ശതമാനം താഴ്ന്നു. അപ്പോളോ ടയേഴ്‌സ്, ബി.പി.എല്‍., സി.എസ്.ബി ബാങ്ക്, ഈസ്റ്റേണ്‍, ഇസാഫ്, കല്യാണ്‍ ജുവലേഴ്‌സ്, മണപ്പുറം ഫിനാന്‍സ്, നിറ്റ ജെലാറ്റിന്‍, പോപ്പുലര്‍ വെഹിക്കിള്‍സ് എന്നിവ നിരാശപ്പെടുത്തി.
Next Story
Videos