ഓഹരിയോട് 'പ്രേമലു' നല്ലതുതന്നെ; പക്ഷേ ഭ്രാന്ത് പിടിച്ചതുപോലെ പായരുതെന്ന് വിദഗ്ധര്‍

ഓഹരിവിലകള്‍ പുതിയ ഉയരങ്ങള്‍ താണ്ടിയത് വിപണിയില്‍ നിക്ഷേപക്കുതിപ്പിനും കാരണമായിരിക്കുന്നു. സെന്‍സെക്‌സും നിഫ്റ്റിയും റെക്കോഡുകള്‍ തകര്‍ക്കുന്ന പ്രകടനം കാഴ്ച്ചവച്ച് മുന്നേറിയപ്പോള്‍ ഓഹരി വിപണിയില്‍ നിന്നുള്ള നേട്ടത്തില്‍ കണ്ണുംവെച്ച് കൂടുതല്‍ നിക്ഷേപകര്‍ രംഗത്തെത്തി.
ലാര്‍ജ്, മിഡ്, സ്‌മോള്‍ക്യാപ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ള ഓഹരികള്‍ അവയുടെ ഏറ്റവും ഉയര്‍ന്ന തലം തൊട്ടത് ഓഹരി വിപണിയില്‍ വലിയൊരു ആവേശത്തിനാണ് തിരികൊളുത്തിയത്. പ്രത്യേകിച്ച് സ്‌മോള്‍, മിഡ്ക്യാപ് ഓഹരികളുടെ വിലകള്‍ നീതീകരിക്കാനാകാത്ത തലത്തിലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍, അതിവേഗത്തില്‍ സമ്പത്ത് സൃഷ്ടിക്കാന്‍ വേണ്ടി നിക്ഷേപകര്‍ ഭ്രാന്ത് പിടിച്ചതുപോലെ പായരുതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും നിക്ഷേപകരുടെ പ്രവാഹത്തെ അതൊന്നും തടയുന്നേയില്ല.
9 കോടിയും കടന്ന്
ഫെബ്രുവരി 29ന് നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ നിക്ഷേപകരുടെ എണ്ണം ഒമ്പത് കോടി കവിഞ്ഞു. പ്രതിമാസം പുതുതായി ഓഹരി വിപണിയിലേക്ക് എത്തുന്ന നിക്ഷേപകരുടെ ശരാശരി എണ്ണത്തിലും വലിയ വര്‍ധനയാണുള്ളത്. 2023 ഒക്ടോബറില്‍ ഓഹരി വിപണിയിലെത്തിയ പുതിയ നിക്ഷേപകര്‍ 47,000 മാത്രമായിരുന്നെങ്കില്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ ഇത് 78,000 ആയി.

Also Read - കടലും കൃഷിയും കടന്ന് എല്‍-നിനോ ഓഹരി വിപണിയിലേക്ക്

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ നിക്ഷേപകരുടെ എണ്ണം മൂന്ന് മടങ്ങായാണ് വര്‍ധിച്ചത്. ആറ് കോടിയില്‍ നിന്ന് ഏഴ് കോടിയിലേക്ക് എത്താന്‍ ഒമ്പത് മാസമേ എടുത്തത്തുള്ളൂ. എന്നാല്‍ അടുത്ത ഒരുകോടി നിക്ഷേപകര്‍ എട്ട് മാസം കൊണ്ട് കൂട്ടിച്ചേര്‍ക്കപ്പെട്ടു. പക്ഷേ എട്ട് കോടിയില്‍ നിന്ന് ഒമ്പത് കോടിയാകാന്‍ അഞ്ചുമാസം മാത്രമാണെടുത്തതെന്നതും ശ്രദ്ധേയം.
ഉത്തരേന്ത്യന്‍ പെരുമ
2023 ഒക്ടോബറിന് ശേഷം കൂട്ടിച്ചേര്‍ക്കപ്പെട്ട പുതുനിക്ഷേപകരില്‍ 42 ശതമാനം പേരും ഉത്തരേന്ത്യയില്‍ നിന്നാണ്. 28 ശതമാനം പശ്ചിമേന്ത്യയില്‍ നിന്നും 17 ശതമാനം ദക്ഷിണേന്ത്യയില്‍ നിന്നും 13 ശതമാനം രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ നിന്നുമാണ്. നിലവില്‍ ഏറ്റവും കൂടുതല്‍ ഓഹരി നിക്ഷേപകരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. തൊട്ടുപിന്നില്‍ ഉത്തര്‍പ്രദേശും ഗുജറാത്തുമുണ്ട്. 2023 ഒക്ടോബറിനും 2024 ജനുവരിക്കുമിടയില്‍ തുറക്കപ്പെട്ട പുതിയ എസ്.ഐ.പി എക്കൗണ്ടുകളുടെ എണ്ണവും അത്ഭുതപ്പെടുത്തുന്നതാണ്; 1.6 കോടി!
കുതിപ്പിന്റെ പിന്നാമ്പുറം
ഇങ്ങനെയൊരു കുതിപ്പിന് കാരണമാകുന്ന ഘടകങ്ങള്‍ പലതാണ്. ഓഹരി വിപണിയുടെ പ്രകടനം, ആഗോള സമ്പദ്‌വ്യവസ്ഥയില്‍ ഇന്ത്യക്കുള്ള സാധ്യതകള്‍ ഏറുന്നത്, ഡിജിറ്റലൈസേഷന്‍ രംഗത്തെ അതിദ്രുത വളര്‍ച്ച, നിക്ഷേപകര്‍ക്കിടയില്‍ നല്ല തോതില്‍ ബോധവത്കരണം നടക്കുന്നത്, സാമ്പത്തിക ഉള്‍പ്പെടുത്തല്‍ (Financial Inclusion) പദ്ധതികള്‍ എന്നിവയെല്ലാം അവയില്‍ പെടുന്നു. എങ്കിലും റെഗുലേറ്ററി ഏജന്‍സികള്‍ ഉള്‍െപ്പടെ നിരവധി വിദഗ്ധര്‍ അതിമൂല്യമുള്ള ഓഹരികളുടെ കാര്യത്തിലുള്ള റിസ്‌കിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിക്കൊണ്ടേയിരിക്കുന്നുണ്ട്. അസ്വാഭാവികമായി ഉയരങ്ങളിലേക്ക് പോകുന്നതെന്തും താഴേക്ക് വരുക തന്നെ ചെയ്യുമെന്ന വാസ്തവം നിക്ഷേപകര്‍ തിരിച്ചറിയുന്നത് നല്ലതാണ്.

(This article was originally published in Dhanam Business Magazine March 31st issue)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it