ഇരട്ടയക്ക വളര്‍ച്ചയില്‍ ജ്യോതി ലാബ്‌സ്, ഓഹരി 17 ശതമാനത്തോളം ഉയരാം
തുള്ളി നീലം ബ്രാന്‍ഡായ ഉജാല സുപ്രീം 1980 കളില്‍ പുറത്തിറക്കി ഇന്ത്യന്‍ കണ്‍സ്യൂമര്‍ ഉല്‍പ്പന്ന വിപണിയില്‍ മുന്നില്‍ എത്തിയ കമ്പനിയാണ് ജ്യോതി ലാബ്‌സ് (Jyothy Labs Ltd). കഴിഞ്ഞ എട്ട് പാദങ്ങളിലായി വരുമാനത്തില്‍ തുടര്‍ച്ചയായി ഇരട്ടയക്ക വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. ഫാബ്രിക് വൈറ്റ്‌നര്‍ വിഭാഗത്തില്‍ ഉജാല തന്നെയാണ് വിപണിയില്‍ മുന്നില്‍. ഹെന്‍കോ, പ്രില്‍, എക്‌സോ, മാര്‍ഗോ, മാക്സോ തുടങ്ങിയവ പവര്‍ ബ്രാന്‍ഡുകളായി മാറി.
2022 -23 സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം 11.7 % വര്‍ധിച്ച് 646.43 കോടി രൂപയായി. അറ്റാദായം 64.71 % വര്‍ധിച്ച് 69.38 കോടി രൂപയായി. ഗാര്‍ഹിക കീടനാശിനികള്‍ ഒഴികെ ഉള്ള ഉല്‍പ്പന്നങ്ങളില്‍ മികച്ച വളര്‍ച്ച നേടാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രവര്‍ത്തന ലാഭ മാര്‍ജിന്‍ 14.34 % (മുന്‍വര്‍ഷം 12.51 %). 2022 -23 ആദ്യ പകുതിയില്‍ വില്‍പ്പനയില്‍ 5 % വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഗ്രാമീണ മേഖലയില്‍ അടുത്ത രണ്ടു ത്രൈ മാസങ്ങളില്‍ ഡിമാന്‍ഡ് വര്‍ധനവ് പ്രതീക്ഷിക്കുന്നു.
ക്രൂഡ് ഓയില്‍, പാം ഓയില്‍ വില നിലവിലുള്ള വിലകളില്‍ ലഭ്യമായാല്‍ പ്രവര്‍ത്തന ലാഭ മാര്‍ജിന്‍ മെച്ചപ്പെടും എങ്കിലും ഏറ്റവും ഉയര്‍ന്ന 17% കൈവരിക്കാന്‍ കാലതാമസം ഉണ്ടാവും. ഒരു ദശലക്ഷം റീറ്റെയ്ല്‍ ഔട്ട് ലെറ്റുകളില്‍ നേരിട്ടും, പരോക്ഷമായി 3 ദശലക്ഷം ഔട്ട് ലെറ്റുകളില്‍ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. ഇ-കൊമേഴ്സ് വഴിയും, വിതരണ ശൃംഖല മെച്ചപ്പെടുത്തിയും ബിസിനസ് വളര്‍ച്ച നേടാന്‍ ശ്രമം തുടരുകയാണ്. ബ്രാന്‍ഡ് ശക്തിപ്പെടുത്താനുള്ള നടപടികളും തുടരുന്നു.
അസംസ്‌കൃത വസ്തുക്കളുടെ വില കുറഞ്ഞത് കൊണ്ട് ഉപഭോക്തൃ ഉല്‍പ്പന്ന നിര്‍മാതാക്കളുടെ ബിസിനസ് സാധ്യതകള്‍ മെച്ചപ്പെടുകയാണ്. ഇതില്‍ നിന്ന് ഉണ്ടാകുന്ന നേട്ടം ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ സോപ്പ് നിര്‍മാതാക്കള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഗ്രാമീണ മേഖലയില്‍ ഡിമാന്‍ഡ് വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെ വിറ്റുവരവ്, മാര്‍ജിന്‍ എന്നിവ കൂട്ടാന്‍ സാധിക്കും. നൂതന ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിയും, വിതരണത്തില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗപെടുത്തിയും ജ്യോതി ലാബ്‌സിന് മുന്നേറാന്‍ സാധിക്കും. ക്രൂഡ് ഓയില്‍ വില വര്‍ധനവും, കണ്‍സ്യൂമര്‍ മേഖലയില്‍ വര്‍ധിക്കുന്ന മത്സരവും ലാഭക്ഷമതയെ ബാധിക്കാം. നിലവിലെ വിലയില്‍ (2022 -23 ആദായത്തിന്റെ 32.5 ഇരട്ടി ) ഓഹരി വില ആദായകരമാണ്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy), ലക്ഷ്യ വില -240, നിലവില്‍ 203 രൂപ.
Stock Recommendation by Sharekhan by BNP Paribas