അദാനി ഓഹരികള്‍ ഇടിയുന്നതിന്റെ കാരണങ്ങള്‍

അദാനി എന്റര്‍പ്രൈസസിന്റെ ഫോളോ-ഓണ്‍-പബ്ലിക് ഓഫറിന്റെ (FPO) പശ്ചാത്തലത്തില്‍ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വില ഇടിയുകയാണ്. ഇന്ന് അഞ്ച് ശതമാനത്തോളം ഇടിവാണ് അദാനി കമ്പനികള്‍ക്ക് ഉണ്ടായത്. എസിസി, അംബുജ സിമന്റ് ഓഹരികള്‍ അടക്കം നഷ്ടത്തിലാണ് വ്യാപാരം.

Also Read: അദാനിക്ക് നഷ്ടമായത് 7000 കോടി, ശതകോടീശ്വര പട്ടികയില്‍ ബെസോസ് വീണ്ടും മൂന്നാമത്

യുഎസ് ആസ്ഥാനമായ ഗവേഷണ സ്ഥാപനം ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടും അദാനിക്ക് തിരിച്ചടിയായി. ന്യായമായതിലും 85 ശതമാനത്തോളം ഉയര്‍ന്ന തുകയിലാണ് അദാനി ഗ്രൂപ്പ് ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഓഹരികള്‍ പണയം വെച്ച് ഉള്‍പ്പടെ ലിസ്റ്റഡ് കമ്പനികളിലൂടെ എടുത്ത കടവും ഗ്രൂപ്പിനെ പ്രതിസന്ധിയിലാക്കുമെന്നാണ് ഇവരുടെ വിലയിരുത്തല്‍.

വില ഇനിയും ഇടിയുമെന്ന കണക്കുകൂട്ടലില്‍ ഓഹരികള്‍ വിറ്റും ഡെറിവേറ്റീവുകളില്‍ ഷോര്‍ട്ട് പൊസിഷനുകള്‍ എടുത്തും നീങ്ങുകയാണെന്നും ഹിന്‍ഡന്‍ബര്‍ഗ് വ്യക്തമാക്കി. ഹിന്‍ഡന്‍ബര്‍ഗിന്റെ ഈ പ്രസ്താവനയും അദാനി ഓഹരികളുടെ വില ഇടിയാന്‍ കാരണമാണ്. അതേ സമയം റിപ്പോര്‍ട്ടിനെ കുറിച്ച് ഇതുവരെ അദാനി ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല.

കടബാധ്യയെ കുറിച്ചുള്ള വാര്‍ത്തകള്‍ തള്ളിക്കളയുകയാണ് അദാനി ഗ്രൂപ്പിന്റെ പതിവ്. ഇതുവരെ ഒരു നിക്ഷേപകനും കടബാധ്യതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടില്ലെന്നാണ് ജനുവരി 21ന് ഗ്രൂപ്പിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ജുഗേഷിന്ദര്‍ സിംഗ് പറഞ്ഞത്.

എഫ്പിഒ 27 മുതല്‍

ജനുവരി എഴ് മുതല്‍ 31വരെയാണ് അദാനി എന്റര്‍പ്രൈസസിന്റെ എഫ്പിഒ. ആങ്കര്‍ നിക്ഷേപകര്‍ക്ക് ഇന്നു മുതല്‍ നിക്ഷേപം നടത്താം. ഓഹരികളുടെ പ്രൈസ്ബാന്‍ഡ് 3112-3276 രൂപയാണ്. 20,000 കോടി രൂപയാണ് കമ്പനി എഫ്പിഒയിലൂടെ സമാഹരിക്കുന്നത്. എഫ്പിഒ വരുമ്പോള്‍ ഓഹരി വില ആനുപാതികമായി കുറയും. 4 ശതമാനത്തോളം ഓഹരികളാണ് എഫ്പിഒയിലൂടെ അധികമായി എത്തുന്നത്. ഇത് കമ്പനിയുടെ ഒരു ഓഹരിക്ക് ലഭിക്കുന്ന നേട്ടം (earning per share) കുറയാന്‍ കാരണമാവും. നിലവില്‍ 2.75 ശതമാനം ഇടിവില്‍ 3347.40 രൂപയിലാണ് (01.00 PM) അദാനി എന്റര്‍പ്രൈസസിന്റെ വ്യാപാരം.

Also Read: പകുതി വില നല്‍കി വാങ്ങാം; 20,000 കോടിയുടെ അദാനി എഫ്പിഒ ജനുവരി 27 മുതല്‍

നിക്ഷേപത്തിന് മാത്രമല്ല, കടബാധ്യത കുറയ്ക്കാന്‍ കൂടിയാണ് എഫ്പിഒയിലൂടെ സമാഹരിക്കുന്ന തുക അദാനി വിനിയോഗിക്കുക. ആകെ കടത്തിന്റെ തോത് കുറയ്ക്കുന്നത് കമ്പനിക്ക് നേട്ടമാണ്. പക്ഷെ നിക്ഷേപകരില്‍ ഇത് ആശങ്ക സൃഷ്ടിച്ചേക്കാം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അദാനി ഗ്രൂപ്പിന്റെ ആകെ കടം 40 ശതമാനം ഉയര്‍ന്ന് 2.2 ട്രില്യണ്‍ രൂപയിലെത്തിയിരുന്നു. അടുത്ത 10 വര്‍ഷം കൊണ്ട് 100 ബില്യണ്‍ ഡോളറിന്റെ മൂലധന നിക്ഷേപമാണ് അദാനി ഗ്രൂപ്പ് നടത്തുന്നത് അതില്‍ 70 ശതമാനവും ഊര്‍ജ്ജ മേഖലയിലാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it