വരുന്നത് 8,000 പുതിയ ട്രെയിനുകള്‍; വെയിറ്റിംഗ് ലിസ്റ്റ് സമ്പ്രദായത്തിന് വിട

യാത്രക്കാരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ 8,000 പുതിയ ട്രെയിനുകളിറക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. ഇതിനായി ഒരു ലക്ഷം കോടി രൂപ ചെലവ് വരുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കുമായി ട്രിപ്പുകളുടെ എണ്ണവും ട്രെയിനുകളുടെ ലഭ്യതയും വര്‍ധിപ്പിക്കാനാണ് റെയില്‍വേ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ യാത്രക്കാര്‍ക്ക് വെയിറ്റിംഗ് ലിസ്റ്റിനോട് വിട പറയാനാകും.

സുരക്ഷയും പ്രധാനം

യാത്രക്കാരുടെ സുരക്ഷ ഉയര്‍ത്താനും റെയില്‍വേ ലക്ഷ്യമിടുന്നുണ്ട്. നിലവില്‍ കാലപ്പഴക്കമെത്തിയ ഓട്ടേറെ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇവ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണ്. 8,000 പുതിയ ട്രെയിനുകളില്‍ 5,000 ട്രെയിനുകള്‍ കാലപ്പഴക്കമെത്തിയ ട്രെയിനുകള്‍ മാറ്റിസ്ഥാപിക്കുന്നതിന് ഉപയോഗിക്കും. അടുത്ത 4-5 വര്‍ഷത്തിനുള്ളില്‍ ഇതിനുള്ള ടെന്‍ഡര്‍ നല്‍കുമെന്നും 15 വര്‍ഷത്തിനുള്ളില്‍ പഴയ ട്രെയിനുകള്‍ മാറ്റിസ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെയിറ്റിംഗ് ലിസ്റ്റിനോട് വിട

നിലവില്‍ ഇന്ത്യന്‍ റെയില്‍വേ 10,754 പ്രതിദിന ട്രിപ്പുകള്‍ നടത്തുന്നുണ്ട്. വെയ്റ്റിംഗ് ലിസ്റ്റുകള്‍ ഒഴിവാക്കുന്നതിനായി 3,000 എണ്ണം പുതുതായി ചേര്‍ക്കാനാണ് റെയില്‍വേയുടെ പദ്ധതി. കോവിഡിന് മുമ്പുള്ള വര്‍ഷങ്ങളെ അപേക്ഷിച്ച് റെയില്‍വേ ഇതിനകം 568 അധിക ട്രിപ്പുകള്‍ നടത്തുന്നുണ്ട്. പ്രതിവര്‍ഷം 700 കോടി യാത്രക്കാരാണ് റെയില്‍വേയുടെ സേവനം ഉപയോഗിക്കുന്നത്. 2030ഓടെ ഇത് 1,000 കോടി യാത്രക്കാരിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. വെയിറ്റിംഗ് ലിസ്റ്റ് ഒഴിവാക്കാന്‍ ട്രിപ്പുകളുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ധന ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ 5,243 കിലോമീറ്റര്‍ ട്രാക്കുകള്‍ സ്ഥാപിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷാവസാനത്തോടെ 5,500 മുതല്‍ 6,000 കിലോമീറ്റര്‍ വരെ പുതിയ ട്രാക്കുകള്‍ പൂര്‍ത്തിയാകുമെന്നും പ്രതിദിനം ശരാശരി 16 കിലോമീറ്റര്‍ എന്ന നിലയില്‍ പാത സ്ഥാപിക്കും. 2030ഓടെ ഇന്ത്യന്‍ റെയില്‍വേയില്‍ ഏകദേശം 12 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആവശ്യമാണെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

Related Articles
Next Story
Videos
Share it