Begin typing your search above and press return to search.
ആമസോണിനെയും ഫ്‌ളിപ്കാര്‍ട്ടിനെയും വിടാതെ ഇ.ഡി; ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുന്നു
ചില്ലറ വ്യാപാരികളുടെ ജീവനോപാധി അപകടത്തിലാക്കുന്ന വിധം മോശമായ വിപണന തന്ത്രങ്ങള്‍ പ്രയോഗിക്കുന്നുവെന്ന ആക്ഷേപം നേരിടുന്ന ഇ-കൊമേഴ്‌സ് കമ്പനികളായ ഫ്‌ളിപ് കാര്‍ട്ടിനും ആമസോണിനുമെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൂടുതല്‍ നടപടികളിലേക്ക്. കഴിഞ്ഞയാഴ്ചത്തെ റെയ്ഡിനു പിന്നാലെ രണ്ടു കമ്പനികളുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഇ.ഡി വിളിച്ചു വരുത്തിയേക്കും. വിദേശനിക്ഷേപ നിയമവ്യവസ്ഥ ലംഘിച്ചുവെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലാണിത്. തെരഞ്ഞെടുത്ത ചില വ്യാപാരികള്‍ക്കായി ഓണ്‍ലൈന്‍ വ്യാപാരത്തില്‍ പ്രത്യേക പിന്നാമ്പുറ ഇളവുകള്‍ നല്‍കിയെന്നും വഴിവിട്ട വ്യാപാര രീതികള്‍ പ്രയോഗിക്കുന്നുവെന്നും അന്വേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
ഇ-കൊമേഴ്‌സ് കമ്പനികള്‍ ഉപയോഗിച്ചു വരുന്ന വില്‍പന തന്ത്രങ്ങള്‍ ചില്ലറ വ്യാപാരികളുടെ നിലനില്‍പ് അപകടത്തിലാക്കുന്നുവെന്ന പരാതികള്‍ സര്‍ക്കാറിനു മുന്നിലുണ്ട്. തദ്ദേശ വിപണനക്കാരുടെ ന്യായവാദങ്ങള്‍ പരിഗണിക്കാന്‍ നിര്‍ബന്ധിതമായ സര്‍ക്കാര്‍, ഇ-കൊമേഴ്‌സ് വ്യാപാരികളോടുള്ള സമീപനം കര്‍ക്കശമാക്കിയിട്ടുണ്ട്. അതിനിടയിലാണ് റെയ്ഡ്, വിളിച്ചു വരുത്തല്‍ തുടങ്ങിയ നടപടികള്‍. 7,000 കോടി ഡോളറിനുള്ളതായി (5.88 ലക്ഷം കോടി രൂപ) ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വ്യാപാരം വളര്‍ന്നിരിക്കേ, തദ്ദേശീയ റീട്ടെയില്‍ വ്യാപാരരംഗം തളര്‍ച്ചയിലാണ്.
റെയ്ഡിനിടയില്‍ കഴിഞ്ഞയാഴ്ച പിടിച്ചെടുത്ത രേഖകള്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വരുന്നു. ശനിയാഴ്ച വരെ റെയ്ഡ് തുടര്‍ന്നിരുന്നു. സെല്ലര്‍മാരുടെ ബിസിനസ് ഡാറ്റയും ഇ.ഡി വിശകലനം ചെയ്തു വരുകയാണ്.
Next Story
Videos