ബി.എസ്.എന്‍.എല്‍ പഴയ പ്രതാപത്തിലേക്ക് അടുക്കുന്നു; നഷ്ടത്തില്‍ വന്‍ കുറവ്

ബി.എസ്.എന്‍.എല്ലിന്റെ നഷ്ടത്തില്‍ കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ (2023-24) വൻതോതിൽ കുറവ്. 2022-23 ലെ 8,161.56 കോടിയിൽ നിന്ന് 5,370.73 കോടിയായാണ് നഷ്ടം കുറഞ്ഞത്. ജനുവരി-മാർച്ച് പാദത്തിലെ നഷ്ടം മുൻവർഷത്തെ സമാനപാദത്തിലെ 2,696.13 കോടി രൂപയിൽ നിന്ന് 848.89 കോടിയായും കുറഞ്ഞു.
സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്ക് കുത്തനേ കൂട്ടിയത് ആളുകളെ ബി.എസ്.എന്‍.എല്ലിലേക്ക് മാറാന്‍ പ്രേരിപ്പിക്കുന്നതായാണ് വിലയിരുത്തല്‍. കൂടുതല്‍ ആളുകള്‍ ഇപ്പോള്‍ സ്വകാര്യ ടെലികോം കമ്പനികളെ വിട്ട് ബി.എസ്.എന്‍.എല്ലിലേക്ക് പോര്‍ട്ട് ചെയ്യുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മൊബൈല്‍ താരിഫ് നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെ രണ്ടരലക്ഷം പേര്‍ ഇതിനോടകം മറ്റു കമ്പനികളില്‍ നിന്ന് ബി.എസ്.എന്‍.എല്ലിലേക്ക് പോര്‍ട്ട് ചെയ്തു. പക്ഷെ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം നല്‍കാന്‍ സാധിക്കാത്തത് കമ്പനിക്ക് വലിയ തിരിച്ചടിയാണ്.
ടി.സി.എസുമായി സഹകരിച്ച് ഒരു ലക്ഷം 4ജി ടവറുകള്‍ സ്ഥാപിക്കുന്നു
ഇതിനു പരിഹാരം എന്ന നിലയില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസുമായി (ടി.സി.എസ്) സഹകരിച്ച് ഒരു ലക്ഷം 4ജി ടവറുകള്‍ രാജ്യവ്യാപകമായി സജ്ജീകരിക്കുന്നതിനുളള തയ്യാറെടുപ്പിലാണ് ഈ പൊതുമേഖലാ ടെലികോം കമ്പനി. ഇതിനായി 15000 കോടി രൂപയുടെ കരാര്‍ ടി.സി.എസും ബിഎസ്എന്‍എല്ലും തമ്മില്‍ ഉണ്ടാക്കിയിട്ടുണ്ട്.
2024 കേന്ദ്ര ബജറ്റിൽ ടെലികോം മന്ത്രാലയത്തിനായി വകയിരുത്തിയ 1.28 ലക്ഷം കോടി രൂപയിൽ 82,916 കോടി രൂപയും അനുവദിച്ചിരിക്കുന്നത് ബിഎസ്എൻഎൽ, മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ് (എം.ടി.എൻ.എൽ) എന്നിവയ്ക്കാണ് എന്നതും ശ്രദ്ധേയമാണ്. ഇതോടെ കൂടുതല്‍ ടവറുകള്‍ സ്ഥാപിക്കാനും സാങ്കേതിക സംവിധാനങ്ങള്‍ പുതുക്കാനും ബി.എസ്.എന്‍.എല്ലിനാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കേരളത്തിലും ബി.എസ്.എന്‍.എല്ലിലേക്ക് മാറുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടാകുന്നത്. ജൂലൈ മാസം വെറും 17 ദിവസങ്ങള്‍ കൊണ്ട് 35,497 പേരാണ് ബി.എസ്.എന്‍.എല്ലിലേക്ക് പോര്‍ട്ട് ചെയ്തത്.

നിങ്ങളുടെ സമീപം ബി.എസ്.എന്‍.എല്‍ 4ജി ടവര്‍ ഉണ്ടോ എന്ന അറിയാനുളള സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്. ഇതിനായി https://tarangsanchar.gov.in/emfportal എന്ന പോര്‍ട്ടലില്‍ പ്രവേശിക്കുകയാണ് വേണ്ടത്. ഹോം പേജില്‍ കാണുന്ന മൈ ലൊക്കേഷന്‍ ടാബില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പേര്, ഇമെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍, ക്യാപ്‌ച്ച എന്നിവ നല്‍കുക. തുടര്‍ന്ന് കിട്ടുന്ന ഒ.ടി.പി സമര്‍പ്പിച്ചുകഴിഞ്ഞാല്‍ ലഭിക്കുന്ന ഭൂപടത്തില്‍ നിങ്ങള്‍ക്ക് സമീപമുളള മൊബൈല്‍ ടവറുകളുടെ വിശദാംശങ്ങള്‍ ലഭിക്കുന്നതാണ്. സ്‌മാര്‍ട്ട്‌ഫോണില്‍ ജി.പി.എസ് പ്രാപ്തമാക്കിയിട്ടുണ്ട് എന്ന ഉറപ്പാക്കിയ ശേഷം വേണം പോര്‍ട്ടലില്‍ പ്രവേശിക്കാന്‍ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

Related Articles

Next Story

Videos

Share it