2025 ഓടെ കേരളത്തില്‍ ട്രെയിനുകള്‍ 160 കി.മീറ്റര്‍ വേഗത്തിലോടും

സംസ്ഥാനത്ത് മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിന്‍ ഓടിക്കാന്‍ പര്യാപ്തമാകുന്ന മൂന്നാം പാതയുടെ നിര്‍മ്മാണം അടുത്ത വര്‍ഷം ആരംഭിക്കും. 2025 ഓടെ ട്രെയിനുകള്‍ ഈ സ്പീഡില്‍ ഓടിക്കാനാകുമെന്നാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്. നിലവിലുള്ള വളവുകള്‍ പരമാവധി ഒഴിവാക്കിയാണ് മൂന്നാം പാത നിര്‍മ്മിക്കുന്നത്. അതിനാല്‍ ചില പ്രദേശങ്ങളും സ്റ്റേഷനുകളും പാടേ ഒഴിവാക്കേണ്ടിവരും. 130 കിലോമീറ്റര്‍ വേഗം സാധ്യമായ മൂന്നാം പാതയ്ക്കുള്ള ആദ്യഘട്ട ചെലവ് 4000 കോടിയാണ് നിശ്ചയിച്ചിരുന്നത്. 160 കിലോമീറ്ററിലേക്കുയര്‍ത്തുമ്പോള്‍ ചെലവുകൂടും. സര്‍വേക്ക് ശേഷമേ പദ്ധതിക്ക് ആകെ എത്ര ചെലവു വരുമെന്ന് അറിയാന്‍ കഴിയൂ.

ഇരട്ടപ്പാതയ്ക്ക് സമാന്തരമായി

ഷൊര്‍ണൂര്‍ എറണാകുളം മൂന്നാം പാതയ്ക്കായി 250 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുക. നിലവിലെ ഇരട്ടപ്പാതയ്ക്ക് സമാന്തരമായിട്ടായിരിക്കും കൂടുതല്‍ ദൂരവും മൂന്നാംപാത കടന്നുപോകുന്നത്. രാജ്യവ്യാപകമായി തിരക്കേറിയ പാതകള്‍ 160 കിലോമീറ്ററിലേക്ക് എന്ന റെയില്‍വേ നയത്തിന്റെ ഭാഗമായാണ് കേരളത്തിലും സര്‍വേ നടക്കുന്നത്.

ഡല്‍ഹി-മുംബൈ, ഡല്‍ഹി-ഹൗറ റൂട്ടുകളിലെ പാതവികസനം അടുത്ത മാര്‍ച്ചില്‍ പൂര്‍ത്തിയാകും. ഡല്‍ഹി-ചെന്നൈ, മുംബയ-ഹൗറ, മുംബയ്-ചെന്നൈ, ചെന്നൈ-ഹൗറ, ചെന്നൈ-ബെംഗളൂരു, ബെംഗളൂരു-ഹൈദരാബാദ്, ചെന്നൈ-ഹൈദരാബാദ്, ഹൗറ-പുരി എന്നീ റൂട്ടുകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.

നിര്‍മാണം രണ്ടു ഘട്ടങ്ങളിലായി

രണ്ടു ഘട്ടങ്ങളിലായാണ് നിര്‍മ്മാണം. ആദ്യഘട്ടം എറണാകുളം മുതല്‍ ഷൊര്‍ണൂര്‍ വരെയാണ്. രണ്ടാം ഘട്ടത്തില്‍ എറണാകുളം- തിരുവനന്തപുരം (കൊച്ചുവേളി), ഷൊര്‍ണൂര്‍- മംഗലാപുരം എന്നീ ഭാഗങ്ങളിലും. ഷൊര്‍ണൂര്‍- എറണാകുളം വേഗ സാധ്യതാ പഠനവും സര്‍വേയും പൂര്‍ത്തിയായി. ശേഷിക്കുന്ന ഭാഗത്തെ പഠനം ഉടന്‍ ആരംഭിക്കുമെന്ന് ദക്ഷിണ റെയില്‍വേ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

കായംകുളം-എറണാകുളം പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കാനുള്ള പ്രവൃത്തികളും ഇതോടൊപ്പം ആരംഭിക്കും. ഈ പാതയില്‍ അമ്പലപ്പുഴ -എറണാകുളം 82 കിലോമീറ്റര്‍ ദൂരമാണ് ശേഷിക്കുന്നത്. 130 കിലോമീറ്റര്‍ വേഗത്തെ മുന്‍നിറുത്തി സര്‍വേ നടത്താനുള്ള പഠനമാണ് എറണാകുളം ഷൊര്‍ണൂര്‍ പാതയില്‍ നടന്നതെങ്കിലും 160 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിനോടിക്കാനാകുമെന്ന റിപ്പോര്‍ട്ടാണ് ദക്ഷിണ റെയില്‍വേ ആസ്ഥാനത്ത് ലഭിച്ചത്. അതിനാല്‍ മറ്റു രണ്ടു ഭാഗങ്ങളിലും 160 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിനോടിക്കുന്നതിനുള്ള സാധ്യതാ റിപ്പോര്‍ട്ടാണ് റെയില്‍വേ തേടിയിരിക്കുന്നത്. നിലവില്‍ ഇവിടെ ശരാശരി വേഗം 70-80 കിലോമീറ്ററാണ്. മൂന്നാം പാത യാഥാര്‍ത്ഥ്യമാകുന്നതോടെ സംസ്ഥാനത്ത് കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കും. ഇപ്പോള്‍ പ്രതിദിനം ഷട്ടില്‍ ഉള്‍പ്പെടെ 250 ട്രെയിനുകളാണ് സംസ്ഥാനത്തുള്ളത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it