കോവാക്‌സിന്‍ അംഗീകാരത്തിന് സമയമെടുക്കും: കൂടുതല്‍ വിവരങ്ങള്‍ വേണമെന്ന് ഡബ്ല്യു എച്ച് ഒ

ഭാരത് ബയോടെക്ക് വികസിപ്പിച്ചെടുത്ത കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കാന്‍ ഇനിയും സമയമെടുക്കും. അംഗീകാരത്തിനായി രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന ഭാരത് ബയോടെക്കിനെ അറിയിച്ചു. 90 ശതമാനത്തോളം രേഖകളാണ് ഇതുവരെ സമര്‍പ്പിച്ചത്. ബാക്കി രേഖകള്‍ ജൂണ്‍ മാസത്തില്‍ കമ്പനി ഫയല്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം കോവാക്‌സിന് അംഗീകാരം ലഭിക്കാത്തതിനാല്‍ പല രാജ്യങ്ങളും കോവിഡ് വാക്‌സിന്‍ പട്ടികയില്‍ കോവാക്‌സിന്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഒന്‍പത് രാജ്യങ്ങള്‍ മാത്രമാണ് കോവാക്‌സിന്‍ അംഗീകരിച്ചിട്ടുള്ളത്. അതിനാല്‍ കോവാക്‌സിനുള്ള ലോകാരോഗ്യ സംഘടനയുടെ അംഗീകാരം വൈകുന്നത് വിദേശയാത്രക്കാര്‍ക്ക് തിരിച്ചടിയാകും. നിലവില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം പ്രവേശനം നല്‍കാനുള്ള തീരുമാനം സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് പല രാജ്യങ്ങളും. ഇത്തരത്തില്‍ തീരുമാനങ്ങള്‍ രാജ്യങ്ങള്‍ കൈക്കൊണ്ടാല്‍ അവിടങ്ങളിലേക്ക് പോകുന്ന കോവാക്‌സിന്‍ സ്വീകരിച്ച ഇന്ത്യക്കാരുടെ യാത്ര തടസപ്പെടാന്‍ സാധ്യതയുണ്ട്.
നിലവില്‍ ഇന്ത്യയില്‍ നല്‍കുന്ന വാക്‌സിനുകളിലൊന്നായ കോവിഷീല്‍ഡിന് ലോകാരോഗ്യ സംഘനയുടെ അംഗീകാരമുള്ളതിനാല്‍ തന്നെ 130 ഓളം രാജ്യങ്ങള്‍ കോവിഷീല്‍ഡിനെ കോവിഡ് വാക്‌സിന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കോവിഷീല്‍ഡ് സ്വീകരിക്കുന്നതിലെ കാലതാമസം വിദേശ യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. 84 ദിവസമാണ് രണ്ട് ഡോസുകള്‍ക്കിടയിലെ കാലയളവായി കേന്ദ്രം നിര്‍ദേശിക്കുന്നത്. നിലവില്‍ ഒരു ഡോസ് സ്വീകരിച്ചവര്‍ മൂന്ന് മാസത്തോളം അടുത്ത ഡോസിനായി കാത്തിരിക്കേണ്ടി വരുമ്പോള്‍ തിരികെയുള്ള യാത്ര നീളുന്നത് പ്രവാസികളടക്കമുള്ളവര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. നിലവില്‍ സൗദിയടക്കമുള്ള രാജ്യങ്ങള്‍ വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസങ്ങള്‍ക്ക് ശേഷം എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ ഇളവ് നല്‍കിയിട്ടുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it