രാജ്യത്ത് പുതുതായി 67,208 കോവിഡ് ബാധിതര്‍, മരണം 2,330

രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കഴിഞ്ഞദിവസത്തേക്കാള്‍ നേരിയ വര്‍ധന. പുതുതായി 67,208 പേര്‍ക്കാണ് കോവിഡ് കണ്ടെത്തിയത്. 24 മണിക്കൂറിനിടെ 2,330 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെയായി രാജ്യത്ത് കോവിഡ് ബാധിച്ചത് 2,97,00,313 പേര്‍ക്കാണ്. 3,81,903 പേര്‍ക്കാണ് കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. പ്രതിദിന കേസുകളേക്കാള്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 71 ദിവസങ്ങള്‍ക്ക് ശേഷം 8,26,740 ആയി കുറഞ്ഞു.

രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.48 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ 10 ദിവസത്തിനിടയിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചില്‍ താഴെയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നീണ്ട ഇടവേളകള്‍ക്ക് ശേഷം പ്രതിദിന കേസുകളുടെ എണ്ണത്തില്‍ മഹാരാഷ്ട്ര ഒന്നാമതെത്തി. കര്‍ണാടക, കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവയാണ് പിന്നിലുള്ളത്. നിലവില്‍, 20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ആക്ടീവ് കേസുകളുടെ എണ്ണം 5,000 ല്‍ താഴെയാണ്.
മെയ് 7 ന് റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന കേസുകളേക്കാള്‍ 85 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 100 ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളുടെ എണ്ണം 531 ല്‍നിന്ന് 165 ആയി കുറഞ്ഞതായി ആരോഗ്യ മന്ത്രാലയം സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it