Begin typing your search above and press return to search.
കേന്ദ്രസര്‍ക്കാര്‍ രണ്ടും കല്പിച്ചിറങ്ങി? ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ സെല്ലര്‍മാരുടെ ഓഫീസുകളില്‍ റെയ്ഡ്
ഇ-കൊമേഴ്‌സ് രംഗത്തെ വമ്പന്മാരായ ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ എന്നിവയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ഡല്‍ഹി, ബംഗളൂരു, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ 19ഓളം കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇത്തരം ഇ-കൊമേഴ്‌സ് കമ്പനികള്‍ ഇന്ത്യയുടെ നേരിട്ടുള്ള വിദേശ നിക്ഷേപ നിയമങ്ങള്‍ നിരന്തരം ലംഘിക്കുന്നുവെന്ന പരാതി നിരന്തരം ലഭിക്കുന്നതായി വാര്‍ത്തക്കുറിപ്പില്‍ പറയുന്നു. ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ ഉത്പന്നങ്ങളുടെ വില കുറച്ച് വില്‍ക്കാന്‍ സെല്ലര്‍മാരെ പ്രേരിപ്പിക്കുന്നുവെന്ന പരാതി ചെറുകിട വ്യാപാരികള്‍ നിരന്തരം ഉന്നയിക്കുന്നതാണ്.
തങ്ങളുടെ തിരഞ്ഞെടുത്ത വില്പനക്കാരെ മുന്‍നിര്‍ത്തി ഇത്തരം വന്‍കിട ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ വില കുറച്ച് വിപണി പിടിക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരേ അടുത്തിടെ ചെറുകിട വ്യാപാരികളുടെ സംഘടന രംഗത്തു വന്നിരുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെ വരവോടെ ഉണ്ടായ തൊഴില്‍സാധ്യതയേക്കാള്‍ കൂടുതല്‍ തൊഴില്‍നഷ്ടം ചെറുകിട വ്യാപാര മേഖലയില്‍ ഉണ്ടായെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
നീക്കത്തിന് കാരണം എ.ഐ.സി.പി.ഡി.എഫ്?
രാജ്യത്ത് ചില്ലറ വില്പന മേഖലയ്ക്ക് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുടെ വില യുദ്ധത്തില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ലെന്നും എത്രയും വേഗം നടപടി എടുക്കണമെന്നും ഓള്‍ ഇന്ത്യ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷന്‍ (എ.ഐ.സി.പി.ഡി.എഫ്) കേന്ദ്രസര്‍ക്കാരിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ ചില്ലറ വ്യാപാര മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മധ്യവര്‍ഗത്തിന്റെ അപ്രീതി വര്‍ധിക്കുന്നുവെന്ന തിരിച്ചറിവാണ് നടപടി വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയതെന്നതാണ് സൂചന.
ഗ്രാമീണ മേഖലയിലടക്കം വലിയ പ്രതിസന്ധിക്ക് ചെറുകിട വ്യാപാര സ്ഥാപനങ്ങളുടെ അടച്ചുപൂട്ടല്‍ കാരണമാകും. ഒരു വര്‍ഷത്തിനിടെ രണ്ടു ലക്ഷത്തോളം പലചരക്ക് കടകള്‍ക്ക് ഷട്ടറിട്ടുവെന്ന് എ.ഐ.സി.പി.ഡി.എഫ് കേന്ദ്രസര്‍ക്കാരിന് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. ബി.ജെ.പി എംപി പ്രവീണ്‍ കണ്‍ഡേവാള്‍ ജനറല്‍ സെക്രട്ടറിയ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സി.എ.ഐ.ടി) റെയ്ഡിനെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.
Next Story
Videos