സോളാര്‍ പ്രോസ്യൂമേഴ്‌സിന്റെ ബില്ലിംഗ് രീതികള്‍ മാറ്റുന്നു എന്ന വാര്‍ത്ത അടിസ്ഥാനരഹിതം: വൈദ്യുതി വകുപ്പ്

സോളാര്‍ പ്രോസ്യൂമേഴ്സിന്റെ ബില്ലിംഗ് രീതികള്‍ മാറ്റുന്നു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. പ്രചരണം വൈദ്യുതി ഉപഭോക്താക്കളുടെ ഇടയില്‍ വലിയ പരിഭ്രാന്തി ഉണ്ടാക്കിയിട്ടുണ്ടെന്നും തെറ്റായ പ്രചരണം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സൗരോര്‍ജ്ജ നയത്തിന്റെ അടിസ്ഥാനത്തില്‍ സമഗ്രമായ പരിശോധന നടത്തിയതിനുശേഷം മാത്രമേ ബില്ലിംഗ് രീതിയില്‍ മാറ്റം വരുത്തുന്ന കാര്യത്തില്‍ തീരുമാനം എടുക്കുകയുള്ളൂയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഏകദേശം 1.22 ലക്ഷം പുരപ്പുറങ്ങളിലാണ് ഇപ്പോള്‍ സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്. നിലവില്‍ സൗരോര്‍ജ്ജ വൈദ്യുതി ഉല്‍പ്പാദകര്‍ക്ക് ഏറ്റവും ലാഭകരമായ നെറ്റ് മീറ്ററിംഗ് എന്ന ബില്ലിംഗ് സമ്പ്രദായമാണ് കേരളത്തിലുള്ളത്.

മറ്റ് പല സംസ്ഥാനങ്ങളും ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന വൈദ്യുതിയ്ക്ക് കൂടുതല്‍ നിരക്ക് ഈടാക്കാന്‍ കഴിയുന്ന തരത്തിലുള്ള നെറ്റ് ബില്ലിംഗ്, ഗ്രോസ് മീറ്ററിംഗ് സംവിധാനങ്ങളിലേക്ക് മാറിയിട്ടുണ്ട്. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാനിടയുള്ള ബില്ലിംഗ് രീതികളിലേക്ക് മാറാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. നിലവിലെ ബില്ലിംഗ് സമ്പ്രദായം തുടരും.

പുനരുപയോഗ ഊര്‍ജ്ജ സമ്പന്ന സംസ്ഥാനം

പുരപ്പുറ, ഭൗമോപരിതല, ഫ്ളോട്ടിംഗ് സോളാര്‍ പദ്ധതികള്‍ എന്നിവയിലായി ആകെ 681 മെഗാവാട്ട് ശേഷിയുള്ള ഗ്രിഡ് ബന്ധിത സൗരോര്‍ജ്ജ നിലയങ്ങള്‍ നിലവില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതില്‍ ഏകദേശം 270 മെഗാവാട്ട് പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയിലൂടെ സ്ഥാപിച്ചതാണ്. ഇതോടെ സംസ്ഥാനത്തെ മൊത്തം സൗരോര്‍ജ്ജ നിലയങ്ങളുടെ സ്ഥാപിത ശേഷി 986 മെഗാവാട്ടായി വര്‍ധിച്ചു.

ഇതോടൊപ്പം 71 മെഗാവാട്ടിന്റെ കാറ്റില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന നിലയങ്ങളും പൂര്‍ത്തിയാക്കിയതോടെ സംസ്ഥാനത്തെ ആകെ പുനരുപയോഗ ഊര്‍ജ്ജ ശേഷി 1,057 മെഗാവാട്ടായി. കേന്ദ്ര പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം കേരളത്തെ പുനരുപയോഗ ഊര്‍ജ്ജ സമ്പന്ന സംസ്ഥാനമായി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles
Next Story
Videos
Share it