ഇന്ത്യയില്‍ മസ്‌കിന്റെ 'യുടേണ്‍'; ടെസ്‌ലയുടെ വരവ് ഉടന്‍ ഉണ്ടായേക്കില്ല

പ്രമുഖ വൈദ്യുത വാഹന നിര്‍മാതാക്കളായ ടെസ്‌ല ഇന്ത്യയില്‍ ഫാക്ടറി സ്ഥാപിക്കാനുള്ള നീക്കത്തിന് വേഗത കുറച്ചതായി റിപ്പോര്‍ട്ട്. നിലവിലുള്ള ഫാക്ടറികളില്‍ നിന്ന് പരമാവധി ഉത്പാദനം നടത്താന്‍ കമ്പനി തീരുമാനിച്ചതായി റോയിട്ടേഴ്‌സ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്വഭാവികമായും ഈ തീരുമാനം ഇന്ത്യയിലെ പ്ലാന്റിന്റെ കാര്യം അനിശ്ചിതത്തിലാക്കും. ഈ വര്‍ഷം ഇന്ത്യയില്‍ ഫാക്ടറി തുറക്കുമെന്നും ഉടമ ഇലോണ്‍ മസ്‌കിന്റെ ഇന്ത്യ സന്ദര്‍ശനത്തില്‍ കരാര്‍ ഒപ്പിടുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.

കഴിഞ്ഞ പാദത്തിലെ ഫലം വന്നശേഷം നടന്ന ഓണ്‍ലൈന്‍ മീറ്റിംഗില്‍ പുതിയ പദ്ധതികള്‍ ഉടനുണ്ടാകില്ലെന്ന സൂചനകള്‍ മസ്‌ക് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. നിലവിലുള്ള പ്ലാന്റുകളിലെ ഉത്പാദനം ശേഷിയുടെ പകുതി മാത്രമാണ്. ഇത് വര്‍ധിപ്പിക്കുന്നതിനാണ് കമ്പനി ഊന്നല്‍ നല്‍കുന്നത്.

ഈ മാസം 22ന് ഇന്ത്യയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്താനുള്ള തീരുമാനം മസ്‌ക് മാറ്റിവയ്ക്കുകയായിരുന്നു. പുതിയ ഫാക്ടറികള്‍ തുറക്കുന്നത് വൈകിക്കാനുള്ള തീരുമാനം ഇന്ത്യയ്ക്കും മെക്‌സിക്കോയ്ക്കും ആകും തിരിച്ചടിയാകുക. മെക്‌സിക്കോയില്‍ 2024ല്‍ ഫാക്ടറി തുറക്കുമെന്ന് ഒരുവര്‍ഷം മുമ്പ് മസ്‌ക് പ്രഖ്യാപിച്ചിരുന്നു.
ചെലവുകുറച്ച് വരുമാനം കൂട്ടണം
നിലവിലെ പ്ലാന്റുകളില്‍ നിന്ന് ഉത്പാദനം 50 ശതമാനം വര്‍ധിപ്പിച്ച് 3 മില്യണ്‍ കാറുകള്‍ പുറത്തിറക്കാനാണ് ടെസ്‌ല ലക്ഷ്യമിടുന്നത്. പുതിയ ഫാക്ടറികള്‍ തുറക്കേണ്ടെന്ന് തീരുമാനിച്ചത് ചെലവ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് കമ്പനി കരുതുന്നു. പുതിയ പ്ലാന്റുകള്‍ തല്‍ക്കാലം തുറക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍
ടെസ്‌ല
യുടെ ഓഹരിവില 12 ശതമാനത്തോളം ഉയരാന്‍ ഇടയാക്കി. മാര്‍ച്ച് പാദത്തില്‍ വില്പന ലക്ഷ്യത്തിലെത്താന്‍ ടെസ്‌ലയ്ക്ക് സാധിച്ചിരുന്നില്ല.

ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്ഡേറ്റുകളും ലഭിക്കാന്‍ അംഗമാകൂ: വാട്സ്ആപ്പ്, ടെലഗ്രാം

വിലകുറഞ്ഞ മോഡലുകള്‍ അവതരിപ്പിക്കാനുള്ള നീക്കത്തില്‍ ടെസ്‌ല പിന്‍മാറിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വാര്‍ത്തകളും മസ്‌ക് തള്ളിയിട്ടുണ്ട്. വിലകുറഞ്ഞ മാര്‍ക്കറ്റിലേക്ക് കമ്പനി അധികംവൈകാതെ പ്രവേശിപ്പിക്കുമെന്നാണ് ടെസ്‌ല വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യയില്‍ ഉടന്‍ പ്ലാന്റ് തുറക്കില്ലെന്ന് കമ്പനി ഔദ്യോഗിക പ്രതികരണം ഇതുവരെ നടത്തിയിട്ടില്ല. ഇന്ത്യയെ പോലൊരു വലിയ വിപണിയിലേക്ക് പ്രവേശിക്കുകയെന്നത് ടെസ്‌ലയെ സംബന്ധിച്ച് നിര്‍ണായകമാണ്. മെക്‌സിക്കോയിലെ പ്ലാന്റ് വേണ്ടെന്നു വച്ചാലും ഇന്ത്യയെ മസ്‌ക് കൈവിടാന്‍ സാധ്യത കുറവാണ്. ഈ വര്‍ഷം അവസാനം ഇന്ത്യയിലെത്താന്‍ പദ്ധതിയുണ്ടെന്ന് കഴിഞ്ഞ ദിവസം മസ്‌ക് വെളിപ്പെടുത്തിയിരുന്നു. ഈ യാത്രയില്‍ ഇന്ത്യയിലെ ഭാവിപദ്ധതികള്‍ അദേഹം വെളിപ്പെടുത്തിയേക്കും.

Related Articles

Next Story

Videos

Share it