Begin typing your search above and press return to search.
പ്രഹരം താരങ്ങള്‍ക്കെങ്കിലും 'അടിതെറ്റി' തീയറ്ററുകളും നിര്‍മാതാക്കളും; മലയാള സിനിമയില്‍ നഷ്ടകാലം
അപ്രതീക്ഷിത ഹിറ്റുകളിലൂടെ മിന്നും തുടക്കം. ശരാശരി ചിത്രങ്ങള്‍ പോലും കാര്യമായ നഷ്ടമില്ലാതെ മുടക്കുമുതല്‍ തിരിച്ചുപിടിക്കുന്ന അവസ്ഥ. 2024ന്റെ തുടക്കത്തില്‍ പണംവാരിയ മലയാള സിനിമലോകം ഇപ്പോള്‍ കിതച്ച് നില്‍ക്കുകയാണ്. വിട്ടൊഴിയാത്ത വിവാദങ്ങളും കൂടി ചേര്‍ന്നതോടെ പ്രേക്ഷകരും തിയറ്ററില്‍ നിന്ന് അകലം പാലിച്ചതോടെ മലയാള സിനിമ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
ആദ്യപകുതിക്ക് ശേഷം കഷ്ടകാലം
2024ന്റെ ആദ്യ പകുതി മലയാള സിനിമയ്ക്ക് ഗംഭീരമായിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ്, ആടുജീവിതം, ആവേശം, പ്രേമലു തുടങ്ങി ഒരുപിടി ചിത്രങ്ങള്‍ തീയറ്ററിലേക്ക് ആരാധകരെയെത്തിച്ചു. കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കാനായതാണ് ഈ സിനിമകളെ വാണിജ്യ വിജയത്തിലേക്ക് നയിച്ചത്. മഞ്ഞുമ്മല്‍ ബോയ്‌സ് 240 കോടിയിലധികം രൂപ നേടിയെന്നാണ് അണിയറക്കാര്‍ അവകാശപ്പെടുന്നത്. ഈ സിനിമകളുടെയെല്ലാം ഒ.ടി.ടി റൈറ്റ്‌സ് വിറ്റതിലൂടെയും മോശമല്ലാത്ത വരുമാനം നിര്‍മാതാക്കള്‍ക്ക് ലഭിച്ചു.
ജൂണിനു ശേഷം ഹിറ്റുകളില്ല
ആദ്യത്തെ ആറു മാസത്തിനു ശേഷം ഒരൊറ്റ ഹിറ്റ് പോലും സമ്മാനിക്കാന്‍ ഇന്‍ഡസ്ട്രിക്ക് സാധിച്ചിട്ടില്ല. ജൂണിനു ശേഷം റിലീസ് ചെയ്തത് 40ലേറെ ചെറുതും വലുതുമായ ചിത്രങ്ങളാണ്. ഇതില്‍ 'ഗോളം' എന്നൊരു ചിത്രം മാത്രമാണ് മുടക്കുമുതല്‍ തിരിച്ചുപിടിച്ചത്. പുതുമുഖങ്ങളെ അണിനിത്തിയതും നിര്‍മാണചെലവ് കുറയ്ക്കാനായതുമാണ് ചിത്രത്തിന് ഗുണം ചെയ്തത്.
വയനാട് ദുരന്തത്തിനുശേഷം തീയറ്ററുകളിലേക്ക് ആളെത്തുന്നത് തന്നെ കുറഞ്ഞതായി തീയറ്റര്‍ ഉടമകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഹിറ്റ് സിനിമകള്‍ വരാത്തതാണ് പ്രധാന കാരണമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. ഒട്ടുമിക്ക ചിത്രങ്ങളുടെയും റിലീസിംഗ് ദിവസങ്ങളില്‍ നിര്‍മാതാക്കള്‍ തന്നെയാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നത്. കോളജുകളും പ്രെഫഷണല്‍ സ്ഥാപനങ്ങളും വഴി സൗജന്യമായി ടിക്കറ്റുകള്‍ നല്‍കി ആളെയെത്തിച്ച് സിനിമ ഹിറ്റായെന്ന പ്രചരണം നടത്തുന്നതിന് വേണ്ടിയാണിത്.
പ്രതിസന്ധിയില്‍ തീയറ്ററുകളും
മുമ്പ് ഇത്തരത്തില്‍ ഫ്രീ ടിക്കറ്റില്‍ സിനിമ കാണാന്‍ ആളുകള്‍ വന്നിരുന്നെങ്കില്‍ ഇപ്പോള്‍ അതുപോലും കുറവാണെന്നതാണ് അവസ്ഥ. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത 'വാഴ' എന്ന ചിത്രത്തിന് ആദ്യ ദിവസങ്ങളില്‍ മികച്ച കളക്ഷന്‍ ലഭിച്ചിരുന്നു. എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ആളുകളുടെ വരവ് പെട്ടെന്ന് നിലച്ചെന്ന് തീയറ്ററര്‍ ഉടമകള്‍ പറയുന്നു.
അത്യാവശ്യം സൗകര്യങ്ങളുള്ള ഒരു തിയറ്റര്‍ നടത്തി കൊണ്ടു പോകണമെങ്കില്‍ ദിവസം 8,000-10,000 രൂപയെങ്കിലും വരുമാനം വേണം. ഏറ്റവും കുറഞ്ഞത് 5 ജീവനക്കാരെങ്കിലും തിയറ്ററുകളിലുണ്ടാകും. ഇവരുടെ ശമ്പളം, വൈദ്യുതിബില്‍, നികുതി തുടങ്ങിയവയെല്ലാം പ്രേക്ഷകന്‍ നല്‍കുന്ന വരുമാനത്തില്‍ നിന്ന് വേണം കണ്ടെത്താന്‍. വരുമാനം കുറഞ്ഞതോടെ തീയറ്ററുകള്‍ ജീവനക്കാരുടെ എണ്ണം കുറച്ചിട്ടുണ്ട്. ഓണത്തിന് ഇറങ്ങുന്ന സൂപ്പര്‍താര ചിത്രങ്ങളിലാണ് തീയറ്റര്‍ ഉടമകളുടെ പ്രതീക്ഷയത്രയും.
Next Story
Videos