തുടര്‍ച്ചയായ എട്ടാം ദിവസവും വിലവര്‍ധിപ്പിച്ചു; ഇന്ധനവില എങ്ങോട്ട് ?

തുടര്‍ച്ചയായ എട്ടാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചതോടെ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുതിക്കുന്നു. ലിറ്ററിന് പെട്രോള്‍ വില 23-26 പൈസയും ഡീസല്‍ വില 28-30 വരെയുമാണ് ഓയല്‍ മാര്‍ക്കിറ്റിംഗ് കമ്പനി ഇന്ന് വര്‍ധിപ്പിച്ചത്.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ വെബ്സൈറ്റിലെ വിവരമനുസരിച്ച് ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 88.73 രൂപയായി ഉയര്‍ന്നു. ഡീസല്‍ ചില്ലറ വില്‍പ്പന 79.35 രൂപയാണ് (29 പൈസ വര്‍ധന). കഴിഞ്ഞ എട്ടു ദിവസത്തിനുള്ളില്‍ പെട്രോളിന് ലിറ്ററിന് 2.06 രൂപയും ഡീസലിന് 2.56 രൂപയുമാണ് വില വര്‍ധിച്ചത്.
കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 89.15 രൂപയും തിരുവനന്തപുരത്ത് 90.94 രൂപയുമാണ്. ഡീസലിന് 83.74 ഉം 85.74 രൂപയുമാണ് ഇവിടങ്ങളിലെ ഇന്നത്തെ വില.
മുംബൈയില്‍ പെട്രോളിന് 95.46 രൂപയും (25 പൈസയുടെ വര്‍ധന) ഡീസലിന് 86.34 രൂപ (30 പൈസയുടെ വര്‍ധന) യുമാണ് ഇന്നത്തെ വില. കൊല്‍ക്കത്തയില്‍ ഞായറാഴ്ച രേഖപ്പെടുത്തിയ 90.01 രൂപയില്‍ നിന്ന് പെട്രോളിന് 24 പൈസ വര്‍ധിച്ച് ലിറ്ററിന് 90.25 രൂപയായി. ഡീസലിന് ഒരു ലിറ്ററിന് 82.94 രൂപയാണ് വില, 29 പൈസയുടെ വര്‍ധന.
ചെന്നൈയില്‍ 23 പൈസ വര്‍ധിച്ച് പെട്രോള്‍ വില 91.19 രൂപയായി. ഡീസല്‍ വില 84.44 രൂപയായി ഉയര്‍ന്നു (28 പൈസയുടെ വര്‍ധന).
ചില്ലറ വില്‍പ്പന വിലയുടെ 61 ശതമാനവും ഡീസലിന്റെ 56 ശതമാനവും കേന്ദ്ര, സംസ്ഥാന നികുതികളാണ്. ഇന്ധനവില വര്‍ധനവിന്റെ സാഹചര്യത്തില്‍ നിരക്ക് കുറയ്ക്കുന്നതിന് എക്‌സൈസ് തീരുവ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചിട്ടില്ലെന്നും അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില അനുസരിച്ചായിരിക്കും ഇന്ധനവിലയെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു.
അതിനിടെ ഉത്തരേന്ത്യയിലെ ചിലയിടങ്ങളില്‍ പെട്രോള്‍ വില നൂറും കടന്ന് കുതിക്കുകയാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it