അംബാനിയെ മറികടന്ന് അദാനിയുടെ കുതിപ്പ്; ഏഷ്യന്‍ സമ്പന്നരില്‍ വീണ്ടും മുമ്പന്‍

ഏഷ്യയിലെ അതിസന്നരുടെ പട്ടികയില്‍ ഗൗതം അദാനി ഒന്നാമതെത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്നാണ് അദാനിയുടെ നേട്ടം. അദാനിയുടെ മൊത്തം ആസ്തി 111 ബില്യണ്‍ (9.2 ലക്ഷം കോടി രൂപ) ഡോളറാണ്. അംബാനിയുടേത് 109 ബില്യണ്‍ (9.1 ലക്ഷം കോടി രൂപ) ഡോളറുമാണ്.
ലോക സമ്പന്നരില്‍ നിലവില്‍ പതിനൊന്നാം സ്ഥാനത്താണ് അദാനി. അംബാനി പന്ത്രണ്ടിലും. അദാനി ഓഹരികളില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലുണ്ടായ കുതിപ്പാണ് അദ്ദേഹത്തിന് ഒന്നാം സ്ഥാനത്തേക്ക് വഴിയൊരുക്കിയത്. വെള്ളിയാഴ്ച അദാനി ഓഹരികളുടെ മൂല്യം 5 ബില്യണ്‍ (45,500 കോടി രൂപ) ഡോളര്‍ വര്‍ധിച്ചിരുന്നു. അദാനി കമ്പനികളുടെ ഓഹരികള്‍ തിങ്കളാഴ്ചയും വന്‍തോതില്‍ ഉയര്‍ന്നിരുന്നു. അംബാനിയുമായുള്ള വിടവ് ഇനിയും വര്‍ധിക്കാന്‍ ഇതു കാരണമാകും.
വിപണിമൂല്യം ഉയര്‍ന്നു
ശനിയാഴ്ച പുറത്തുവന്ന എക്‌സിറ്റ് പോളുകള്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രവചിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച് തിങ്കളാഴ്ച വിവിധ അദാനി കമ്പനികള്‍ 16 ശതമാനം വരെ നേട്ടമുണ്ടാക്കിയിരുന്നു. ഗ്രൂപ്പിന് കീഴിലുള്ള ലിസ്റ്റഡ് കമ്പനികളുടെ വിപണിമൂല്യവും വലിയതോതില്‍ വര്‍ധിച്ചിട്ടുണ്ട്. നിലവില്‍ 19.24 ലക്ഷം കോടി രൂപയ്ക്കു മുകളിലാണ് അദാനി കമ്പനികളുടെ മൂല്യം. അംബാനി കമ്പനികളുടെ മൂല്യവും തിങ്കളാഴ്ച വര്‍ധിച്ചിട്ടുണ്ട്. ഇന്നത്തെ മൂല്യം കൂടി ചേര്‍ത്താല്‍ ഇരുവരുടെയും ആസ്തി കൂടും.
രണ്ടുവര്‍ഷം മുമ്പും അദാനി ഏഷ്യയിലെ സമ്പന്നരുടെ പട്ടികയില്‍ ഒന്നാമതെത്തിയിരുന്നു. എന്നാല്‍ ദീര്‍ഘകാലം ഈ നേട്ടം നിലനിര്‍ത്താന്‍ അദേഹത്തിന് സാധിച്ചിരുന്നില്ല. അദാനി കമ്പനികളുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് അന്ന് തിരിച്ചടിയായത്.

Related Articles

Next Story

Videos

Share it