അംബാനിയേയും ഏറ്റെടുക്കുകയാണ് അദാനി! 5 വര്‍ഷം പൂട്ടിയിട്ട കമ്പനി അദാനിക്ക് എന്തിന്?

ബിസിനസ് സാമ്രാജ്യം വിപുലപ്പെടുത്താന്‍ കൂടുതല്‍ ഏറ്റെടുക്കലുമായി ഗൗതം അദാനി. അദാനി ഗ്രൂപ്പ് പുതുതായി ലക്ഷ്യമിടുന്നത് ഒരു കാലത്ത് ഇന്ത്യന്‍ ബിസിനസ് ലോകത്തെ പ്രതാപിയായിരുന്ന അനില്‍ അംബാനിയുടെ കമ്പനിയെയാണ്. വൈദ്യുത മേഖലയില്‍ ഇപ്പോള്‍ തന്നെ സാന്നിധ്യമുള്ള അദാനി ഗ്രൂപ്പ് ഈ മേഖലയില്‍ തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
2,68,732 ലക്ഷം കോടി രൂപയുടെ വിപണിമൂല്യമുള്ള കമ്പനിയാണ് അദാനി പവര്‍. നാഗ്പൂര്‍ ആസ്ഥാനമായ ബുട്ടിബോറി തെര്‍മല്‍ പവര്‍ പ്ലാന്റ് ഏറ്റെടുക്കാനാണ് അദാനി നീക്കം നടത്തുന്നത്. 2,400-3,000 കോടി രൂപയ്ക്ക് ഇടയിലാകും കമ്പനി കൈമാറ്റ ഇടപാടെന്ന് 'ലൈവ്മിന്റ്' റിപ്പോര്‍ട്ട് ചെയ്യുന്നു.

അനിലിന്റെ കമ്പനി

ഒരു കാലത്ത് അനില്‍ അംബാനിയുടെ റിലയന്‍സ് പവറിന്റെ ഉടമസ്ഥതയിലായിരുന്നു ഈ പവര്‍ പ്ലാന്റ്. അനിലിന്റെ കമ്പനി പാപ്പരായതോടെ റിലയന്‍സ് പവറിന്റെ സബ്‌സിഡിയറി കമ്പനിയായ വിദര്‍ഭ ഇന്‍ഡസ്ട്രീസ് പവറിന്റെ കീഴിലേക്ക് കമ്പനിയെ മാറ്റിയിരുന്നു. 600 മെഗാവാട്ട്‌സ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ പ്ലാന്റ്.
തിരിച്ചുവരവിന് ഒരുങ്ങുന്ന അനില്‍ അംബാനിയെ സംബന്ധിച്ച് ഈ ഇടപാട് നടക്കുന്നത് ഗുണകരമാണ്. കാരണം, കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി ഈ പ്ലാന്റ് അടഞ്ഞു കിടക്കുകയാണ്. വരുമാനം ഇല്ലാത്ത അവസ്ഥയില്‍ ആസ്തിയില്‍ ശോഷണം സംഭവിക്കുന്നതിനു മുന്‍പ് വിറ്റഴിച്ചാല്‍ ആ പണം മറ്റ് സംരംഭങ്ങളില്‍ നിക്ഷേപിക്കാന്‍ അനിലിന് സാധിക്കും. മുമ്പ് 6,000 കോടി രൂപ മൂല്യമുണ്ടായിരുന്നു നാഗ്പൂരിലെ പവര്‍ പ്ലാന്റിന്. എന്നാല്‍ 2019 ഡിസംബര്‍ മുതല്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ മൂല്യം പാതിയായി കുറഞ്ഞു.

റിലയന്‍സ് പവര്‍ ഓഹരികള്‍ക്കും നേട്ടം

അദാനി ഗ്രൂപ്പുമായി ചര്‍ച്ച നടക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വന്നതോടെ റിലയന്‍സ് പവര്‍ ലിമിറ്റഡിന്റെ ഓഹരികളും കുതിപ്പിലാണ്. തിങ്കളാഴ്ച 32.81ല്‍ ക്ലോസ് ചെയ്ത ഓഹരികള്‍ ഇന്ന് (ഓഗസ്റ്റ് 20) 5 ശതമാനത്തോളം കയറി. 13,800 കോടിയിലധികം വിപണിമൂല്യമുള്ള കമ്പനിയാണ് റിലയന്‍സ് പവര്‍. 2021 ജൂണ്‍ പാദത്തിന് ശേഷം കമ്പനിക്ക് അറ്റലാഭം നേടാന്‍ സാധിച്ചിട്ടില്ല. ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ അറ്റനഷ്ടം 98 കോടി രൂപയായിരുന്നു.

Related Articles

Next Story

Videos

Share it