അംബുജ സിമന്റ്‌സിലെ അദാനി ഓഹരികള്‍ വാങ്ങിക്കൂട്ടി ജി.ക്യു.ജി; അദാനി കുടുംബത്തിന്റെ മനസിലിരുപ്പ് എന്താണ്?

പ്രമുഖ യു.എസ് നിക്ഷേപ സ്ഥാപനമായ ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സ് അംബുജ സിമന്റ്‌സിലെ ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചു. വെള്ളിയാഴ്ച്ച 1,679 കോടി രൂപ മുടക്കി ഒരു ശതമാനം ഓഹരികളാണ് ജി.ക്യു.ജി സ്വന്തമാക്കിയത്. ബ്ലോക്ക് ഡീലിലൂടെ ഓഹരി വിറ്റഴിച്ച് പണം സമാഹരിക്കാന്‍ അദാനി ഗ്രൂപ്പ് തീരുമാനിച്ചതോടെയാണ് അംബുജ സിമന്റ്‌സില്‍ ജി.ക്യു.ജിയുടെ നിക്ഷേപം വര്‍ധിച്ചത്.

സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് പുറത്തുവിട്ട രേഖ അനുസരിച്ച് അദാനി കുടുംബം വിറ്റഴിച്ച ഓഹരികളുടെ 39 ശതമാനവും ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സാണ് സ്വന്തമാക്കിയത്. ഇതോടെ അംബുജ സിമന്റ്‌സില്‍ നിക്ഷേപക സ്ഥാപനത്തിന്റെ ഓഹരിവിഹിതം 2.4 ശതമാനമായി ഉയര്‍ന്നു.

എസ്.ബി.ഐ ലൈഫ് ഇന്‍ഷുറന്‍സ്, നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം ട്രസ്റ്റ് എന്നിവരാണ് അംബുജ ഓഹരികള്‍ വാങ്ങിയ മറ്റ് പ്രമുഖര്‍. യഥാക്രമം 500, 525 കോടി രൂപയുടെ ഓഹരികളാണ് ഇവര്‍ സ്വന്തമാക്കിയത്. ഓഹരിയൊന്നിന് 625 രൂപ നിരക്കിലായിരുന്നു വ്യാപാരം. വെള്ളിയാഴ്ച്ച 633.55 രൂപയിലാണ് അംബുജ ഓഹരികള്‍ ക്ലോസ് ചെയ്തത്.

കടം കുറയ്ക്കുക ലക്ഷ്യം

കടബാധ്യത കുറയ്ക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണ് അംബുജ സിമന്റ്‌സിലെ ഓഹരികള്‍ അദാനി കുടുംബം വിറ്റഴിച്ചത്. നിലവില്‍ 67.3 ശതമാനം ഓഹരികളാണ് അദാനി ഗ്രൂപ്പിന് ഈ സിമന്റ് കമ്പനിയിലുള്ളത്. ഓഹരി വില്പനയിലൂടെ ലഭിച്ച പണം മറ്റ് മേഖലകളില്‍ നിക്ഷേപിക്കാന്‍ അദാനിക്ക് പദ്ധതിയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.

അദാനി ഗ്രൂപ്പിലെ കമ്പനികളിലെ ഏറ്റവും വലിയ നിക്ഷേപക കമ്പനിയായി പുതിയ ജി.ക്യു.ജി മാറിയിട്ടുണ്ട്. 80,000 കോടി രൂപയാണ് അദാനി കമ്പനികളിലെ അവരുടെ നിക്ഷേപകമൂല്യം. പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ (എല്‍.ഐ.സി) അദാനി കമ്പനികളിലെ നിക്ഷേപത്തിന്റെ മൂല്യം 60,000 കോടി രൂപയാണ്. അദാനി പവറില്‍ 7.73 ശതമാനവും അദാനി ഗ്രീന്‍ എനര്‍ജിയില്‍ 7 ശതമാനവും ഓഹരികള്‍ ജി.ക്യു.ജിക്കുണ്ട്.
Related Articles
Next Story
Videos
Share it