യു. എസ് വിസ: ഓരോ കേസിലും പുതുക്കല്‍ 'മെറിറ്റ്' പരിഗണിച്ച്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ കുടിയേറ്റ ഇതര വിസകളുടെ വിപുലീകരണത്തിനും പുതുക്കലിനുമുള്ള ഏകീകൃത നടപടികളുണ്ടാകുമെന്ന പ്രതീക്ഷ അസ്ഥാനത്ത്. അതേസമയം, എച്ച്1 ബി വിസ ഉള്‍പ്പെടെയുള്ളവയുടെ ഒരുമിച്ചുള്ള പുതുക്കല്‍ പ്രക്രിയക്കു പകരം ഓരോ കേസും അനുസരിച്ച് അനുയോജ്യ നടപടി ഉണ്ടാകുമെന്ന് യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്സിഐഎസ്) അറിയിച്ചതോടെ ഇതു സംബന്ധിച്ച അനിശ്ചിതത്വത്തിന് ഏറെക്കുറെ പരിഹാരമായി.

നേരത്തെ, പ്രശ്‌നം വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായി ചര്‍ച്ച ചെയ്തിരുന്നു.ഗതാഗത നിയന്ത്രണത്തെത്തുടര്‍ന്ന് അമേരിക്കയില്‍ കുടുങ്ങിയ നിരവധി ഇന്ത്യക്കാര്‍ക്ക് ആശ്വാസമേകുന്നതാണ് യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ നടപടിയെന്ന അഭിപ്രായം പ്രവാസികള്‍ക്കിടയില്‍ ഉയരുന്നുണ്ട്. വൈറസ് പതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇമിഗ്രേഷനുമായി ബന്ധപ്പെട്ട നിരവധി പ്രതിസന്ധികള്‍ക്ക് കാരണമാക്കിയിരുന്നു.

'സാധാരണയായി, കുടിയേറ്റക്കാരല്ലാത്തവര്‍ അവരുടെ അംഗീകൃത കാലാവധി അവസാനിക്കുന്നതിനുമുമ്പ് അമേരിക്കയില്‍ നിന്ന് പുറപ്പെടണം. എന്നിരുന്നാലും, കോവിഡ് 19 കാരണം അവര്‍ക്ക് അപ്രതീക്ഷിതമായി ഇവിടെ തുടരേണ്ടിവരുന്നതായി ഞങ്ങള്‍ തിരിച്ചറിയുന്നു,'- വിജ്ഞാപനത്തില്‍ പറയുന്നു. പുതിയ സാഹചര്യത്തില്‍ ജോലിയും പഠന സൗകര്യവും നഷ്ടമായ ആയിരക്കണക്കിനു പേരാണ് അമേരിക്കയില്‍ തുടര്‍ന്നു താമസിക്കാനും മടങ്ങാനും കഴിയാതെ വിഷമത്തിലായിരുന്നത്. വിമാന സര്‍വീസുകള്‍ നിലച്ചതോടെ തിരിച്ചുപോക്ക് അസാധ്യമായിരുന്നു.

പ്രശ്നങ്ങള്‍ ശ്രദ്ധാപൂര്‍വം പഠിച്ച് അവ പരിഹരിക്കുന്നതിന് നിലവിലെ സാഹചര്യത്തില്‍ അധികാരത്തിനുള്ളില്‍ എന്തു ചെയ്യാനാകുമെന്ന കാര്യം പരിശോധിക്കുന്നുണ്ടെന്ന് യുഎസ്സിഐഎസ് അറിയിച്ചു. വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയെ സംബന്ധിച്ചും ചര്‍ച്ച ചെയ്‌തെന്നും അമേരിക്കന്‍ ജനതയെയും സമുഹത്തെയും സംരക്ഷിക്കാനുള്ള നടപടികള്‍ വകുപ്പ് തുടരുമെന്നും അറിയിപ്പില്‍ പറയുന്നു. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള നയങ്ങളും നടപടിക്രമങ്ങളും പരിഗണിക്കുന്നുണ്ടെന്നും ആഭ്യന്തര സുരക്ഷാ വകുപ്പ് വ്യക്തമാക്കി. ആഭ്യന്തര തൊഴിലില്ലായ്മ സംബന്ധിച്ച പ്രശ്‌നങ്ങള്‍ രൂക്ഷമാകവേ, വിസകളുടെ വിപുലീകരണ കാര്യത്തില്‍ അമിത പ്രതീക്ഷ വേണ്ടെന്ന സൂചനയാണ് ഇതില്‍ ഒളിഞ്ഞിരിക്കുന്നതെന്ന് നിരീക്ഷര്‍ പറയുന്നു.

ഇന്ത്യാക്കാരുടെ കാര്യത്തില്‍ ബിസിനസ്സ് അല്ലെങ്കില്‍ യാത്രാ ആവശ്യങ്ങള്‍ക്കായി ബി -1, ബി -2 വിസകളും വിദ്യാര്‍ത്ഥികള്‍ക്ക് എഫ് -1 വിസകളും എക്‌സ്‌ചേഞ്ച് സന്ദര്‍ശകര്‍ക്ക് ജെ -1 വിസകളും ഗവേഷകര്‍ക്കും ഫിസിഷ്യന്‍മാര്‍ക്കും ഐടി വിദഗ്ധര്‍ക്കും എച്ച് -1 ബി വിസകളും ആണ് കുടിയേറ്റ ഇതര വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. മാനേജര്‍ അല്ലെങ്കില്‍ എക്‌സിക്യൂട്ടീവ് പ്രൊഫഷണലുകള്‍ക്ക് എല്‍ 1 വിസകളും.'കുടിയേറ്റമില്ലാത്ത താമസത്തിന്റെ വിപുലീകരണം അമേരിക്കയില്‍ ആവശ്യമുള്ളവര്‍ക്ക്, സാഹചര്യങ്ങള്‍ക്കനുസരിച്ച് ഓരോ കേസിലും യുഎസ്സിഐഎസ് അനുമതി നീട്ടും'- യുഎസ്സിഐഎസ് വക്താവ് പറഞ്ഞു. പക്ഷേ, വിസ വിപുലീകരണത്തിന് അപേക്ഷിക്കേണ്ടതുണ്ട്.

എച്ച് -1 ബി വിസയുള്ള ആയിരക്കണക്കിനു പേര്‍ക്ക് താല്‍ക്കാലികമായെങ്കിലും പ്രതീക്ഷ പകരുന്ന നീക്കമാണിത്. ജോലി നഷ്ടപ്പെട്ടാല്‍ നിലവിലെ നിയമപ്രകാരം 60 ദിവസത്തിനുള്ളില്‍ രാജ്യം വിടേണ്ടിവരുമായിരുന്നു അവര്‍ക്ക്. 60 ദിവസത്തെ 'ഗ്രേസ് പിരീഡ്' 180 ദിവസത്തേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ട് 52,117 പേര്‍ ഒപ്പിട്ട് കത്താണ് വൈറ്റ്ഹൗസിലെത്തിയത്.അതേസമയം എച്ച് -1 ബി പ്രോഗ്രാമിനെ വിമര്‍ശിക്കുന്നവര്‍ സംഘടിതമായി ഈ ആവശ്യത്തെ എതിര്‍ത്തിരുന്നു. എച്ച് -1 ബി വിസയില്‍ ജോലി ചെയ്യുന്ന മൂന്നു ലക്ഷം ഇന്ത്യക്കാര്‍ അമേരിക്കയിലുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it