Begin typing your search above and press return to search.
തര്‍ക്കം മുറുകുന്നു, ഹിന്ദി ദേശീയ ഭാഷയല്ല, ഇന്ത്യക്ക് ദേശീയ ഭാഷയില്ലെന്ന് നിയമമന്ത്രി പി. രാജീവ്
'ഒരു രാജ്യം ഒരു ഭാഷ' എന്ന പേരിൽ രാജ്യത്തുടനീളം ഹിന്ദി അടിച്ചേൽപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണന്ന് സംസ്ഥാന നിയമമന്ത്രി പി. രാജീവ് പറഞ്ഞു. വർഷങ്ങൾക്കുമുമ്പ് ഒരു കേന്ദ്രമന്ത്രി അന്ന് കേരള മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാർക്ക് ഹിന്ദിയിൽ ഒരു കത്ത് എഴുതി. അതിന് നായനാർ മലയാളത്തിലാണ് മറുപടി കത്ത് എഴുതിയത്. ഭരണഘടനയനുസരിച്ച് നമുക്ക് ദേശീയ ഭാഷയില്ല. ഇംഗ്ലീഷും ഹിന്ദിയും ഔദ്യോഗിക ഭാഷകളായാണ് പരിഗണിക്കേണ്ടത്. പ്രാദേശിക ഭാഷകളും ഔദ്യോഗിക ഭാഷകളുടെ ഗണത്തിലാണ് വരുന്നത്.
ഭരണഘടനയനുസരിച്ച് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും തമ്മിലുള്ള ആശയവിനിമയം ഇംഗ്ലീഷിൽ ആയിരിക്കണം. സുപ്രീംകോടതിയിലെ ആശയവിനിമയം ഇംഗ്ലീഷിലാണെന്നും പി. രാജീവ് ചൂണ്ടിക്കാട്ടി.
നമ്മുടെ സ്വന്തം ഭാഷയിൽ നിയമസഭയില്‍ ബിൽ അവതരിപ്പിക്കുകയാണെങ്കിൽ, ബില്ലിന്റെ വിവർത്തനം ഗവർണറുടെ അംഗീകാരത്തിനായി ഹാജരാക്കേണ്ടതുണ്ട്. രാജ്യത്തുടനീളവും 'ഒരു രാഷ്ട്രം ഒരു ഭാഷ' എന്ന പേരിൽ പ്രചാരണം അടിച്ചേൽപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും രാജീവ് പറഞ്ഞു.
കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവും ദക്ഷിണേന്ത്യൻ എം.പിമാരും തമ്മിൽ ഭാഷയെച്ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നതിനിടെയാണ് രാജീവിന്റെ പ്രസ്താവന.
ദക്ഷിണേന്ത്യയിൽ നിന്നുള്ള പാർലമെൻ്റ് അംഗങ്ങളെ അഭിസംബോധന ചെയ്ത് കേന്ദ്രമന്ത്രി ബിട്ടു ഹിന്ദിയിൽ കത്തെഴുതിയിരുന്നു. സി.പി.എം എം.പി ജോണ്‍ ബ്രിട്ടാസ് പ്രതിഷേധ സൂചകമായി ഇതിന് മലയാളത്തിലാണ് മറുപടി നൽകിയത്. കേന്ദ്രമന്ത്രി ജനങ്ങളുടെ വികാരം മാനിക്കണമെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
Next Story
Videos