ഗള്‍ഫ് രാജ്യങ്ങളില്‍ ശമ്പളത്തിനും നികുതി വരുന്നു, ആദായ നികുതി ഏര്‍പ്പെടുത്താന്‍ ഒമാന്‍; പ്രവാസികള്‍ക്ക് തിരിച്ചടിയാകുമോ?

പെട്രോളിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് വ്യക്തിഗത ആദായ നികുതി നടപ്പിലാക്കാന്‍ ഒമാന്‍. പഞ്ചവത്സര പദ്ധതികളിലൂടെ സാമൂഹികവും സാമ്പത്തികവുമായ വളര്‍ച്ച കൈവരിക്കുന്നതിനായി 2021 മുതല്‍ 2040 വരെ ഒമാന്‍ നടപ്പാക്കുന്ന വിഷന്‍ 2040 ന്റെ ഭാഗമാണ് പുതിയ നികുതി സമ്പ്രദായം. ഇത് സംബന്ധിച്ച സ്റ്റേറ്റ് കൗണ്‍സിലിന്റെ പ്രമേയത്തിന് ഒമാന്റെ അധോസഭയായ മജ്‌ലിസ് അല്‍ ഷൂറയുടെ അംഗീകാരം ലഭിച്ചു. അന്തിമ തീരുമാനത്തിന് ഉപരിസഭയുടെ അംഗീകാരം കൂടി ലഭിക്കണം. തീരുമാനം നടപ്പിലായാല്‍ ആദായ നികുതി ഏര്‍പ്പെടുത്തുന്ന ആദ്യ ഗള്‍ഫ് രാജ്യമാകും ഒമാന്‍.
നിര്‍ദിഷ്ട നികുതി ഘടന ഇങ്ങനെ
വ്യക്തിഗത ആദായ നികുതി ഏര്‍പ്പെടുത്താനുള്ള ചര്‍ച്ചകള്‍ ഒമാനില്‍ തുടങ്ങിയിട്ട് കുറച്ച് കാലമായി. 2022ല്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ ആദ്യമായി അവതരിപ്പിച്ചു. നിര്‍ദിഷ്ട ബില്‍ അനുസരിച്ച് പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ബാധകമായിരിക്കും. വിദേശനിക്ഷേപകരുടെയും പ്രവാസി തൊഴിലാളികളുടെയും താത്പര്യം കൂടി കണക്കിലെടുത്ത് അഞ്ച് മുതല്‍ ഒമ്പത് ശതമാനം വരെയുള്ള വിവിധ സ്ലാബുകളിലായാണ് നികുതിയേര്‍പ്പെടുത്തുക.
രാജ്യത്തിന് സുസ്ഥിരമായ വരുമാന മാര്‍ഗം പ്രദാനം ചെയ്യുന്നതാണ് പുതിയ തീരുമാനം. അടിസ്ഥാന വികസനം, വിദ്യാഭ്യാസം, ആരോഗ്യം, സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവിടങ്ങളില്‍ കാര്യമായ മാറ്റം കൊണ്ടുവരാന്‍ ഇതിലൂടെ കഴിയും. എന്നാല്‍ പുതിയ നികുതി ഘടന ഒമാനിലേക്കുള്ള പ്രവാസികളുടെ വരവിനെ ബാധിച്ചേക്കുമെന്ന് സാമ്പത്തിക വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആരൊക്കെ കൊടുക്കണം
ഒമാനില്‍ ഒരു ലക്ഷം ഡോളര്‍ (ഏതാണ്ട് 83.5 ലക്ഷം രൂപ) വരുമാനമുള്ള വിദേശികള്‍ക്കും 10 ലക്ഷം അമേരിക്കന്‍ ഡോളര്‍ (ഏതാണ്ട് 8.3 കോടി രൂപ) ആകെ വരുമാനമുള്ള സ്വദേശികളും ആദായ നികുതിയുടെ പരിധിയില്‍ വരും. നിലവില്‍ കോര്‍പറേറ്റ് ആദായ നികുതിയും വിദേശതൊഴിലാളികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ ചെറിയ നികുതിയും മാത്രമാണ് ഒമാന്‍ ചുമത്തുന്നത്.
ഒമാന്റെ വഴിയേ മറ്റ് ഗള്‍ഫ് രാജ്യങ്ങളും
മലയാളികള്‍ അടക്കമുള്ള നിരവധി പ്രവാസി കുടിയേറ്റ തൊഴിലാളികളെ ആകര്‍ഷിച്ചതും വന്‍ സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ സഹായിച്ചതുമായ നികുതി സമ്പ്രദായത്തിനാണ് മാറ്റമുണ്ടാകുന്നത്. ഇത് ഗള്‍ഫ് മേഖലയിലാകെ പ്രതിഫലിക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. മറ്റ് ചില രാജ്യങ്ങളും നികുതി ഘടനയിലെ മാറ്റങ്ങള്‍ക്കുള്ള ചര്‍ച്ചയിലാണ്. പെട്രോളിയം ഉത്പന്നങ്ങളില്‍ നിന്നുള്ളതിന് പുറമെയുള്ള വരുമാനത്തിനായി പല ഗള്‍ഫ് രാജ്യങ്ങളും വിവിധ തരത്തിലുള്ള നികുതി സമ്പ്രദായം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.
ബിസിനസില്‍ നേടുന്ന ലാഭത്തില്‍ നിന്നും ഫെഡറല്‍ കോര്‍പറേറ്റ് നികുതി അടക്കണമെന്ന നിയമം കഴിഞ്ഞ വര്‍ഷം മുതല്‍ നടപ്പിലാക്കിയിരുന്നു. വ്യവസായ സൗഹൃദ രാഷ്ട്രമെന്ന ബഹുമതി നഷ്ടമാകാതിരിക്കാന്‍ ഒമ്പത് ശതമാനമാണ് നികുതി നിരക്കായി നിശ്ചയിച്ചത്. ഖത്തറില്‍ 10 ശതമാനവും സൗദി അറേബ്യയില്‍ 20 ശതമാനവും കോര്‍പറേറ്റ് നികുതി ഈടാക്കുന്നുണ്ട്. ഇതിന് പുറമെ യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍, ബഹറിന്‍ എന്നീ രാജ്യങ്ങള്‍ 5 ശതമാനം മൂല്യവര്‍ധിത നികുതിയും (വാറ്റ്-VAT) ഏര്‍പ്പെടുത്തി. കോവിഡ് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 2020ല്‍ 15 ശതമാനമായാണ് സൗദി മൂല്യവര്‍ധിത നികുതി വര്‍ധിപ്പിച്ചത്. കുവൈത്തും ഖത്തറും ഇതുവരെ വാറ്റ് നടപ്പിലാക്കിയിട്ടില്ല.
മലയാളിക്ക് തിരിച്ചടിയാകുമോ
അടുത്തിടെ കേരള സര്‍ക്കാര്‍ പുറത്തിറക്കിയ മൈഗ്രേഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഏതാണ്ട് ഒന്നേകാല്‍ ലക്ഷത്തോളം മലയാളികള്‍ ഒമാനിലുണ്ടെന്നാണ് കണക്ക്. നിര്‍ദിഷ്ട നികുതി ഘടനയില്‍ ഉയര്‍ന്ന വരുമാനമുള്ളവര്‍ക്കാണ് നികുതി നല്‍കേണ്ടത്. ഏതാണ്ട് 83.5 ലക്ഷം രൂപ ഒമാനില്‍ നിന്നും വരുമാനം ലഭിക്കുന്നവര്‍ നികുതി അടക്കേണ്ടി വരും. ചെറിയ ശമ്പളത്തില്‍ ജോലി ചെയ്യുന്നവരെ നേരിട്ട് ബാധിക്കില്ലെങ്കിലും കച്ചവടക്കാരെയും വ്യവസായികളെയും പ്രത്യക്ഷത്തില്‍ ബാധിക്കും. നീക്കിയിരുപ്പില്‍ വരുന്ന കുറവ് നികത്താന്‍ സംരംഭകര്‍ ചെലവ് കുറയ്ക്കല്‍ നടപടികളിലേക്ക് കടന്നാല്‍ ജീവനക്കാരുടെ തൊഴിലിനെയും വരുമാനത്തെയും ബാധിക്കും. ചിലര്‍ സംരംഭങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്ക് മാറ്റാനും സാധ്യതയുണ്ട്. ഒമാനില്‍ നിന്നും നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ ചെറിയ കുറവുണ്ടായേക്കാമെന്നും സാമ്പത്തിക വിദഗ്ദര്‍ പറയുന്നു. എന്നാല്‍ പുതിയ നികുതി ഘടന കൂടുതല്‍ ശക്തമായ സാമ്പത്തിക വ്യവസ്ഥയുണ്ടാക്കുമെന്നും ഇത് ചില മേഖലകളില്‍ ജോലി സാധ്യതകള്‍ വര്‍ധിപ്പിക്കാന്‍ ഇടയാക്കുമെന്നും ചില സാമ്പത്തിക വിദഗ്ദര്‍ പറയുന്നു.

Related Articles

Next Story

Videos

Share it