വന്ദേഭാരതിന് വേഗം കൂട്ടാന്‍ പുതിയ മാര്‍ഗവുമായി റെയില്‍വേ
മണിക്കൂറില്‍ 160 കിലോമീറ്റര്‍ സ്പീഡ് വരെ ഓടാൻ കഴിയുന്ന ട്രെയിനാണ് വന്ദേ ഭാരത് എക്‌സ്പ്രസ്. എന്നാല്‍ നിലവില്‍ 110 കിലോമീറ്റര്‍ മുതല്‍ 130 കിലോമീറ്റര്‍ വേഗതയില്‍ ആണ് വന്ദേഭാരത് ഓടുന്നത്. ട്രെയിനുകള്‍ക്ക് അടുത്ത ഘട്ടത്തില്‍ 130 മുതല്‍ 140 കിലോമീറ്റര്‍ സ്പീഡ് വരെ എടുക്കാന്‍ ചുറ്റുപാടൊരുക്കുകയാണ് റെയില്‍വേ. അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ സുരക്ഷാ ഫെന്‍സിംഗ് സ്ഥാപിക്കുമെന്നാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ബുധനാഴ്ച ലോക്‌സഭയില്‍ പറഞ്ഞത്.
വന്ദേഭാരത് ഓടുന്ന ട്രാക്കുകളില്‍ മുഴുവന്‍ സുരക്ഷാ ഫെന്‍സിംഗ് ഏര്‍പ്പെടുത്തും. നേരത്തെ കേരളത്തിലുള്‍പ്പെടെ പാളങ്ങളുടെ വളവ് നികത്തുന്ന ജോലികള്‍ റെയില്‍വേ പൂര്‍ത്തിയാക്കുകയാണ്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള 336 വളവുകള്‍ നികത്താനായി 381 കോടി രൂപയാണ് നീക്കി വച്ചിരുന്നത്.
ട്രെയിനുകളുടെ സുഗമമായ സഞ്ചാരത്തിനായി സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നതോടൊപ്പം സുരക്ഷാ സങ്കേതങ്ങളും വര്‍ധിപ്പിക്കാന്‍ നിര്‍ദേശമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഇതിനായി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍.പി.എഫ്), ഗവണ്‍മെന്റ് റെയില്‍വേ പോലീസ് (ജി.ആര്‍.പി), ജില്ലാ പോലീസ്, സിവില്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നീ വിഭാഗങ്ങള്‍ക്കാണ് ചുമതല.
സിഗ്നലിംഗ്, ട്രാക്ക് ഇന്‍ഫ്രാസ്ട്രക്ചര്‍, ഫെന്‍സിംഗ് സംബന്ധിച്ച് നിലവിലുള്ള തടസ്സങ്ങള്‍ ഒഴിവാക്കി ട്രെയിനുകളുടെ അതിവേഗ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കാനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണ്.