Begin typing your search above and press return to search.
മലയാളിക്കും കിട്ടും ഡിജിറ്റല്‍ ഡ്രൈവിംഗ് ലൈസന്‍സ്, പൊലീസ് പിടിച്ചാല്‍ മൊബൈലില്‍ കാണിച്ചാലും മതി
കേരളത്തില്‍ ഈ വര്‍ഷം തന്നെ ഡിജിറ്റല്‍ ഡ്രൈവിംഗ് ലൈസന്‍സ് സംവിധാനം ഏര്‍പ്പെടുത്താനുള്ള ആലോചനയുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അച്ചടി തടസപ്പെട്ട സാഹചര്യത്തിലാണ് ഗതാഗത വകുപ്പിന്റെ പുതിയ നീക്കം. ഇതിനായി ധനവകുപ്പിന്റെ അനുമതി തേടാനുള്ള ശ്രമത്തിലാണ് ഗതാഗത വകുപ്പ്.
അപേക്ഷകന്റെ ചിത്രവും ക്യൂ.ആര്‍ കോഡും അടങ്ങുന്ന ഡിജിറ്റല്‍ ഡ്രൈവിംഗ് ലൈസന്‍സ് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന രീതിയിലാണ് തയ്യാറാക്കുന്നത്. പൊലീസ് പരിശോധനയില്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത ഡിജിറ്റല്‍ പകര്‍പ്പ് കാണിച്ചാല്‍ മതി. പരിശോധനയ്‌ക്കെത്തുന്ന ഉദ്യോഗസ്ഥന്‍ രേഖകളുടെ ഹാര്‍ഡ് കോപ്പി ആവശ്യപ്പെടില്ല. ഡിജിറ്റലാകുന്നതോടെ ലൈസന്‍സിന്റെ ഒറിജിനല്‍ പതിപ്പ് അച്ചടിച്ച് വിതരണം ചെയ്യുന്നത് ഒഴിവാക്കാനും പദ്ധതിയുണ്ട്. ഇതോടെ അച്ചടിക്കും തപാല്‍ ചെലവുകള്‍ക്കുമുള്ള 100 രൂപ കുറച്ചായിരിക്കും ഡ്രൈവിംഗ് ലൈസന്‍സിനുള്ള അപേക്ഷ വാങ്ങുന്നത്.
ചെലവ് ഗണ്യമായി കുറയും
സംസ്ഥാനത്ത് ഒരുവർഷം അഞ്ചുലക്ഷം ആര്‍.സിയും 1.30 ലക്ഷം ഡ്രൈവിംഗ് ലൈസന്‍സും അച്ചടിക്കാറുണ്ടെന്നാണ് ഏകദേശ കണക്ക്. അച്ചടിക്കും അപേക്ഷകന് അയച്ചുകൊടുക്കാനുള്ള തപാല്‍ ചെലവും കൂടി കൂട്ടിയാല്‍ ശരാശരി 80 രൂപയെങ്കിലും ഇതിന് ചെലവാകും. എന്നാല്‍ ഹാര്‍ഡ് കോപ്പി ഒഴിവാക്കി ഡിജിറ്റലിലേക്ക് മാറിയാല്‍ ഇതിന് ചെലവാകുന്ന ഭീമമായ തുക ലാഭിക്കാനാവും. ഇപ്പോള്‍ ലൈസന്‍സ് അച്ചടിക്കായി മോട്ടോര്‍ വാഹന വകുപ്പ് കരാര്‍ നല്‍കിയിരിക്കുന്ന കമ്പനിക്ക് കോടികളുടെ കുടിശികയുണ്ട്. ഇതോടെ ലൈസന്‍സുകളുടെ അച്ചടിയും വിതരണവും വൈകി. ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യപ്പെടുന്നവര്‍ക്ക് മാത്രം അച്ചടിച്ച് നല്‍കിയാല്‍ മതി. ഡ്രൈവിംഗ് പരീക്ഷ പാസാകുന്ന ദിവസം തന്നെ മൊബൈലില്‍ ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്യാനുമാകും.
Next Story
Videos