Begin typing your search above and press return to search.
സി.എ.ജി പറഞ്ഞിട്ടെന്ത്, 1,500 കോടി കൂടി കടമെടുക്കുകയാണ് നമ്മള്‍; ഏഴു വര്‍ഷം കൊണ്ട് തിരിച്ചടക്കേണ്ടത് 1.36 ലക്ഷം കോടി!
കടമെടുപ്പ് സംബന്ധിച്ച സി.എ.ജി മുന്നറിയിപ്പുകള്‍ക്കിടയില്‍ സംസ്ഥാന സര്‍ക്കാര്‍ 1,500 കോടി രൂപ കൂടി കടമെടുക്കുന്നു. ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ ചെലവുകള്‍ക്കായി റിസര്‍വ് ബാങ്കിന്റെ ഇ-കുബേര്‍ (E-Kuber) സംവിധാനം വഴിയാണ് നാളെ 1,500 കോടി രൂപ കടമെടുക്കുന്നത്. ഇതോടെ നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ഇതുവരെയുള്ള മൊത്തകടം 26,൯൯൮ കോടി രൂപയാകും. വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് കടമെടുക്കുന്നതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.
അവസാന മാസങ്ങളിലെ ചെലവുകളില്‍ ആശങ്ക
നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 37,512 കോടി രൂപ കടമെടുക്കാനാണ് സംസ്ഥാനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതില്‍ 21,253 രൂപ മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലും ബാക്കിയുള്ളത് അടുത്ത കലണ്ടര്‍ വര്‍ഷത്തിലെ ജനുവരി മുതല്‍ മാര്‍ച്ച് വരെയും എടുക്കാം. ഡിസംബര്‍ വരെ അനുവദിച്ച തുക സെപ്റ്റംബര്‍ രണ്ടിന് തന്നെ കേരളം എടുത്തുതീര്‍ത്തു. ഓണക്കാലത്തെ ചെലവുകള്‍ പ്രതിസന്ധിയിലാകുമെന്ന് കണ്ടതോടെ അര്‍ഹമായ വിഹിതത്തില്‍ നിന്നും കൂടുതല്‍ തുക കടമെടുക്കാന്‍ കേരളം അനുമതി തേടി. തുടര്‍ന്ന് കേന്ദ്രം അനുവദിച്ച 4,200 കോടി രൂപയും രണ്ട് ഘട്ടങ്ങളിലായി കേരളം എടുത്തു. ഇതോടെ ആകെ കടം 26,998 കോടി രൂപയായി വര്‍ധിച്ചു.
ബാക്കിയുള്ള അഞ്ച് മാസത്തേക്ക് ഇനി ശേഷിക്കുന്നത് 10,514 കോടി രൂപ മാത്രം. അതായത് ഒരു മാസത്തേക്ക് ശരാശരി ശേഷിക്കുന്നത് 2,102.8 കോടി രൂപ വീതം മാത്രമാണ്. അവസാന മാസങ്ങളില്‍ ചെലവ് വര്‍ധിക്കാന്‍ സാധ്യതയുള്ളതായി ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. ഒരു മാസം ശമ്പളം അടക്കമുള്ള ചെലവുകള്‍ക്കായി 3,000 കോടി രൂപ അധികമായി വേണമെന്നാണ് കണക്ക്. കടമെടുക്കാനുള്ള പരിധി കഴിയുന്നതോടെ അവസാന മാസങ്ങളിലെ ചെലവുകള്‍ക്ക് എന്തുചെയ്യുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്. കേരളത്തിന് കൂടുതല്‍ കടമെടുക്കാന്‍ അര്‍ഹതയുണ്ടെന്ന് കാട്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിക്കാനും സാധ്യതയുണ്ട്.
കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ നാളെയെടുക്കുന്നത് 25,050 കോടി
അതേസമയം, കേരളം അടക്കമുള്ള 10 സംസ്ഥാനങ്ങള്‍ നാളെ ഇ-കുബേര്‍ സംവിധാനം വഴി 25,050 കോടി രൂപ കടമെടുക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. 6,000 കോടി രൂപ കടമെടുക്കുന്ന തമിഴ്‌നാടാണ് പട്ടികയില്‍ മുന്നില്‍. രാജസ്ഥാന്‍ 5,000 കോടി രൂപയും കര്‍ണാടക 4,000 കോടി രൂപയും ആന്ധ്രാപ്രദേശ് 3,000 കോടി രൂപയും ബീഹാര്‍ 2,000 കോടി രൂപയും കടമെടുക്കുന്നുണ്ട്. ചത്തീസ്ഗഡ് 1,000 കോടി രൂപ, തെലങ്കാന 1,500 കോടി രൂപ, പഞ്ചാബ് 850 കോടി രൂപ, മണിപ്പൂര്‍ 200 കോടി രൂപ എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളുടെ കടമെടുപ്പ്.
കേരളം തിരിച്ചടയ്‌ക്കേണ്ടത് 2.52 ലക്ഷം കോടി
ചെലവു നടത്താന്‍ കടമെടുക്കുന്നത് ഭാവിയില്‍ സംസ്ഥാനത്തിന്റെ സുസ്ഥിരതയെ ബാധിക്കുമെന്ന സി.എ.ജി മുന്നറിയിപ്പുകള്‍ക്കിടെയാണ് കേരളത്തിന്റെ നീക്കം. കേരളത്തിന്റെ തിരിച്ചടയ്ക്കാന്‍ ബാക്കിയുള്ള പൊതുകടം 2.52 ലക്ഷം കോടി രൂപയാണെന്നാണ് സി.എ.ജി കണക്ക്. 2023ല്‍ സംസ്ഥാനം കടമെടുത്തതിന്റെ 97.88 ശതമാനവും മുമ്പെടുത്ത കടങ്ങള്‍ തിരിച്ചടയ്ക്കാനാണെന്നും സി.എ.ജി നിരീക്ഷിച്ചിരുന്നു. ആകെ കടത്തില്‍ 1.36 ലക്ഷം കോടി രൂപ അടുത്ത ഏഴുവര്‍ഷത്തിനുള്ളില്‍ തിരിച്ചടയ്‌ക്കേണ്ടതുമുണ്ട്. പെന്‍ഷന്‍ പോലുള്ള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അധിക വിഭവ സമാഹരണം നടത്തണമെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിരുന്നു.
Next Story
Videos