Begin typing your search above and press return to search.
വൈദ്യുതി നിരക്ക് വര്‍ധനയില്‍ പിടിമുറുക്കി കെ.എസ്.ഇ.ബി; പൊതുജനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ അറിയിക്കാം; അദാലത്തുകള്‍ ഇങ്ങനെ
കെ.എസ്.ഇ.ബി കനത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കെ.എസ്.ഇ.ബി ക്ക് ലഭിക്കുന്ന വൈദ്യുതി ലഭ്യത കുറഞ്ഞതിനെത്തുടർന്ന് കഴിഞ്ഞയാഴ്ച ഒന്നിലധികം ദിവസമാണ് പല സ്ഥലങ്ങളിലും ലോഡ്ഷെഡിങ് നടത്തിയത്. പീക്ക് സമയമായ വൈകിട്ട് 6 നും രാത്രി 11നും ഇടയില്‍ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വലിയ തോതില്‍ വർധിക്കുകയാണ്.
പ്രതിസന്ധിയുടെ കാരണം
ആഭ്യന്തര വൈദ്യുതി ഉല്‍പ്പാദനം സംസ്ഥാനത്തിന്റെ ആവശ്യത്തിന് തികയാത്ത സാഹചര്യത്തില്‍ മറ്റു സംസ്ഥാനങ്ങളിലെ വൈദ്യുതി നിലയങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങേണ്ട സാഹചര്യമാണ് ഉളളത്. അതേസമയം ഉത്തരേന്ത്യൻ നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞതാണ് കഴിഞ്ഞയാഴ്ചത്തെ പ്രതിസന്ധിക്ക് കാരണം.
കഴിഞ്ഞ സാമ്പത്തിക വർഷം 12,938 കോടി രൂപയാണ് കെ.എസ്.ഇ.ബി ക്ക് വൈദ്യുതി വാങ്ങാനായി വേണ്ടി വന്നത്. ഇക്കൊല്ലം 14,500 കോടി മുതല്‍ 15,000 കോടി വരെ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ഈ സാഹചര്യത്തിലാണ് നിരക്കു വര്‍ധന ആവശ്യമായി വരുന്നതെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കുന്നു.
അദാലത്തുകള്‍ നടക്കുന്ന സ്ഥലങ്ങള്‍
വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി കേരളാ സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന് അപേക്ഷ നല്‍കിയിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റഗുലേറ്ററി കമ്മീഷന്‍ അടുത്ത മാസം മുതല്‍ പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതാണ്. ഈ അവസരത്തില്‍ പൊതുജനങ്ങള്‍ക്ക് നിരക്കു വര്‍ധന സംബന്ധിച്ച അഭിപ്രായങ്ങള്‍ കമ്മീഷനെ അറിയിക്കാവുന്നതാണ്.
ആദ്യ പബ്ലിക് ഹിയറിങ് സെപ്റ്റംബര്‍ 3 ന് കോഴിക്കോട് നളന്ദ ടൂറിസ്റ്റ് ഹോമില്‍ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ സെപ്റ്റംബര്‍ 4 നും എറണാകുളം കോർപറേഷന്‍ ടൗണ്‍ ഹാളില്‍ സെപ്റ്റംബര്‍ 5 നും കമ്മീഷന്‍ വാദം കേള്‍ക്കല്‍ നടത്തുന്നതാണ്. സെപ്റ്റംബര്‍ 10 ന് തിരുവനന്തപുരം പ്രിയദര്‍ശിനി പ്ലാനിറ്റോറിയം കോണ്‍ഫറന്‍സ് ഹാളിലാണ് നാലാമത്തെയും അവസാനത്തെയും യോഗം നിശ്ചയിച്ചിരിക്കുന്നത്.
വേനല്‍ കാലത്ത് പ്രത്യേക നിരക്ക്
ഈ വര്‍ഷം മുതല്‍ 2026-27 വരെയുളള മൂന്നു വര്‍ഷ കാലയളവില്‍ അടിയന്തിരമായി നിരക്കു വര്‍ധന നടപ്പാക്കണമെന്നാണ് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിരിക്കുന്നത്. നവംബറോടെ പുതിയ നിരക്ക് നിലവില്‍ വരുമെന്നാണ് കരുതുന്നത്.
വേനല്‍ കാലത്ത് പ്രത്യേക നിരക്കും പീക് ടൈം സമയങ്ങളില്‍ പ്രത്യേക നിരക്കുമാണ് കെ.എസ്.ഇ.ബി ആവശ്യപ്പെടുന്നത്. എല്ലാ വര്‍ഷവും ജനുവരി മുതല്‍ മേയ് വരെയുളള കാലയളവില്‍ യൂണിറ്റിന് 10 പൈസ വേനല്‍ക്കാല നിരക്ക് ഈടാക്കാന്‍ അനുവദിക്കണം. ഈ വര്‍ഷം വൈദ്യുതി നിരക്കില്‍ യൂണിറ്റിന് 34 പൈസയും അടുത്ത കൊല്ലം 23 പൈസയും 2026-27 ല്‍ 5.9 പൈസയും കൂട്ടണമെന്നാണ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
മാസം 250 യൂണിറ്റിനു മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഉപയോക്താക്കളില്‍ നിന്ന് വൈകിട്ട് 6 മുതല്‍ രാത്രി 10 വരെ (പീക് സമയം) 5 ശതമാനം വര്‍ധന ഈടാക്കണമെന്നാണ് കെ.എസ്.ഇ.ബി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
Next Story
Videos