യൂസഫലിയുടെ ആവശ്യം അംഗീകരിച്ചു; ഇന്ത്യയിലെ ഏറ്റവും വലിയ മാൾ മോദിയുടെ നാട്ടിൽ

ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദിലെ ഏറ്റവും വിലയേറിയ ഭൂമി സ്വന്തമാക്കി ലുലുഗ്രൂപ്പ്. അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള എസ്.പി റിംഗ് റോഡിലെ ബാലാജി വില്ല ബംഗ്ലാവിനോട് ചേര്‍ന്ന സ്ഥലമാണ് എം.എ യൂസഫലിയുടെ ലുലുഗ്രൂപ്പ് 519 കോടി രൂപയ്ക്ക് വാങ്ങിയത്. സ്‌ക്വയര്‍ മീറ്ററിന് 78,500 രൂപയാണ് ലുലുഗ്രൂപ്പ് നല്‍കേണ്ടത്.
502 കോടി രൂപ അടിസ്ഥാന വിലയിട്ട സ്ഥലം സ്വന്തമാക്കാന്‍ മറ്റ് കമ്പനികളും രംഗത്തുണ്ടായിരുന്നു. വാശിയേറിയ ലേലത്തിനൊടുവിലാണ് ലുലു ഈ സ്ഥലം സ്വന്തമാക്കിയത്. ഇവിടെ ഇന്ത്യയിലെ ഏറ്റവും വലിയ മാള്‍ പണിയാനാണ് ലുലുഗ്രൂപ്പിന്റെ പദ്ധതി.
ലുലുവിന്റെ അഭ്യര്‍ത്ഥ സ്വീകരിച്ച് ഗുജറാത്ത്
ലുലുവിനെ ഗുജറാത്തിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിനും വലിയ താല്പര്യമുണ്ടായിരുന്നു. സാധാരണ ഗതിയില്‍ ബിസിനസ് ആവശ്യങ്ങള്‍ക്ക് 99 വര്‍ഷത്തേക്ക് പാട്ടത്തിന് കൊടുക്കുന്നതായിരുന്നു അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പതിവ്. എന്നാല്‍, എം.എ യൂസഫലിയുടെ അഭ്യര്‍ത്ഥന മാനിച്ച് സ്ഥലം വില്പന നടത്താന്‍ അധികൃതര്‍ തീരുമാനിക്കുകയായിരിന്നു.
പാട്ടത്തിന് എടുക്കേണ്ടി വന്നിരുന്നെങ്കില്‍ പാട്ടത്തുകയുടെ 18 ശതമാനം ജി.എസ്.ടിയായി നല്‍കേണ്ടി വന്നേനെ. വിലയ്ക്ക് വാങ്ങുന്നതോടെ ഈ തുക ലാഭിക്കാന്‍ ലുലുഗ്രൂപ്പിന് സാധിക്കും. പേപ്പര്‍ ജോലികള്‍ പൂര്‍ത്തിയാകുന്നതോടെ നിര്‍മാണം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് ലുലുഗ്രൂപ്പ്.
ഇന്ത്യയിലെ ഏറ്റവും വലിയ മാള്‍
20 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് അഹമ്മദാബാദ് മാള്‍ ഒരുങ്ങുക. ഇവിടെ രണ്ടുലക്ഷം ചതുരശ്ര അടിയില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുമുണ്ടാകും. ഗുജറാത്തിലെ മറ്റ് പ്രമുഖ കേന്ദ്രങ്ങളിലും ഷോപ്പിംഗ് മാളുകള്‍ സ്ഥാപിക്കാന്‍ ലുലുവിന് പദ്ധതിയുണ്ട്.
300ലധികം ദേശീയ, അന്തര്‍ദേശീയ ബ്രാന്‍ഡുകള്‍, ഒരേസമയം 2,500ലധികം പേര്‍ക്കിരിക്കാവുന്ന ഫുഡ്കോര്‍ട്ട്, 16 സ്‌ക്രീനുള്ള തിയേറ്ററുകള്‍, കുട്ടികള്‍ക്കുള്ള വിനോദകേന്ദ്രം, അതിവിശാലമായ മള്‍ട്ടി-ലെവല്‍ പാര്‍ക്കിംഗ് എന്നിവയോടെയാണ് അഹമ്മദാബാദ് ലുലു മാള്‍ സജ്ജമാവുക. നിര്‍മ്മാണം ഈ വര്‍ഷം തന്നെ തുടങ്ങിയേക്കും. നിലവില്‍ കേരളത്തിന് പുറമേ കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളില്‍ ലുലുവിന് ഷോപ്പിംഗ് മാളുകളുണ്ട്.

Related Articles

Next Story

Videos

Share it