Begin typing your search above and press return to search.
3.5 ലക്ഷം ചതുരശ്രയടി, അതിവിശാലമായ ഹൈപ്പര്‍മാര്‍ക്കറ്റ്, 400 സീറ്റ് ഫുഡ് കോര്‍ട്ടും; മലബാറിന്റെ ലുലുമാള്‍ വിസ്മയമാകും
എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലുഗ്രൂപ്പിന്റെ കോഴിക്കോട്ടെ പുതിയ മാള്‍ ഉദ്ഘാടനം ഉടനുണ്ടാകും. മാങ്കാവില്‍ 3.5 ലക്ഷം ചതുരശ്രയടിയിലാണ് മാള്‍ പൂര്‍ത്തിയാകുന്നത്. ഉദ്ഘാടനം അധികം വൈകാതെ നടക്കുമെന്ന് ലുലുമാള്‍ ഇന്ത്യ ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ വ്യക്തമാക്കി.
മൂന്നു നിലകളിലായി അണിഞ്ഞൊരുങ്ങുന്ന മാളില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന് മാത്രമായി 1.5 ലക്ഷം ചതുരശ്രയടിയാണ് മാറ്റിവച്ചിരിക്കുന്നത്. കുട്ടികള്‍ക്കായുള്ള വിനോദ ഏരിയയും 400 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന ഫുഡ് കോര്‍ട്ടും കോഴിക്കോട് മാളിന്റെ പ്രത്യേകതയാണ്. ലോകോത്തര ബ്രാന്‍ഡുകള്‍ കോഴിക്കോട് മാളില്‍ ഔട്ട്‌ലെറ്റ് തുറക്കുന്നുണ്ട്.
മിനി മാള്‍ സങ്കല്പം
കൊച്ചി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലാണ് നിലവില്‍ സംസ്ഥാനത്ത് ലുലുമാളുകളുള്ളത്. തൃശൂര്‍ തൃപ്രയാറില്‍ വൈ മാളും പ്രവര്‍ത്തിക്കുന്നു. മിനി ഷോപ്പിംഗ് മാള്‍ രീതിയിലാണ് കോഴിക്കോടുള്ള മാള്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്.
തിരൂര്‍, കോട്ടയം, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലും ലുലുവിന്റെ മിനി ഷോപ്പിംഗ് മാള്‍ ഉടന്‍ വരും. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു കണക്റ്റ്, ലുലു ഫാഷന്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യമുള്ളവയാണ് മിനി മാളുകള്‍. ചെറുകിട നഗരങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങി ചെല്ലാനും ലുലുവിന് പദ്ധതിയുണ്ട്.
ലക്‌നൗ, ഹൈദരാബാദ്, ബംഗളൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും ലുലുവിന് മാളുകളുണ്ട്. രാജ്യത്തെ ഏറ്റവും വലിയ മാള്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് ലുലുഗ്രൂപ്പ്.
മലബാറിന്റെ ടൂറിസത്തിന് കുതിപ്പാകും
ലുലുമാള്‍ തുറക്കുന്നതോടെ കോഴിക്കോടിന്റെ വാണിജ്യ രംഗത്തിന് കൂടുതല്‍ കരുത്തു പകരുമെന്നാണ് പ്രതീക്ഷ. കൊച്ചിയില്‍ ലുലുമാള്‍ വന്നശേഷം മറ്റ് ജില്ലകളില്‍ നിന്ന് നിരവധിയാളുകള്‍ ഇവിടേക്ക് എത്തിയിരുന്നു. മാള്‍ കാണുന്നതിനൊപ്പം മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലും സന്ദര്‍ശനം നടത്തിയായിരുന്നു ഇവര്‍ മടങ്ങിയിരുന്നത്. ഈ രീതിയില്‍ കോഴിക്കോടിനും ലുലുവിന്റെ വരവ് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
Next Story
Videos