ട്രയല്‍ റണ്ണിനെത്തിയത് ലോകത്തിലെ വമ്പന്‍ കപ്പലുകള്‍, തുറക്കുന്നത് കോടികളുടെ ബിസിനസ് അവസരം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ വാണിജ്യ ചരക്കുകപ്പല്‍ ഈ മാസം അവസാനത്തോടെ എത്താന്‍ സാധ്യത. ട്രയല്‍ റണ്ണിന്റെ ഭാഗമായി ലോകത്തിലെ വമ്പന്‍ ചരക്കുകപ്പലുകള്‍ അടക്കം വിജയകരമായി തീരമടുത്തതോടെയാണിത്. ഇന്ത്യന്‍ തീരത്തെത്തുന്ന ഏറ്റവും വലിയ ചരക്കുകപ്പലായ എം.എസ്.സി ക്ലോഡ് ഗിറാഡെറ്റും (MSC Claude Giradet) അടുത്ത ദിവസങ്ങളില്‍ വിഴിഞ്ഞത്തെത്തും. 24,116 ടി.ഇ.യു ശേഷിയുള്ള കപ്പലാണിത്. ദക്ഷിണേഷ്യന്‍ തീരത്തെത്തെത്തുന്ന ഏറ്റവും വലിയ കണ്ടെയ്‌നര്‍ ശേഷിയുള്ള കപ്പലെന്ന പദവിയും ക്ലോഡ് ഗിറാഡിന് സ്വന്തമാണ്.16.7 മീറ്റര്‍ ഡ്രാഫ്റ്റ് റേഞ്ചുള്ള കപ്പല്‍ അള്‍ട്രാ ലാര്‍ജ് കണ്ടെയ്‌നര്‍ വെസല്‍ ഗണത്തില്‍ പെടുന്നവയാണ്.

മറ്റൊരു വമ്പന്‍ വന്നു മടങ്ങി

കഴിഞ്ഞ ദിവസം 16.5 മീറ്റര്‍ ഡ്രാഫ്റ്റ് റേഞ്ചുള്ള എം.എസ്.സി കെയ്ലേ (MSC Kayley) വിഴിഞ്ഞത്തെത്തി മടങ്ങിയിരുന്നു. 16.5 മീറ്റര്‍ ഡ്രാഫ്റ്റ് റേഞ്ചുള്ള കപ്പലാണിത്. ജലോപരിതലത്തില്‍ നിന്നും കപ്പലിന്റെ അടിത്തട്ടിലേക്കുള്ള ദൂരമാണ് ഡ്രാഫ്റ്റ് റേഞ്ചായി പരിഗണിക്കുന്നത്. ഇന്ത്യയില്‍ ഇതുവരെ നങ്കൂരമിട്ടതില്‍ ഏറ്റവും വലിയ കപ്പലുകളിലൊന്നായിരുന്നു ഇത്. 13,998 ടി.ഇ.യു ശേഷിയുള്ള കപ്പലാണിത്. ആഗോള ഷിപ്പിംഗ് കമ്പനിയായ എം.എസ്.സിയുടെ എം.എസ്.സി സുവാപെ 7, എം.എസ്.സി അഡു 5 എന്നീ കപ്പലുകളും വിഴിഞ്ഞത്തെത്തിയിട്ടുണ്ട്. ട്രയല്‍ റണ്ണിന്റെ ഭാഗമായി കൂടുതല്‍ കപ്പലുകള്‍ വിഴിഞ്ഞത്തെത്തുമെന്നാണ് വിവരം.

പണി കിട്ടിയത് കൊളംബോയ്ക്ക്

അതേസമയം, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ട്രയല്‍ റണ്‍ ആരംഭിക്കുകയും ചരക്കിറക്കാനും കപ്പല്‍ അടുപ്പിക്കാനുമുള്ള നിരക്ക് നിശ്ചയിക്കുകയും ചെയ്തതോടെ പണി കിട്ടിയത് കൊളംബോ തുറമുഖത്തിനാണ്. ചെങ്കടലിലെ പ്രതിസന്ധി മൂലം നേട്ടത്തിലായെങ്കിലും കഴിഞ്ഞ മാസങ്ങളില്‍ കൊളംബോ തുറമുഖത്തിലേക്കുള്ള കപ്പലുകളുടെ വരവ് കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം മേയ് മുതലാണ് കൊളംബോ തുറമുഖം വഴിയുള്ള ചരക്കുനീക്കത്തിന് കാര്യമായ കുറവുണ്ടായത്. ചെങ്കടലിലെ പ്രതിസന്ധി മൂലം കൂടുതല്‍ കപ്പലുകളെത്തിയതോടെ കൊളംബോ തുറമുഖത്തിലെ തിരക്ക് വര്‍ധിച്ചു. ഇതോടെ കൊച്ചി അടക്കമുള്ള ഇന്ത്യയിലെ തുറമുഖങ്ങളിലേക്ക് കപ്പലുകള്‍ തിരിച്ചുവിടുകയായിരുന്നു. എന്നാല്‍ കപ്പലുകളുടെ വരവ് കുറഞ്ഞുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ശ്രീലങ്ക പോര്‍ട്‌സ് അതോറിറ്റി തള്ളിക്കളഞ്ഞു.

വിഴിഞ്ഞം അവസരങ്ങളുടെ തീരമാകും

ഇന്ത്യയുടെ തെക്കേയറ്റത്തുള്ള വിഴിഞ്ഞം തുറമുഖം അന്താരാഷ്ട്ര കപ്പല്‍ച്ചാലില്‍ നിന്നും കിലോമീറ്ററുകള്‍ മാത്രം അകലെയാണ് സ്ഥിതി ചെയ്യുന്നത്. നിലവില്‍ ഇന്ത്യയിലേക്കുള്ള ട്രാന്‍സ്ഷിപ്പ്മെന്റിന്റെ ഭൂരിഭാഗവും നടക്കുന്നത് കൊളംബോ തുറമുഖം വഴിയാണ്. മദര്‍ഷിപ്പുകള്‍ക്ക് അടുക്കാന്‍ കഴിയുന്ന തുറമുഖങ്ങള്‍ ഇന്ത്യയില്‍ ഇല്ലാത്തതിനാലാണ് ചരക്കുനീക്കം കൊളംബോ വഴിയായത്. പ്രവര്‍ത്തന സജ്ജമാകുന്നതോടെ മദര്‍ഷിപ്പ് ഹബ്ബെന്ന നിലയിലേക്ക് വിഴിഞ്ഞം വളരും. അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ നിന്നും 10 നോട്ടിക്കല്‍ മൈല്‍ (ഏകദേശം 19 കിലോമീറ്റര്‍) അടുത്ത് സ്ഥിതി ചെയ്യുന്നതിന്റെ ഭൂമി ശാസ്ത്രപരമായ നേട്ടവും വിഴിഞ്ഞത്തിനുണ്ട്. കപ്പല്‍ചാലില്‍ നിന്നും ഒരു മണിക്കൂര്‍ കൊണ്ട് വിഴിഞ്ഞത്തെത്താന്‍ കഴിയുന്ന കപ്പലുകള്‍ക്ക് 10 മണിക്കൂര്‍ കൊണ്ട് ചരക്കിറക്കി തിരികെ മടങ്ങാന്‍ കഴിയും. എന്നാല്‍ ഇന്ത്യന്‍ മാരിടൈം ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച് അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ നിന്നും കൊളംബോ തീരത്തേക്കുള്ള ദൂരം 79 നോട്ടിക്കല്‍ മൈലാണ് (ഏകദേശം 146.30 കിലോമീറ്റര്‍). വിഴിഞ്ഞത്തുള്ള ആധുനിക കയറ്റിറക്ക് ഉപകരണങ്ങളുടെ കുറവും കൊളംബോയ്ക്ക് തിരിച്ചടിയാകും.

കോടികളുടെ ബിസിനസ് അവസരം

പൂര്‍ണ തോതില്‍ വാണിജ്യ പ്രവര്‍ത്തനം തുടങ്ങുന്നതോടെ വിഴിഞ്ഞം കേന്ദ്രീകരിച്ച് കോടികളുടെ ബിസിനസ് അവസരമാണ് തുറക്കുന്നത്. കേരളത്തെ ഗ്ലോബല്‍ മാരിടൈം, ലോജിസ്റ്റിക്‌സ് ഹബ്ബാക്കാനുള്ള ശേഷി തുറമുഖത്തിനുണ്ടെന്നാണ് പ്രതീക്ഷ. കൂടുതല്‍ മദര്‍ഷിപ്പുകളെത്തുകയും വ്യവസായിക നിക്ഷേപങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്നത് കയറ്റുമതി രംഗത്തും വലിയ മാറ്റങ്ങളുണ്ടാക്കും. കേരളത്തിലെ കയര്‍, മത്സ്യവിഭവങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയ്ക്ക് പുതിയ വിപണികള്‍ കണ്ടെത്താന്‍ സാധിക്കും. കൂടാതെ വെയര്‍ഹൗസ്, ലോജിസ്റ്റിക്‌സ്, കോള്‍ഡ് സ്‌റ്റോറേജ് പോലുള്ള സംവിധാനങ്ങളും കൂടുതലായി പ്രദേശത്ത് വരും. തുറമുഖത്തിന് അനുബന്ധമായി റോഡ്, റെയില്‍ ഗതാഗത മാര്‍ഗങ്ങള്‍ വികസിക്കുന്നത് പ്രാദേശിക വികസനത്തിനും ഗുണകരമാണ്. 10,000 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന വിഴിഞ്ഞത്ത് നിരവധി പേര്‍ക്ക് തൊഴിലവസരങ്ങളുമുണ്ടാകും.
Related Articles
Next Story
Videos
Share it