വൈദ്യുതി നിരക്ക് ഉയര്‍ത്തും, സൂചനകളുമായി കെ.എസ്.ഇ.ബി, ഉല്‍പ്പാദനം കൂട്ടാന്‍ വേണ്ടത് വലിയ ചെലവ്

വലിയ വൈദ്യുതി പ്രതിസന്ധിയാണ് കേരളം നേരിടുന്നത്. സംസ്ഥാനത്ത് ഉപഭോഗത്തിന് ആവശ്യമായ വൈദ്യുതിയുടെ ഭൂരിഭാഗവും ലഭിക്കുന്നതിന് പുറം സംസ്ഥാനങ്ങളെയാണ് കേരളം ആശ്രയിക്കുന്നത്. ഊര്‍ജ സ്വയം പര്യാപ്തത എന്ന ലക്ഷ്യം കൈവരിക്കാന്‍ കേരളത്തിന് മുന്നിലുളളത് ബൃഹത്തായ ദൂരമാണ്.

10,000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദനം ലക്ഷ്യം

നവ ഊര്‍ജ ഉല്‍പ്പാദന മാര്‍ഗങ്ങളും പുനരോപയോഗ ഊര്‍ജ ഉല്‍പ്പാദന മാര്‍ഗങ്ങളും കേരളം ആവേശത്തോടെ നടപ്പാക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. കേരളത്തിലെ പരമ്പരാഗത ഊര്‍ജ ഉല്‍പ്പാദന മാര്‍ഗമായ ജല വൈദ്യുത പദ്ധതികളെ മാത്രം ആശ്രയിച്ച് നമ്മുടെ വലിയ ഊര്‍ജ ഉപഭോഗത്തിന്റെ പരിമിതി മറി കടക്കുക അസാധ്യമാണ്.
കനത്ത ജന സാന്ദ്രതയുളള കേരളത്തില്‍ മിക്കയിടങ്ങളിലും വീടുകള്‍ അടുത്തടുത്തുളളത് സോളാര്‍ പോലുളള പുനരോപയോഗ ഊര്‍ജ ഉല്‍പ്പാദനത്തിന്റെ സാധ്യതകളാണ് നമ്മുടെ മുന്നില്‍ തുറന്നിടുന്നത്. ഇത്തരത്തിലുളള ഊര്‍ജ ഉല്‍പ്പാദന മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കേന്ദ്ര ഊര്‍ജ മന്ത്രാലയവും കെ.എസ്.ഇ.ബിയും വലിയ പ്രോത്സാഹനങ്ങളാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്.
അതേസമയം, കേരളത്തിന്റെ വൈദ്യുത ആവശ്യകതയെക്കുറിച്ചുളള വ്യക്തമായ കണക്കുകളുമായി എത്തിയിരിക്കുകയാണ് കെ.എസ്.ഇ.ബി. നിലവിലെ സംസ്ഥാനത്തിന്റെ ഊര്‍ജ ഉപഭോഗത്തിന്റെ അടിസ്ഥാനത്തില്‍ 2030 ഓടെ കേരളത്തിന് 10,000 മെഗാവാട്ട് വൈദ്യുതി ആവശ്യമായി വരും എന്നാണ് കണക്കാക്കുന്നത്.

ഡിമാൻഡ്-സപ്ലൈ വിടവില്‍ ഗണ്യമായ വര്‍ധന

7,750 മെഗാവാട്ട് (MW) വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് ഏകദേശം 42,800 കോടി രൂപയുടെ നിക്ഷേപമാണ് വേണ്ടിവരിക. വൈദ്യുതി നിരക്ക് കൂട്ടാനുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ നടത്തിയ പൊതു ഹിയറിംഗിലാണ് കെ.എസ്.ഇ.ബി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകർ ഇക്കാര്യം അറിയിച്ചത്.
ജലവൈദ്യുത പദ്ധതികള്‍, ​​കാറ്റ്, സോളാർ, പമ്പ്ഡ് സ്റ്റോറേജ് പ്രോജക്ടുകൾ (പി.എസ്.പി), ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബി.ഇ.എസ്.എസ്) തുടങ്ങിയ മാര്‍ഗങ്ങളിലൂടെ സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാണ് കെ.എസ്.ഇ.ബി പദ്ധതിയുളളത്.
2023-24 ൽ കെ.എസ്.ഇ.ബിക്ക് എല്ലാ ഊര്‍ജ സ്രോതസുകളില്‍ നിന്നുമായി 3,419 മെഗാവാട്ട് വൈദ്യുതിയാണ് ലഭിച്ചത്. കേരളത്തിന് ആവശ്യമായ വൈദ്യുതിയുടെ 30 ശതമാനം മാത്രമാണ് നിലവില്‍ ഇവിടെ നിന്ന് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്.
ഡിമാൻഡ്-സപ്ലൈ വിടവ് നികത്താനായി കേരളം വന്‍ തോതിലാണ് വൈദ്യുതി വാങ്ങിക്കൊണ്ടിരിക്കുന്നത്. വൈദ്യുതി വാങ്ങുന്നതിനുള്ള ചെലവ് 2016-17 ലെ 7,393 കോടി രൂപയില്‍ നിന്ന് 2022-23 ൽ 11,241 കോടിയായും 2023-24 ൽ 12,983 കോടിയായും ഉയർന്നതായും കെ.എസ്.ഇ.ബി വ്യക്തമാക്കുന്നു.
Related Articles
Next Story
Videos
Share it